ധാക്ക: രാജ്യത്തെ പ്രധാന ഇസ്‌ലാമിക പാർട്ടിയായ ബംഗ്ലാദേശ് ജമാഅത്തെ ഇസ്‌ലാമിയുടെയും വിദ്യാർത്ഥി സംഘടനയായ ഇസ്‌ലാമി ഛത്ര ഷിബിറിൻ്റെയും നിരോധനം നീക്കി ബംഗ്ലാദേശ് ഇടക്കാല സർക്കാർ. മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ അവാമി ലീഗ് സർക്കാർ ഓഗസ്റ്റ് ഒന്നിന് രാജ്യത്തെ തീവ്രവാദ വിരുദ്ധ നിയമപ്രകാരം ബംഗ്ലാദേശ് ജമാഅത്തെ ഇസ്‌ലാമിക്കും ഇസ്‌ലാമി ഛത്ര ഷിബിറിനും നിരോധനം ഏർപ്പെടുത്തിയിരുന്നു.
ബംഗ്ലാദേശ് ആഭ്യന്തര മന്ത്രാലയത്തിന്റെ ഗസറ്റ് വിജ്ഞാപനം പ്രകാരം ബംഗ്ലാദേശ് ജമാഅത്തെ ഇസ്‌ലാമിയും ഇസ്‌ലാമി ഛത്ര ഷിബിറിയും തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടില്ല എന്ന് വ്യക്തമാക്കി. തുടർന്ന് ഇരു പാർട്ടിക്കും ഏർപ്പെടുത്തിയ നിരോധനം എടുത്ത് കളയുകയായിരുന്നു.
‘ജമാഅത്തെ, ഷിബിർ, അതിൻ്റെ മുന്നണി സംഘടനകൾ എന്നിവ തീവ്രവാദ പ്രവർത്തനങ്ങളിൽ പങ്കാളിയായതിന് വ്യക്തമായ തെളിവുകളൊന്നുമില്ല, ആയതിനാൽ ഈ സംഘടനകൾക്ക് ഏർപ്പെടുത്തിയ വിലക്ക് നീക്കം ചെയ്യുകയാണ്,’ ഗസറ്റ് വിജ്ഞാപനത്തിൽ പറയുന്നു.
2009ലെ തീവ്രവാദ വിരുദ്ധ നിയമത്തിലെ സെക്ഷൻ 18 പ്രകാരമാണ് മുഹമ്മദ് യൂനസിൻ്റെ നേതൃത്വത്തിലുള്ള സർക്കാർ ജമാഅത്തിനെയും ഷിബിറിനെയും അതിൻ്റെ മുന്നണി സംഘടനകളെയും നിരോധിച്ച മുൻ സർക്കുലർ റദ്ദാക്കിയത്.
നിരോധനം നീക്കിയതോടെ, ബംഗ്ലാദേശിലെ രാഷ്ട്രീയ പ്രക്രിയയിലും രാജ്യത്ത് അടുത്ത പൊതുതെരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള രാഷ്ട്രീയ ചർച്ചയിലും പങ്കെടുക്കാൻ ജമാഅത്തിനെ അനുവദിക്കും.
1941 ഓഗസ്റ്റ് 26 ന് പാകിസ്ഥാനിലെ ലാഹോറിൽ സ്ഥാപിതമായ ജമാഅത്തെ ഇസ്‌ലാമി ബംഗ്ലാദേശ് എന്ന മറ്റൊരു സംഘടനയുടെ ഒരു ശാഖയാണ് ബംഗ്ലാദേശ് ജമാഅത്തെ ഇസ്‌ലാമി.
സര്‍ക്കാര്‍ ജോലികള്‍ക്കുള്ള ക്വാട്ട സമ്പ്രദായം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രക്ഷോഭമാണ് ആഭ്യന്തര കലാപത്തിലേക്ക് വഴിമാറിയത്. ഇതിന് പിന്നാലെ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെക്കുകയും ചെയ്തിരുന്നു.
തുടർന്ന് പ്രധാനമന്ത്രി പദം രാജിവെച്ച് ഇന്ത്യയിലെത്തിയ ഷെയ്ഖ് ഹസീനക്ക് രാഷ്ട്രീയ അഭയം നൽകില്ലെന്ന് ബ്രിട്ടൻ പറഞ്ഞിരുന്നു. ബംഗ്ലാദേശിൽ സര്‍ക്കാര്‍ ജോലികള്‍ക്കുള്ള ക്വാട്ട സമ്പ്രദായം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രക്ഷോഭം അടിച്ചമർത്തുകയും അതിൽ നിരവധി പേർക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്‌ത സംഭവവികാസങ്ങളിൽ ബ്രിട്ടൻ ഹസീനക്കെതിരെ നിലപാടെടുക്കുകയായിരുന്നു.
Content Highlight: Bangladesh’s interim government led by Yunus lifts ban on the Islamist Jamaat-e-Islami party