| Sunday, 13th October 2024, 8:53 am

ഓരോ പൗരൻ്റെയും അവകാശം ഉറപ്പാക്കുന്ന വിധത്തിൽ ബംഗ്ലാദേശിനെ കെട്ടിപ്പടുക്കാനാണ് സർക്കാർ ആഗ്രഹിക്കുന്നത്: യൂനുസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ധാക്ക: ദുർഗാപൂജ ആഘോഷത്തിന് നേരെ ആക്രമണം നടന്നുവെന്ന റിപ്പോർട്ടുകൾക്കിടയിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള ധകേശ്വരി ക്ഷേത്രം സന്ദർശിച്ച് ബംഗ്ലാദേശ് ഇടക്കാല സർക്കാരിൻ്റെ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസ്. ‘ഓരോ പൗരൻ്റെയും അവകാശം ഉറപ്പാക്കുന്ന വിധത്തിൽ ബംഗ്ലാദേശിനെ കെട്ടിപ്പടുക്കാനാണ് സർക്കാർ ആഗ്രഹിക്കുന്നത്,’ ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ യൂനുസ് പറഞ്ഞു.

ഓൾഡ് ധാക്കയിലെ തന്തി ബസാർ ഏരിയയിലെ ഒരു ദുർഗാ പൂജാ മണ്ഡപത്തിൽ കഴിഞ്ഞ ദിവസം ക്രൂഡ് ബോംബ് ആക്രമണം നടന്നിരുന്നു. ബോംബ് പൊട്ടിത്തെറിച്ചെങ്കിലും ആർക്കും പരിക്കില്ല. വെള്ളിയാഴ്ച രാത്രിയാണ് സംഭവം നടന്നതെന്ന് ബംഗ്ലാദേശ് ദിനപത്രം പ്രോതോം അലോ റിപ്പോർട്ട് ചെയ്തിരുന്നു.

ഒക്ടോബർ ഒന്ന് മുതൽ വെള്ളിയാഴ്ച വരെ, നടന്നുകൊണ്ടിരിക്കുന്ന ദുർഗാപൂജ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ബംഗ്ലാദേശ് 35 ഓളം അനിഷ്ട സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ചിരുന്നു. ഇതിന് പിന്നാലെ 17 പേരെ അറസ്റ്റ് ചെയ്യുകയും ഒരു ഡസനോളം കേസുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തതായി ഇൻസ്‌പെക്ടർ ജനറൽ ഓഫ് പൊലീസ് (ഐ.ജി.പി) എം.ഡി. മൊയ്‌നുൽ ഇസ്‌ലാം പറഞ്ഞു.

ദുർഗാ പൂജാ മണ്ഡപത്തിന് നേരെയുണ്ടായ ഏറ്റവും പുതിയ ആക്രമണത്തിന് പിന്നാലെ യൂനുസ് നഗരത്തിൻ്റെ പഴയ ഭാഗത്തുള്ള പ്രമുഖ ശക്തി പീഠങ്ങളിലൊന്നായ ധകേശ്വരി ദേശീയ ക്ഷേത്രം സന്ദർശിക്കുകയായിരുന്നു. തൻ്റെ സന്ദർശന വേളയിൽ, ബംഗ്ലാദേശിലെ ഏറ്റവും വലിയ ഹിന്ദു മത ഉത്സവമായ ദുർഗാപൂജയുടെ ശുഭമായ അവസരത്തിൽ യൂനുസ് ഹിന്ദു സമൂഹത്തിലെ അംഗങ്ങളുമായി ആശംസകൾ കൈമാറി.

തദ്ദേശസ്വയംഭരണ, ഗ്രാമവികസന, സഹകരണ, ഭൂ മന്ത്രാലയത്തിൻ്റെ ഉപദേഷ്ടാവ് എ.എഫ്. ഹസ്സൻ ആരിഫ്, തന്തി ബസാർ പൂജാ മണ്ഡപത്തിൽ ആക്രമണത്തിൽ പരിക്കേറ്റവരെ കാണാൻ പ്രാദേശിക ആശുപത്രി സന്ദർശിച്ചു. കൂടാതെ പരിപാടി സംഘടിപ്പിച്ച മണ്ഡപവും പരിശോധിക്കുകയും ചെയ്തു.

ഇടക്കാല ഗവൺമെൻ്റിൻ്റെ ആഭ്യന്തര ഉപദേഷ്ടാവ് ലെഫ്റ്റനൻ്റ് ജനറൽ ജഹാംഗീർ ആലം ചൗധരി ശ്രീനഗറിനും സിറാജ്ദിഖാനു കീഴിലുള്ള വിവിധ പൂജാ മണ്ഡപങ്ങൾ സന്ദർശിച്ചുവെന്നും ആഘോഷങ്ങൾക്കായി സർക്കാർ ഇതിനകം നാല് കോടി അനുവദിച്ചിട്ടുണ്ടെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Content Highlight: Bangladesh’s Chief Adviser Muhammad Yunus visits Dhakeshwari temple following vandalism during Durga Puja celebrations

Latest Stories

We use cookies to give you the best possible experience. Learn more