ബംഗ്ലാദേശിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ വന്‍ തീപിടുത്തം; പതിനായിരത്തിനടുത്ത് റോഹിങ്ക്യന്‍ മുസ്‌ലിങ്ങളുടെ വീടുകള്‍ കത്തി നശിച്ചു
World News
ബംഗ്ലാദേശിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ വന്‍ തീപിടുത്തം; പതിനായിരത്തിനടുത്ത് റോഹിങ്ക്യന്‍ മുസ്‌ലിങ്ങളുടെ വീടുകള്‍ കത്തി നശിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 6th March 2023, 1:15 pm

ധാക്ക: ബംഗ്ലാദേശിലെ റോഹിങ്ക്യന്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ വീണ്ടും തീപിടുത്തം. ആയിരക്കണക്കിന് വീടുകള്‍ പൂര്‍ണമായും കത്തി നശിച്ചെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. അപകടത്തില്‍ ആളപായം സംഭവിച്ചതായി ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ല.

ബംഗ്ലാദേശിന്റെ തെക്ക് പടിഞ്ഞാറ് ഭാഗത്ത് സ്ഥിതിചെയ്യുന്ന അഭയാര്‍ത്ഥി ക്യാമ്പിലാണ് തീപിടുത്തമുണ്ടായത്. ഇവിടെ ലക്ഷക്കണക്കിന് റോഹിങ്ക്യന്‍ മുസ്‌ലിങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്നുണ്ടെന്നാണ് ബംഗ്ലാദേശ് സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്.

തീ പടര്‍ന്നതെങ്ങനെയെന്ന് കണ്ടെത്താന്‍ ഇതുവരെ പൊലീസിന് സാധിച്ചിട്ടില്ല. മുളയും ടാര്‍പോളിന്‍ ഷീറ്റുമുപയോഗിച്ച് നിര്‍മിച്ച വീടുകളായത് കൊണ്ടാണ് അപകടത്തിന്റെ വ്യാപ്തി കൂടാന്‍ കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

‘അപകടത്തിന്റെ മുഴുവന്‍ റിപ്പോര്‍ട്ടുകളും ഇപ്പോള്‍ ലഭ്യമല്ല. അന്വേഷണം പുരോഗമിക്കുകയാണ്. ഇതുവരെ ആര്‍ക്കും തന്നെ ആളപായമുണ്ടായതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പൊലീസും ഫയര്‍ ഫോഴ്‌സും സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്,’ പൊലീസ് കമ്മീഷണര്‍ മിജാന്‍ റഹ്മാന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഏകദേശം 2000ത്തിനടുത്ത് വീടുകള്‍ കത്തി നശിച്ചിതായാണ് റിപ്പോര്‍ട്ട്. 12000നടുത്ത് അഭയാര്‍ത്ഥികളാണ് വഴിയാധാരമാക്കപ്പെട്ടത്. സ്ഥലത്തുണ്ടായിരുന്ന 35 ഓളം പള്ളികളും 20നടുത്ത് അഭയാര്‍ത്ഥി വിദ്യാഭ്യാസ സെന്ററുകളും നശിപ്പിക്കപ്പെട്ടതായാണ് വിവരം.

അപകടത്തെ അപലപിച്ച് ഐക്യരാഷ്ട്ര സഭയുടെ അഭയാര്‍ത്ഥി കമ്മീഷനും രംഗത്തെത്തി. യു.എന്‍ വോളന്റിയര്‍മാരും ബംഗ്ലാദേശ് സര്‍ക്കാരും വിഷയത്തില്‍ കാര്യക്ഷമമായി ഇടപെട്ടെന്നും ആവശ്യമായ സഹായം നല്‍കാന്‍ യു.എന്‍ സജ്ജരാണെന്നും യു.എന്‍.എച്ച്.സി.ആര്‍. ട്വീറ്റ് ചെയ്തു.

സംഭവത്തില്‍ ബംഗ്ലാദേശ് സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. 2021 ജനുവരി മുതല്‍ 2022 ഡിസംബര്‍ വരെ 222ലധികം തീപിടുത്തങ്ങള്‍ റോഹിങ്ക്യന്‍ ക്യാമ്പിലുണ്ടായതായാണ് ബംഗ്ലാദേശ് പ്രതിരോധ വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതില്‍ 60 ഓളം അപകടങ്ങള്‍ മനപൂര്‍വം തീയിട്ടത് മൂലം സംഭവിച്ചതാണെന്നും പൊലീസ് കണ്ടെത്തിയിരുന്നു.

2021 മാര്‍ച്ചിലാണ് റോഹിങ്ക്യന്‍ ക്യാമ്പിലെ ഏറ്റവും വലിയ തീപിടുത്തം നടന്നത്. അപകടത്തില്‍ 15 ആളുകള്‍ കൊല്ലപ്പെടുകയും 50000നടുത്ത് ജനങ്ങള്‍ വഴിയാധാരമാവുകയും ചെയ്തിരുന്നു.

മ്യാന്‍മാറിലുണ്ടായ വംശീയ കൂട്ടക്കൊലയെതുടര്‍ന്ന് പത്ത് ലക്ഷത്തിനടുത്ത് റോഹിങ്ക്യന്‍ മുസ് ലിങ്ങളാണ് ബംഗ്ലാദേശില്‍ മാത്രം അഭയാര്‍ത്ഥികളായി എത്തിയത്. 2017 മുതല്‍ ആരംഭിച്ച കുടിയേറ്റം ബംഗ്ലാദേശിനും വലിയ സാമ്പത്തിക പ്രതിസന്ധിയാണ് ഉണ്ടാക്കിയത്. ഈ വര്‍ഷമാദ്യത്തില്‍ റോഹിങ്ക്യന്‍ ജനതക്ക് യു.എന്‍ നല്‍കി വന്നിരുന്ന സാമ്പത്തിക സഹായവും വെട്ടിക്കുറച്ചിരുന്നു. ഇതിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയില്‍ ചര്‍ച്ചകള്‍ നടക്കുന്നതിനിടയിലാണ് അപകടമുണ്ടായത്.

Content Highlight: Bangladesh rohingyan camp got fire