ബംഗ്ലാദേശിലെ കാളിദേവിക്ക് മോദി സമ്മാനിച്ച കിരീടം മോഷണം പോയി; ആശങ്കയറിയിച്ച് ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍
World News
ബംഗ്ലാദേശിലെ കാളിദേവിക്ക് മോദി സമ്മാനിച്ച കിരീടം മോഷണം പോയി; ആശങ്കയറിയിച്ച് ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 11th October 2024, 1:06 pm

ധാക്ക: 2021ലെ ബംഗ്ലാദേശ് സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മാനിച്ച കാളീദേവിയുടെ കിരീടം മോഷണം പോയി. പ്രസിദ്ധമായ ജശോരേശ്വരി ക്ഷേത്രത്തില്‍ നിന്നാണ് കിരീടം മോഷണം പോയത്. ബംഗ്ലാദേശിലെ സത്ഖിരയിലെ ശ്യാംനഗറിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

രണ്ട് ദിവസം മുമ്പാണ് മോഷണം നടന്നതെന്നാണ് റിപ്പോര്‍ട്ടുകളില്‍ സൂചിപ്പിക്കുന്നത്. ക്ഷേത്രത്തിലെ പൂജാരിയായ ദിലീപ് മുഖര്‍ജി അന്നേ ദിവസത്തെ പൂജയ്ക്ക് ശേഷം വീട്ടിലേക്ക് പോയിരുന്നു. തുടര്‍ന്ന് വന്ന ശുചീകരണത്തൊഴിലാളികളാണ് കിരീടം കാണാനില്ല എന്ന് ആദ്യം അറിയിക്കുന്നത്. കേസില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ക്ഷേത്രത്തിലെ സി.സി.ടി.വി പരിശോധിച്ച് വരികയാണ്. ശ്യാം നഗര്‍ പൊലീസിനാണ് അന്വേഷണച്ചുമതല.

സ്വര്‍ണം കൊണ്ടും വെള്ളികൊണ്ടും നിര്‍മിച്ച കിരീടം 2021 മാര്‍ച്ച് 27ലെ സന്ദര്‍ശനത്തിനിടയിലാണ് മോദി ക്ഷേത്രത്തിലേക്ക് സമ്മാനിച്ചത്.

ഹിന്ദു പുരാണമനുസരിച്ച്, ഇന്ത്യയിലും മറ്റ് അയല്‍രാജ്യങ്ങളിലുമായുള്ള 51 ശക്തിപീഠങ്ങളില്‍ ഒന്നാണ് ജശോരേശ്വരി ക്ഷേത്രം. ‘ജഷോറിന്റെ ദേവി’ എന്നാണ് പേരിന്റെ അര്‍ത്ഥം.

എന്നാല്‍ കിരീടം മോഷണം പോയതില്‍ ബംഗ്ലാദേശിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ആശങ്ക അറിയിച്ചിട്ടുണ്ട്. 2021ലെ ബംഗ്ലാദേശ് സന്ദര്‍ശന വേളയില്‍ പ്രധാനമന്ത്രി മോദി ജശോരേശ്വരി കാളി ക്ഷേത്രത്തിന് സമ്മാനിച്ച കിരീടം മോഷണം പോയതിന്റെ റിപ്പോര്‍ട്ടുകള്‍ അറിഞ്ഞെന്നും മോഷണത്തെക്കുറിച്ച് അന്വേഷിച്ച് കിരീടം വീണ്ടെടുക്കാനും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാനും ബംഗ്ലാദേശ് സര്‍ക്കാരോട് അഭ്യര്‍ത്ഥിച്ചതായും ഹൈക്കമ്മീഷന്‍ പ്രസ്താവനയില്‍ അറിയിച്ചു.

Content Highlight: Bangladesh’s Goddess Kali’s crown gifted by Modi has been stolen