| Saturday, 2nd October 2021, 4:53 pm

ഒരുത്തനേയും വെറുതെ വിടില്ല, എല്ലാവരേയും നിയമത്തിന് മുന്നില്‍ കൊണ്ടു വരും; റോഹിങ്ക്യന്‍ നേതാവിന്റെ കൊലപാതകത്തില്‍ പ്രതികരിച്ച് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ധാക്ക: റോഹിങ്ക്യന്‍ നേതാവ് മൊഹിബ് ഉല്ലയുടെ കൊലപാതകത്തിന് കാരണമായവര്‍ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്ന് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി.

‘മൊഹിബ് ഉല്ലയുടെ കൊലപാതകത്തിന് കാരണക്കാരായവര്‍ക്കെതിരെ സര്‍ക്കാര്‍ കര്‍ശന നടപടികള്‍ സ്വീകരിക്കും, ഒരാളും ഇതില്‍ നിന്നും രക്ഷപ്പെടാന്‍ പോവുന്നില്ല, കൊലപാതകികളെ നിയമത്തിന് മുന്‍പില്‍ കൊണ്ടുവരും,’ വിദേശകാര്യ മന്ത്രിയായ എ.കെ. അബ്ദുല്‍ മൊമന്‍ പറഞ്ഞു.

ബുധനാഴ്ചയാണ് മൊഹിബ് ഉല്ല അജ്ഞാതന്റെ വെടിയേറ്റ് കൊല്ലപ്പെടുന്നത്. മ്യാന്‍മറില്‍ നിന്നും പലായനം ചെയ്ത 7 ലക്ഷത്തിലധികം വരുന്ന അഭയാര്‍ത്ഥികളുടെ നേതാവും അഭിഭാഷകനുമായിരുന്നു മൊഹിബ് ഉല്ല.

അരകന്‍ റോഹിങ്ക്യ സൊസൈറ്റി ഫോര്‍ പീസ് ആന്റ് ഹ്യൂമന്‍ റൈറ്റ്‌സ് എന്ന സംഘടനയുടെ ചെയര്‍മാനായും അദ്ദേഹം പ്രവര്‍ത്തിച്ച് വരികയായിരുന്നു.

മൊഹിബ് ഉല്ലയുടെ മരണം മ്യാന്‍മറിനും റോഹിങ്ക്യന്‍ ജനതയ്ക്കും മനുഷ്യാവകാശ പ്രസ്ഥാനത്തിനും വലിയ നഷ്ടമാണെന്നാണ് ഫോര്‍ട്ടിഫൈ റൈറ്റ്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായ മാത്യു സ്മിത്ത് അഭിപ്രായപ്പെട്ടിരുന്നത്.

അദ്ദേഹത്തിന്റെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. എന്നാല്‍, ‘മ്യാന്‍മര്‍ സുരക്ഷാ പോസ്റ്റുകള്‍ക്ക് നേരെയുള്ള നിരവധി ആക്രമണങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയായ അരകന്‍ റോഹിങ്ക്യ സാല്‍വേഷന്‍ ആര്‍മിയാണ് ഉല്ലയെ കൊലപ്പെടുത്തിയതെ’ന്ന് ഒരു റോഹിങ്ക്യന്‍ നേതാവ് ആരോപിച്ചിരുന്നു.

മൊഹിബ് ഉല്ല സുരക്ഷിതനല്ലെന്ന് ഏജന്‍സികള്‍ പലതവണ മുന്നറിയിപ്പ് നല്‍കിയിയിരുന്നെന്നും റോഹിങ്ക്യന്‍ അവകാശ പ്രവര്‍ത്തക യാസ്മിന്‍ ഉല്ല പറഞ്ഞു. ‘അന്താരാഷ്ട്ര സമൂഹവും ബംഗ്ലാദേശ് അധികാരികളും ഇതിനെതിരെ നടപടിയെടുത്തില്ലെങ്കില്‍ ഞങ്ങളുടെ ജീവിതം ആര്‍ക്കും ഒരു പ്രശ്‌നമല്ല എന്നാണ് തെളിയിക്കപ്പെടുന്നത്,’ എന്നാണ് അവര്‍ പറയുന്നത്.

ഏകദേശം 900,000 റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ കഴിയുന്ന ലോകത്തിലെ ഏറ്റവും വലിയ അഭയാര്‍ത്ഥി ക്യാമ്പിന്റെ നിയന്ത്രണം കയ്യിലെടുക്കാനായി ചില സായുധ സംഘങ്ങള്‍ കൊലപാതകങ്ങളും തട്ടിക്കൊണ്ടുപോകലുകളും പതിവാക്കിയതോടെ ബംഗ്ലാദേശിലെ കോക്‌സ് ബസാറില്‍ അന്തരീക്ഷം കലുഷിതമായിരുന്നു.

Content Highlight:  Bangladesh Promises “Stern Action” Against Killers Of Rohingyan Leader

We use cookies to give you the best possible experience. Learn more