റോഡ് സുരക്ഷക്കുവേണ്ടിയുള്ള വിദ്യാര്‍ത്ഥി പ്രതിഷേധം;റോഡപകടങ്ങളിലെ മരണങ്ങളില്‍ കുറ്റക്കാര്‍ക്ക് വധശിക്ഷ നല്‍കാനൊരുങ്ങി ബംഗ്ലാദേശ്
world
റോഡ് സുരക്ഷക്കുവേണ്ടിയുള്ള വിദ്യാര്‍ത്ഥി പ്രതിഷേധം;റോഡപകടങ്ങളിലെ മരണങ്ങളില്‍ കുറ്റക്കാര്‍ക്ക് വധശിക്ഷ നല്‍കാനൊരുങ്ങി ബംഗ്ലാദേശ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 7th August 2018, 12:58 am

ധാക്ക: റോഡപകടങ്ങളില്‍ മരണം നടന്നാല്‍ കുറ്റക്കാര്‍ക്ക് വധശിക്ഷ നല്‍കാനൊരുങ്ങി ബംഗ്ലാദേശ്. മരണത്തിന് കാരണമായ അപകടം ബോധപ്പൂര്‍വമാണെന്ന് തെളിഞ്ഞാലായിരിക്കും കടുത്ത ശിക്ഷയുണ്ടാവുക എന്നാണ് റിപ്പോര്‍ട്ടുകള്‍. തിങ്കളാഴ്ച ഇത് സംബന്ധിച്ച തീരുമാനമുണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു.

ആയിരകണക്കിന് സ്‌കൂള്‍ വിദ്യാര്‍ത്ഥികളും കോളേജ് വിദ്യാര്‍ത്ഥികളും റോഡ് സുരക്ഷ ശക്തമാക്കണെമെന്നാവശ്യപ്പെട്ടുകൊണ്ട് ധാക്കയില്‍ പ്രതിഷേധസമരങ്ങള്‍ സംഘടിപ്പിച്ചുവരികയാണ്. ഒരാഴ്ചയായി നടന്നുവരുന്ന സമരം പലയിടത്തും അക്രമാസക്തമായിരുന്നു.

ജൂലൈ 29ന് ബസുകളുടെ മരണപ്പാച്ചലില്‍ രണ്ട് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടതോടെയാണ് വിദ്യാര്‍ത്ഥികള്‍ സമരത്തിനിറങ്ങിയത്. രാജ്യതലസ്ഥാനത്ത് തടിച്ചുകൂടിയ വിദ്യാര്‍ത്ഥികള്‍ക്കു നേരെ പൊലീസ് കണ്ണീര്‍വാതകവും റബര്‍ ബുള്ളറ്റുകളും പ്രയോഗിച്ചിരുന്നു.


അവിശ്വാസപ്രമേയത്തിന് പിന്നാലെ രാജ്യസഭയിലും കരുത്ത് കാട്ടാന്‍ പ്രതിപക്ഷം; ഉപാധ്യക്ഷ തെരഞ്ഞെടുപ്പില്‍ കണക്കുകളില്‍ കണ്ണുംനട്ട് എന്‍.ഡി.എ


സര്‍ക്കാര്‍ അനുഭാവികളായ നിരവധി പേര്‍ ചേര്‍ന്ന് വിദ്യാര്‍ത്ഥികളെ ആക്രമിക്കുകയും ചെയ്തുവെന്ന് പ്രതിഷേധക്കാര്‍ പറയുന്നു.

രാജ്യത്ത് നടക്കുന്ന പ്രതിഷേധപ്രകടനം ക്യാമറയില്‍ പകര്‍ത്തുകയും അല്‍ ജസീറ ചാനലിനു വേണ്ടി അഭിമുഖം നല്‍കുകയും ചെയ്ത ഫോട്ടോഗ്രാഫറായ ഷഹീദ് ഉള്‍ അലാമിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അന്താരാഷ്ട്ര തലത്തിനുള്ള നിരവധി മനുഷ്യാവകാശ സംഘടനകള്‍ അദ്ദേഹത്തെ വിട്ടയക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട്.

തെറ്റായ വിവരങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടുവെന്ന് ആരോപിച്ചാണ് അറുപത്തിമൂന്നുകാരനായ ഫോട്ടോഗ്രാഫറെ അറസ്റ്റ് ചെയ്തിരിക്കുന്നത്. തികച്ചും സമാധാനപരമായി നടക്കുന്ന വിദ്യാര്‍ത്ഥി സമരത്തെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ ശ്രമിക്കരുതെന്ന് നിരവധി സംഘടനകള്‍ ആവശ്യപ്പെട്ടു.

സര്‍ക്കാരിന്റെ പുതിയ നീക്കത്തോടുള്ള സമരക്കാരുടെ പ്രതികരണം ഇതുവരെയും പുറത്തുവന്നിട്ടില്ല.