| Monday, 27th March 2023, 5:01 pm

അടിയോടടി, ഇത്തവണ അടി കടുവകള്‍ വക; ഇപ്പോള്‍ ഇതിന്റെ സീസണാണോ എന്തോ!

സ്പോര്‍ട്സ് ഡെസ്‌ക്

കഴിഞ്ഞ ദിവസം ടി-20 ഫോര്‍മാറ്റില്‍ പല റെക്കോഡുകളും പിറന്നിരുന്നു. ടി-20യിലെ ഏറ്റവും വലിയ ടീം സ്‌കോറും, ഏറ്റവും മികച്ച റണ്‍ ചെയ്‌സും അടക്കം നിരവധി റെക്കോഡുകളാണ് വെസ്റ്റ് ഇന്‍ഡീസ് – സൗത്ത് ആഫ്രിക്ക മത്സരത്തില്‍ പിറന്നത്.

പവര്‍ പ്ലേയില്‍ ടോട്ടല്‍ സ്‌കോര്‍ നൂറ് കടത്തിയ ആദ്യ ടീം എന്ന റെക്കോഡും കഴിഞ്ഞ ദിവസം പ്രോട്ടീസിനെ തേടിയെത്തിയിരുന്നു. ഓപ്പണര്‍മാരായ ക്വിന്റണ്‍ ഡി കോക്കിന്റെയും റീസ ഹെന്‍ഡ്രിക്‌സിന്റെയും തകര്‍പ്പന്‍ ബാറ്റിങ്ങില്‍ 5.4 ഓവറിലായിരുന്നു സൗത്ത് ആഫ്രിക്ക നൂറ് റണ്‍സ് നേടിയത്.

പ്രോട്ടീസിന്റെ ഈ ഇന്നിങ്‌സിന് സമാനമായ മറ്റൊരു ഇന്നിങ്‌സും പിറവിയെടുത്തിരിക്കുകയാണ്. പവര്‍ പ്ലേയില്‍ നൂറ് റണ്‍സെടുക്കാന്‍ സാധിച്ചില്ലെങ്കിലും വെടിക്കെട്ട് പ്രകടനം നടത്തി ബംഗ്ലാദേശാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്തിന്റെ കയ്യടികളേറ്റുവാങ്ങുന്നത്.

അയര്‍ലാന്‍ഡിന്റെ ബംഗ്ലാദേശ് പര്യടനത്തിലെ ടി-20 പരമ്പരയിലെ ആദ്യ മത്സരത്തിലാണ് ഷാകിബും കൂട്ടരും ഗ്രൗണ്ടില്‍ കവിത രചിക്കുന്നത്.

പവര്‍ പ്ലേയില്‍ 80 റണ്‍സാണ് ഓപ്പണര്‍മാരായ ലിട്ടണ്‍ ദാസും റോണി താലൂക്ദാറും ചേര്‍ന്ന് നേടിയത്. ലിട്ടണ്‍ ദാസ് 19 പന്തില്‍ നിന്നും 40 റണ്‍സ് നേടിയപ്പോള്‍ താലൂക്ദാര്‍ 17 പന്തില്‍ നിന്നും 38 റണ്‍സാണ് പവര്‍പ്ലേയില്‍ നേടിയത്.

എന്നാല്‍ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുര്‍ത്താന്‍ ഇരുവര്‍ക്കുമായില്ല. എട്ടാം ഓവറിലെ ആദ്യ പന്തില്‍ ടീം സ്‌കോര്‍ 91ല്‍ നില്‍ക്കവെ 23 പന്തില്‍ നിന്നും 47 റണ്‍സുമായി ദാസ് പുറത്തായി. പിന്നാലെയെത്തിയ നജ്മുല്‍ ഹൊസൈന്‍ ഷാന്റോയെ പെട്ടെന്ന് നഷ്ടമായെങ്കിലും താലൂക്ദാര്‍ അടി തുടര്‍ന്നു. ടീം സ്‌കോര്‍ 154ല്‍ നില്‍ക്കവെ 38 പന്തില്‍ നിന്നും 67 റണ്‍സ് നേടിയ താലൂക്ദാര്‍ ഹാരി ടെക്ടറിന് ക്യാച്ച് നല്‍കി മടങ്ങി.

പിന്നാലെയെത്തിയവരും തങ്ങളുടെ സംഭാവനകള്‍ നല്‍കിയതോടെ സ്‌കോര്‍ ഉയര്‍ന്നു. ഒടുവില്‍ 19.2 ഓവറില്‍ മഴയെത്തി മത്സരം തടസപ്പെടുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 207 റണ്‍സാണ് ബംഗ്ലാ കടുവകള്‍ സ്വന്തമാക്കിയത്.

അയര്‍ലന്‍ഡ് നിരയില്‍ പന്തെറിഞ്ഞ എല്ലാവരും മികച്ച രീതിയില്‍ അടി വാങ്ങിയിരുന്നു. മൂന്ന് ഓവറില്‍ 21 റണ്‍സ് വഴങ്ങിയ ഗാരത് ഡെലാനിയും രണ്ട് ഓവറില്‍ 16 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തിയ ഹാരി ടെക്ടറും മാത്രമാണ് ഇതിനൊരു അപവാദം.

നാല് ഓവറില്‍ 45 റണ്‍സ് വഴങ്ങിയ ക്രെയ്ഗ് യങ്ങിനെയും മൂന്ന് ഓവറില്‍ 37 റണ്‍സ് വഴങ്ങിയ ബെഞ്ചമിന്‍ വൈറ്റിനെയും 3.2 ഓവറില്‍ 48 റണ്‍സ് വഴങ്ങിയ മാര്‍ക് അഡയറിനെയുമാണ് ബംഗ്ലാ കടുവകള്‍ ഒരു ദാക്ഷിണ്യവുമില്ലാതെ പെരുമാറി വിട്ടത്.

മൂന്ന് ടി-20യും അത്ര തന്നെ ഏകദിനവും ഒരു ടെസ്റ്റുമാണ് അയര്‍ലാന്‍ഡിന്റെ ബംഗ്ലാദേശ് പര്യടനത്തിലുള്ളത്.

Content Highlight: Bangladesh’s performance against Ireland

We use cookies to give you the best possible experience. Learn more