ധാക്ക: ആഭ്യന്തര കലാപത്തെ തുടർന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജി വെച്ചു. രാജിവച്ചതിന് പിന്നാലെ ഷെയ്ഖ് ഹസീനയും സഹോദരിയും രാജ്യം വിട്ടതായും വാർത്തകൾ പുറത്ത് വരുന്നുണ്ട്.
ഹസീന ഇന്ത്യയിൽ രാഷ്ട്രീയ അഭയം തേടുമെന്നും അല്ലെങ്കിൽ ഫിൻലാൻഡിലേക്ക് പോകുമെന്നും സൂചനകൾ വരുന്നുണ്ട്. സൈനിക ഹെലികോപ്റ്ററിൽ ഹസീനയും സഹോദരിയും ഇന്ത്യയിലെത്തി എന്ന വാർത്തകളും പുറത്തു വരുന്നുണ്ട്. ആഭ്യന്തര കലാപത്തിൽ മുന്നൂറിലേറെ ആളുകൾ മരണപ്പെട്ടതോടെ വലിയ ജനരോഷം ഷെയ്ഖ് ഹസീനക്കെതിരെ ഉയർന്നിരുന്നു. ഇളയ സഹോദരി രഹനക്കൊപ്പമാണ് ഷീന ബംഗഭവനിൽ നിന്ന് സുരക്ഷിത സ്ഥാനത്തേക്ക് മാറിയത്.
പ്രധാനമന്ത്രി രാജി വെച്ചെന്ന വാർത്തക്ക് പിന്നാലെ ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് ആയിരക്കണക്കിന് ജനങ്ങൾ ബലം പ്രയോഗിച്ച് കയറി.
ഷെയ്ഖ് ഹസീനക്ക് രാജി വെക്കാൻ സൈന്യം 45 മിനിറ്റ് അന്ത്യശാസനം നൽകിയിരുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. പിന്നാലെയായിരുന്നു രാജി.
സർക്കാർ ജോലികൾക്കുള്ള ക്വാട്ട സമ്പ്രദായം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ ജൂലൈയിൽ നടത്തിയ പ്രതിഷേധം 200 പേരുടെ മരണത്തിനിടയാക്കിയതോടെയാണ് ജനങ്ങൾ ഹസീനയുടെ രാജി ആവശ്യപ്പെട്ടത്.
നികുതിയും യൂട്ടിലിറ്റി ബില്ലുകളും അടക്കരുതെന്നും ബംഗ്ലാദേശിലെ പ്രവർത്തി ദിവസമായ ഞാറാഴ്ച ജോലിക്ക് പോകരുതെന്നും ആവശ്യപ്പെട്ട് പ്രതിഷേധക്കാർ നിസ്സഹകരണ സമരത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
പ്രക്ഷോഭത്തെ തുടർന്ന് അധികൃതർ ഇന്റർനെറ്റ് ആക്സസ് തടയുകയും ഷൂട്ട് ഓൺ സൈറ്റ് കർഫ്യൂ ഏർപ്പെടുത്തുകയും ചെയ്തു. കഴിഞ്ഞ ആഴ്ചകളിലായി 11 ,000 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഹസീന രാജിവെക്കാതെ പിരിഞ്ഞ് പോകില്ലെന്ന് പ്രഖ്യാപിച്ച് ധാക്കയിൽ ആയിരക്കണക്കിന് ജനങ്ങൾ തടിച്ച് കൂടിയിരുന്നു.
പ്രതിഷേധത്തിന്റെ പേരിൽ അട്ടിമറിയും ആക്രമണവും നടത്തുന്നവർ ഇപ്പോൾ വിദ്യാർത്ഥികളല്ല ക്രിമിനലുകളാണെന്നും ജനങ്ങൾ അവരെ ഇരുമ്പ് കൊണ്ട് നേരിടണമെന്നും ഹസീന പറഞ്ഞിരുന്നു.
updating…
Content Highlight: bangladesh prime minister Sheik hseena resigned