ഒരു ലോകകപ്പിനെ ആവേശഭരിതമാക്കുന്നത് തുല്യ ശക്തികള്‍ തമ്മിലുള്ള പോരാട്ടങ്ങള്‍ മാത്രമല്ല, മറിച്ചു കുഞ്ഞന്‍ മീനുകളോട് വമ്പന്‍ സ്രാവുകള്‍ അടിയറവ് പറയുന്ന മത്സരങ്ങള്‍ കൂടെയാണ്. ഒട്ടേറെ അട്ടിമറികള്‍ക്ക് സാക്ഷിയായ വേദിയാണ് ലോകകപ്പ്.
2011 ലോകകപ്പിലെ കെവിന്‍ ഒബ്രെയ്‌നിന്റെ അമാനുഷിക പ്രകടനത്തില്‍ അയര്‍ലണ്ട് ഇംഗ്ലണ്ടിനെ മുട്ടുകുത്തിച്ചത് കേവലം ഒറ്റപ്പെട്ട സംഭവമാണെങ്കില്‍ ബംഗ്ലാദേശിന്റെ വിജയങ്ങള്‍ ഒറ്റപ്പെട്ടതാണെന്നു നമുക്ക് പറയാന്‍ സാധിക്കില്ല.
2007 ലെ ലോകകപ്പില്‍ നിന്നു ഇന്ത്യക്ക് മടക്ക ടിക്കറ്റ് നല്‍കിയപ്പോഴാണ് ബംഗ്ലാ അട്ടിമറികള്‍ക്ക് പുതിയ മാനങ്ങള്‍ കൈ വന്നത്. പിന്നീട് ആ രാജ്യത്ത് ആഭ്യന്തര പ്രശ്‌നങ്ങള്‍ ഒരുപാട് നിലനിന്നിരുന്നിട്ടും ചോര്‍ന്നു പോകാത്ത അവരുടെ കളിയാവേശം കൊണ്ടായിരിക്കണം ഓരോ ദിവസവും അവര്‍ വളര്‍ന്നു കൊണ്ടിരുന്നു. പലരെയും തോല്‍പ്പിച്ചു, പലരോടും അവസാന നിമിഷം കീഴടങ്ങി.
2016 ലെ ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യക്കെതിരെ ജയിക്കാമായിരുന്ന കളി അമിതാവേശത്തില്‍ കൈ വിട്ടപ്പോള്‍ ഏഷ്യ കപ്പില്‍ പാക്കിസ്ഥാനെയും ശ്രീലങ്കയെയും തുരത്തി ഫൈനലില്‍ ഇന്ത്യയെ വിറപ്പിച്ചു അവസാന ഓവറുകളിലെ ദിനേശ് കാര്‍ത്തിക്കിന്റെ മികവിനു മുന്നില്‍ വീണു പോയ കടുവകള്‍ കാലം ചെല്ലും തോറും ശക്തരായി വരുന്നു. അതിന്റെ അവസാനത്തെ ഉദാഹരണമാണ് ഇന്നലെ വിന്‍ഡീസിനെതിരെ ടോണ്ടനില്‍ കണ്ടത്.
ഒരേ പോയിന്റ് നിലയുമായി പോയിന്റ് പട്ടികയെ അടിസ്ഥാനപ്പെടുത്തി പറഞ്ഞാല്‍ തുല്യശക്തികളുടെ പോരാട്ടമെന്നു വിശേഷിപ്പിക്കാവുന്ന, എന്നാല്‍ മുന്‍കാല ചരിത്രം എടുത്തു നോക്കിയാല്‍ വെസ്റ്റ് ഇന്‍ഡീസിന്റെ അടുത്തെങ്ങും എത്താന്‍ യോഗ്യത ഇല്ലാത്ത ബംഗ്ലാദേശുമായുള്ള കരീബിയന്‍ ദ്വീപുകാരുടെ പോരാട്ടം.
ടോസ് ജയിച്ച് വിന്‍ഡീസിനെ ബാറ്റിങ്ങിന് വിട്ട ബംഗ്ലാദേശ് അവരെ പരമാവധി ചെറിയ സ്‌കോറില്‍ ഒതുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇറങ്ങിയത്. വിന്‍ഡീസിന്റെ വന്മരമായ ഗെയ്ല്‍ റണ്‍ ഒന്നുമെടുക്കാതെ നിലം പൊത്തിയെങ്കിലും ലൂയിസും അവരുടെ ബാറ്റിംഗ് നിരയിലെ ക്ലാസ്സിക് ശൈലിയില്‍ കളിക്കുന്ന ചുരുക്കം ചിലരില്‍ ഒരാളായ ഷായി ഹോപ്പും ചേര്‍ന്ന് അവരെ മുന്നോട്ട് നയിച്ചു. രണ്ടു പേരും ശതകത്തിനരികെ വീണു പോയെങ്കിലും അവസാന ഓവറുകളില്‍ ഹെട്മായറും നായകന്‍ ഹോള്‍ഡറും നടത്തിയ വെടിക്കെട്ടില്‍ വിന്‍ഡീസ് 321 എന്ന മികച്ച സ്‌കോറില്‍ എത്തി. ബംഗ്ലാദേശിനായി മുസ്തഫിസൂറും സൈഫുദീനും മൂന്നു വിക്കറ്റ് വീതം നേടിയെങ്കിലും അവര്‍ക്കൊന്നും റണ്‍ ഒഴുക്കിനെ തടയാനായില്ല.
മറുപടി ബാറ്റിങ്ങിറങ്ങിയ ബംഗ്ലാദേശിന് തമീമിലൂടെയും സൗമ്യ സര്‍ക്കാരിലൂടെയും മികച്ച തുടക്കം ലഭിച്ചപ്പോള്‍ അവരുടെ പ്രതീക്ഷകള്‍ക്ക് പുതു ജീവന്‍ കൈ വന്നു. റസ്സലിനു വിക്കറ്റ് നല്‍കി സൗമ്യ സര്‍ക്കാരും നിര്‍ഭാഗ്യകരമായ റണ്‍ ഔട്ടിന്റെ രൂപത്തില്‍ അര്‍ദ്ധ ശതകത്തിനരികില്‍ വച്ചു തമീമും വീണെങ്കിലും മൂന്നാമനായി ക്രീസിലെത്തിയ ഷാക്കിബ് തന്റെ മിന്നും ഫോം തുടരാനുള്ള ഭാവമായിരുന്നു. സ്‌കോര്‍ബോര്‍ഡില്‍ ചലനമുണ്ടാക്കാതെ റഹിം മടങ്ങിയപ്പോള്‍ പകരമെത്തിയ ലിറ്റന്‍ ദാസിനെ കൂട്ടു പിടിച്ചു ഷാക്കിബ് കടുവകളെ മുന്നോട്ട് നയിച്ചു.
അനാവശ്യമായി ഉയര്‍ത്തി അടിച്ചു വിക്കറ്റ് കളയാതെ ഷാക്കിബ് ഫോറുകള്‍ യഥേഷ്ടം അടിച്ചു കൂട്ടി റണ്‍ നിരക്ക് ഉയര്‍ത്തിയപ്പോള്‍ വിന്‍ഡീസ് ബൗളര്‍മാര്‍ നിഷ്പ്രഭരായി. ബംഗ്ലാദേശ് ക്യാമ്പ് പ്രതീക്ഷിച്ച പോലെ തന്നെ ഷോര്‍ട്ട് പിച്ച് പന്തുകളെറിഞ്ഞു വിക്കറ്റ് എടുക്കുക എന്ന തന്ത്രം മാത്രമായിരുന്നു വെസ്റ്റ് ഇന്‍ഡീസിന്റെത്. അതിനെ ഇരുവരും സമര്‍ഥമായി നേരിട്ടതോടെ ബംഗ്ലാദേശിന് കാര്യങ്ങള്‍ എളുപ്പമായി. അവരെ പുറത്താക്കാന്‍ മറ്റൊരു രീതിയും അവലംബിക്കാന്‍ ശ്രമിക്കാതിരുന്ന വിന്‍ഡീസ് ബൗളര്‍മാര്‍ ഷാക്കിബിന്റെ ക്ലാസിനു മുന്നിലും ലിറ്റണിന്റെ വമ്പനടികള്‍ക്കും മുന്നില്‍ അസ്തപ്രജ്ഞരായി. ഒടുവില്‍ 51 പന്ത് ശേഷിക്കെ ജയിച്ചു കയറിയ ബംഗ്ലാ കടുവകള്‍ ഒരു പുതുചരിത്രം തന്നെ കുറിച്ചു.
പഴയ പ്രതാപമില്ലെങ്കിലും വ്യക്തിഗത മികവു കൊണ്ടു കളി മാറ്റി മറിക്കാന്‍ കഴിയുന്നവരുടെ ഒരു നീണ്ട നിര തന്നെ വിന്‍ഡീസിനുണ്ടെന്നിരിക്കെ അവരെ മറികടക്കുക എളുപ്പമല്ലായിരുന്നു ബംഗ്ലാദേശിന്. പാക്കിസ്ഥാനെ കീഴടക്കി, ഓസ്ട്രേലിയയെ വിറപ്പിച്ച വിന്‍ഡീസിനെ ഇത്ര അനായാസമായി കീഴടക്കിയതോടെ ബംഗ്ലാദേശ് തങ്ങള്‍ നിസാരക്കാരല്ല എന്ന ആഹ്വാനമാണ് ലോകത്തിനു മുന്നില്‍ വക്കുന്നത്.
മാധ്യമങ്ങള്‍ കൊടുക്കുന്ന ഹൈപ്പിനോട് നീതി പുലര്‍ത്താത്ത രീതിയില്‍ ഏകപക്ഷീയമായാണ് ഈ അടുത്ത് നടന്ന ഇന്ത്യ പാക്കിസ്ഥാന്‍ മത്സരങ്ങളെല്ലാം കടന്നു പോയത്. എന്നാല്‍ പ്രധാന ടൂര്‍ണമെന്റുകളില്‍ ഇന്ത്യയും ബംഗ്‌ളാദേശും മുഖാമുഖം വന്നപ്പോഴൊക്കെ തീ പാറിയിട്ടുമുണ്ട്.
പക്ഷേ ഈ ലോകകപ്പില്‍ അവര്‍ തമ്മിലെ പോരാട്ടം ആദ്യ റൗണ്ടിന്റെ അവസാന ഘട്ടത്തിലാണ്. അതു അപ്രധാന മത്സരമായി മാറിയില്ല എങ്കില്‍ ഇത്തവണയും മികച്ചൊരു മത്സരം തന്നെ കാണികള്‍ക്ക് പ്രതീക്ഷിക്കാം. യഥാര്‍ത്ഥ ഏഷ്യന്‍ യുദ്ധം ഇപ്പോള്‍ നടക്കുന്നത് ബംഗ്‌ളാദേശും ഇന്ത്യയും തമ്മിലാണ്.
ഈ വിജയത്തോടെ പോയിന്റ് പട്ടികയില്‍ മുന്നിലേക്ക് കയറിയ ബംഗ്ലാദേശ് മുന്‍നിരയിലെ ടീമുകള്‍ക്ക് കാര്യമായി തന്നെ വെല്ലുവിളിയുയര്‍ത്തുമ്പോള്‍ കറുത്ത കുതിരകളാകുമെന്ന് പ്രതീക്ഷിച്ച വിന്‍ഡീസിന്റെ പ്രതീക്ഷകള്‍ക്ക് ഇന്നലത്തെ തോല്‍വി മങ്ങലേല്‍പ്പിച്ചു.