പരാമർശങ്ങൾ ആശയക്കുഴപ്പം സൃഷ്ടിച്ചു; മമതക്കെതിരെ ബംഗ്ലാദേശ് സർക്കാരും
national news
പരാമർശങ്ങൾ ആശയക്കുഴപ്പം സൃഷ്ടിച്ചു; മമതക്കെതിരെ ബംഗ്ലാദേശ് സർക്കാരും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 24th July 2024, 12:30 pm

കൊൽക്കത്ത: മുഖ്യമന്ത്രി മമത ബാനർജിയുടെ നിസഹായർക്ക് അഭയം നൽകും എന്ന പ്രസ്താവനക്കെതിരെ ബംഗ്ലാദേശ് സർക്കാരും. ചൊവ്വാഴ്ചയാണ് സർക്കാർ ഔദ്യോഗികമായി മമതയുടെ പ്രസ്താവനക്കെതിരെ പ്രതിഷേധം രേഖപ്പെടുത്തിയത്. മമതയുടെ പരാമർശത്തിൽ ബംഗ്ലാദേശ് ന്യൂദൽഹിയിലേക്ക് ഔദ്യോഗിക കുറിപ്പ് അയച്ചു .

‘പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുമായി ആഴത്തിലുള്ള ബന്ധമുണ്ട്. ഞങ്ങൾ വലിയ ആദരവോടെയാണ് അവരെ കാണുന്നത്. ആ ആദരവോടെ തന്നെ പറയുകയാണ്, അവരുടെ പരാമർശങ്ങൾ ഒരു പരിധിവരെ ആശയക്കുഴപ്പം സൃഷ്ടിച്ചു. മാത്രമല്ല അവർ പറഞ്ഞത് തെറ്റിദ്ധരിക്കപ്പെടാനുള്ള സാധ്യതയുമുണ്ട്,’ ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി മുഹമ്മദ് ഹസൻ മഹ്മൂദ് പറഞ്ഞു.

ഞായറാഴ്ച, കൊൽക്കത്തയിൽ തൃണമൂൽ കോൺഗ്രസിൻ്റെ രക്തസാക്ഷി വാർഷിക ദിന റാലിയിൽ പങ്കെടുക്കവെയാണ് മമതയുടെ പ്രഖ്യാപനം. ബംഗ്ലാദേശില്‍ തൊഴില്‍ സംവരണത്തിനെതിരെ നടക്കുന്ന പ്രക്ഷോഭങ്ങള്‍ കണക്കിലെടുത്തായിരുന്നു മമത ബാനര്‍ജിയുടെ പ്രസ്താവന.

‘ബംഗ്ലാദേശ് പരമാധികാര രാഷ്ട്രമായതിനാല്‍ ഞാന്‍ ബംഗ്ലാദേശിന്റെ കാര്യങ്ങളെക്കുറിച്ച് സംസാരിക്കേണ്ടതില്ല, ഈ വിഷയത്തില്‍ നിലപാടെടുക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണ്. എന്നാല്‍ ഒരു കാര്യം എനിക്ക് ഉറപ്പ് നല്‍കാന്‍ സാധിക്കും, ബംഗ്ലാദേശിലെ നിസഹായരായ ആളുകള്‍ ബംഗാളിന്റെ വാതിലുകള്‍ മുട്ടിയാല്‍, ഞങ്ങള്‍ അവര്‍ക്ക് തീര്‍ച്ചയായും അഭയം നല്‍കും,’ എന്നായിരുന്നു അവർ പറഞ്ഞത്.

മമതയുടെ പ്രസ്താവനയിൽ ഗവർണർ സി.വി ആനന്ദബോസ് റിപ്പോർട്ട് തേടിയിരുന്നു. വിദേശത്ത് നിന്ന് വരുന്നവരെ ഉൾക്കൊള്ളുന്ന കാര്യം കേന്ദ്രസർക്കാരിൻ്റെ അധീനതയിലുള്ളതാണ്. വിദേശത്ത് നിന്ന് വരുന്നവർക്ക് അഭയം നൽകാനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കുന്ന മുഖ്യമന്ത്രിയുടെ പരസ്യ പ്രസ്താവന ഭരണഘടനാ ലംഘനമാണെന്നും രാജ്ഭവൻ വ്യക്തമാക്കിയിരുന്നു.

Content Highlight: Bangladesh reacts to the statement of Mamata Banerjee