ധാക്ക: ബംഗ്ലാദേശില്‍ സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസിനെ 11 വര്‍ഷം തടവുശിക്ഷയ്ക്ക് വിധിച്ചു. അഴിമതി നടത്തിയെന്ന കുറ്റത്തിനാണ് മുന്‍ ചീഫ് ജസ്റ്റിസ് സുരേന്ദ്ര കുമാര്‍ സിന്‍ഹയെ ധാക്ക കോടതി ശിക്ഷിച്ചത്.
മുസ്‌ലിം ഭൂരിപക്ഷ രാജ്യമായ ബംഗ്ലാദേശില്‍ ഹിന്ദു വിഭാഗത്തില്‍ നിന്നുള്ള ആദ്യത്തെ ചീഫ് ജസ്റ്റിസായിരുന്നു സിന്‍ഹ.
70കാരനായ സിന്‍ഹയുടെ അസാന്നിധ്യത്തിലായിരുന്നു കോടതി വിധി പറഞ്ഞത്. എന്നാല്‍ കേസ് രാഷ്ട്രീയ പ്രേരിതമാണെന്നാണ് രാജ്യത്തെ പ്രതിപക്ഷവും സിന്‍ഹയെ പിന്തുണയ്ക്കുന്നവരും പറയുന്നത്.
രാജ്യത്തെ ഒരു സ്വകാര്യ ബാങ്ക് ഉദ്യോഗസ്ഥരില്‍ നിന്നും സിന്‍ഹ 4,71,000 ഡോളര്‍ കൈപ്പറ്റി എന്നായിരുന്നു കേസ്. ജഡ്ജി ഷെയ്ഖ് നസ്മുല്‍ ആലം ആണ് വിധി പറഞ്ഞത്.
പണം കൈപ്പറ്റിയതിന് ഏഴ് വര്‍ഷവും വിശ്വാസ വഞ്ചനയ്ക്ക് നാല് വര്‍ഷം തടവുമാണ് ശിക്ഷ.
ജഡ്ജിമാരെ പിരിച്ചുവിടാന്‍ പാര്‍ലമെന്റിന് അധികാരമില്ല എന്ന 2017ലെ നിര്‍ണായക വിധി പുറപ്പെടുവിക്കുന്ന സമയത്ത് ചീഫ് ജസ്റ്റിസായിരുന്നു സുരേന്ദ്ര കുമാര്‍ സിന്‍ഹ. ജൂഡീഷ്യറിയുടെ സ്വതന്ത്ര നിലനില്‍പിന് ആവശ്യമാണ് വിധിയെന്നായിരുന്നു അന്ന് അഭിഭാഷകരൊക്കെ സിന്‍ഹയെ പിന്തുമച്ച് പറഞ്ഞത്.
ചീഫ് ജസ്റ്റിസ് പദവിയില്‍ നിന്ന് ഒഴിയാന്‍ തനിക്ക് മേല്‍ സമ്മര്‍ദ്ദമുണ്ടെന്ന് വിധിയ്ക്ക് പിന്നാലെ സിന്‍ഹ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ 2017ല്‍ തന്നെ അദ്ദേഹം ബംഗ്ലാദേശ് വിട്ടു. ഇപ്പോള്‍ നോര്‍ത്ത് അമേരിക്കയിലാണ് സിന്‍ഹ ഉള്ളത്.
സിന്‍ഹ രാജ്യം വിട്ടത് ജുഡീഷ്യറിയുടെ വിശ്വാസ്യതയാണ് ചോദ്യം ചെയ്യുന്നതെന്നും സര്‍ക്കാര്‍ സിന്‍ഹയെ വേട്ടയാടുകയാണ് എന്ന തരത്തിലുള്ള പ്രതികരണങ്ങളും പിന്നാലെ വന്നിരുന്നു.
2017ലെ വിധി കാരണം സര്‍ക്കാരിന് സിന്‍ഹയോട് പകയായിരുന്നെന്നും അദ്ദേഹത്തെ മാനം കെടുത്തുക എന്ന ഉദ്ദേശത്തോടെ മനപൂര്‍വം കെട്ടിച്ചമച്ചുണ്ടാക്കിയ കേസാണിതെന്നും ധാക്ക സര്‍വകലാശാലയിലെ നിയമവിഭാഗം പ്രൊഫസര്‍ ആസിഫ് നസ്‌റുല്‍ എ.എഫ്.പിയോട് പ്രതികരിച്ചു.