| Sunday, 21st July 2024, 5:49 pm

രാജ്യവ്യാപക പ്രക്ഷോഭത്തിനിടെ തൊഴില്‍ സംവരണം റദ്ദാക്കി ബംഗ്ലാദേശ് സുപ്രീം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ധാക്ക: രാജ്യവ്യാപകമായി തുടരുന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങള്‍ക്ക് പിന്നാലെ തൊഴില്‍ സംവരണം റദ്ദാക്കി ബംഗ്ലാദേശ് സുപ്രീം കോടതി. കീഴ്‌ക്കോടതി വിധി റദ്ദാക്കിക്കൊണ്ട് 93 ശതമാനം സര്‍ക്കാര്‍ ജോലികളും സംവരണമില്ലാതെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് വേണ്ടി തുറന്നുകൊടുക്കാന്‍ കോടതി ഉത്തരവിട്ടതായി അറ്റോര്‍ണി ജനറല്‍ എ.എം. അമിന്‍ ഉദ്ദീനെ ഉദ്ധരിച്ചുകൊണ്ട് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

2018ല്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ നേതൃത്വത്തിലുള്ള അവാമി ലീഗ് സര്‍ക്കാര്‍ ജോലികള്‍ക്കുള്ള സംവരണ സമ്പ്രദായം ഒഴിവാക്കിയിരുന്നു. എന്നാല്‍, ജൂണില്‍ കീഴ്‌ക്കോടതി ഇത് പുനഃസ്ഥാപിച്ചുകൊണ്ട് ഉത്തരവിറക്കി.

സംവരണത്തിലൂടെ സര്‍ക്കാര്‍ ജോലികള്‍ നല്‍കുന്നത് വര്‍ധിച്ചതോടെ ഇത് വലിയ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിലേക്ക് നയിക്കുകയായിരുന്നു. രാജ്യ തലസ്ഥാനത്ത് പ്രതിഷേധക്കാരും പൊലീസും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായി. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഏറ്റുമുട്ടലില്‍ 150 പേരെങ്കിലും കൊല്ലപ്പെട്ടതായി എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു. ആക്രമണം വലിയ തോതില്‍ വ്യാപിച്ചതോടെ രാജ്യത്ത് ഇന്റര്‍നെറ്റ് വിലക്കും ഏര്‍പ്പെടുത്തിയിരുന്നു.

അതിനിടെ, 1971ലെ ബംഗ്ലാദേശ് വിമോചന യുദ്ധത്തില്‍ നിന്നുള്ള ‘സ്വാതന്ത്ര്യ സമര സേനാനികളുടെ’ കുടുംബാംഗങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലികളില്‍ അഞ്ച് ശതമാനം സംവരണം സുപ്രീം കോടതി നിലനിര്‍ത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആദിവാസി സമൂഹങ്ങള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ഒരു ശതമാനം സംവരണം ലഭിക്കും.

വിദ്യാര്‍ത്ഥികള്‍ പ്രക്ഷോഭം അവസാനിപ്പിച്ച് പഠനത്തിലേക്ക് മടങ്ങണമെന്നും കോടതി പറഞ്ഞു.

ധാക്കയില്‍ സംവരണ വിരുദ്ധ പ്രതിഷേധം അക്രമാസക്തമായതിനെ തുടര്‍ന്ന് വെള്ളിയാഴ്ച ബംഗ്ലാദേശിൽ രാജ്യവ്യാപകമായി കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരുന്നു. ധാക്കയില്‍ ക്രമസമാധാനം പുനഃസ്ഥാപിക്കാന്‍ സൈന്യത്തെയും വിന്യസിച്ചിട്ടുണ്ട്. പൊലീസ് രാജ്യത്തുടനീളം ‘ഷൂട്ട്ഓണ്‍സൈറ്റ്’ ഉത്തരവും ഏര്‍പ്പെടുത്തിയതായി അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
നിലവില്‍ ധാക്കയില്‍ ഇന്റര്‍നെറ്റ് സേവനങ്ങളും മൊബൈല്‍ ഡാറ്റയും നിലച്ചിരിക്കുകയാണ്.

പ്രതിഷേധങ്ങള്‍ക്കിടെ സ്‌കൂളുകളും സര്‍വകലാശാലകളും അനിശ്ചിതകാലത്തേക്ക് അടച്ചിടാന്‍ സര്‍ക്കാര്‍ ബുധനാഴ്ച ഉത്തരവിട്ടിരുന്നു. കൊലപാതകങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ കമ്മിറ്റി രൂപീകരിക്കുമെന്നും ഷെയ്ഖ് ഹസീന പറഞ്ഞു.

Content Highlight: Bangladesh’s Supreme Court scales back job quotas that sparked deadly stir

We use cookies to give you the best possible experience. Learn more