| Friday, 21st January 2022, 10:26 pm

ഇനി ഇങ്ങനെയൊന്ന് ക്രിക്കറ്റില്‍ നടക്കില്ല; ഉറപ്പിച്ച് പറയാം Its Once In A Lifetime

സ്പോര്‍ട്സ് ഡെസ്‌ക്

ക്രിക്കറ്റില്‍ ഒന്നും തന്നെ മുന്‍കൂട്ടി പ്രവചിക്കാന്‍ സാധിക്കില്ല. ഏത് നിമിഷവും എന്തും സംഭവിക്കാം. അങ്ങനെ സംഭവിക്കുന്ന ചില നിമിഷങ്ങള്‍ ക്രിക്കറ്റ് ലോകത്ത് എക്കാലവും ഓര്‍മിക്കപ്പെടുകയും ചെയ്യും.

അത്തരത്തിലൊരു സംഭവത്തിനാണ് ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ് സാക്ഷ്യം വഹിച്ചത്. കുലാനാ ടൈഗേഴ്‌സും മിനിസ്റ്റര്‍ ധാക്ക പ്ലട്ടൂണ്‍സും തമ്മില്‍ നടന്ന മത്സരത്തിലാണ് ക്രിക്കറ്റിനെ അമ്പരിപ്പിച്ച റണ്ണൗട്ട് പിറന്നത്.

മത്സരത്തിന്റെ 15ാം ഓവറില്‍ തിസാര പെരേരയെറിഞ്ഞ ഓവറിലെ അവസാന പന്ത് തേഡ് മാനിലേക്ക് മുട്ടിയിട്ട് കരീബിയന്‍ താരം ആന്ദ്രേ റസല്‍ സിംഗിളിന് ശ്രമിക്കുകയായിരുന്നു. എന്നാല്‍ തേഡ് മാന്‍ പെട്ടന്ന് തന്നെ പന്ത് കളക്ട് ചെയ്യുകയും സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലേക്ക് എറിയുകയും ചെയ്തു.

ഫീല്‍ഡര്‍ ത്രോ ചെയ്യുന്നത് സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലേക്കാണ് എന്ന് മനസിലാക്കിയ റസല്‍ ഓട്ടത്തിന്റെ വേഗത കുറയ്ക്കുകയും പതിയെ ക്രീസിലേക്ക് നടന്ന് കയറാന്‍ ശ്രമിക്കുകയുമായിരുന്നു.

ബാറ്റിംഗ് എന്‍ഡിലേക്കെറിഞ്ഞ പന്ത് വിക്കറ്റില്‍ ഡയറക്ട് ഹിറ്റാവുകയായിരുന്നു. എന്നാല്‍ അപ്പോഴേക്കും ബാറ്റര്‍ ക്രീസിലെത്തിയിരുന്നു. എന്നാല്‍ ഏവരേയും അമ്പരപ്പിച്ച് പന്ത് നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡിലെ വിക്കറ്റില്‍ വന്ന് കൊള്ളുകയായിരുന്നു.

ബാറ്റിംഗ് എന്‍ഡിലെ ത്രോ ഇത്തരത്തില്‍ ബൗളിംഗ് എന്‍ഡിലെത്തുമെന്നും, ടീമിലെ ഏറ്റവും അപകടകാരിയായ ബാറ്ററെ തന്നെ പുറത്താക്കുമെന്നും ത്രോ ചെയ്ത ഫീല്‍ഡറോ, ബൗള്‍ ചെയ്ത പെരേരയോ, ഒന്നുമറിയാത്ത പാവം റസലോ പ്രതീക്ഷിച്ചിരിക്കില്ല എന്ന കാര്യം ഉറപ്പാണ്.

റസല്‍ വീണുപോയിട്ടും ധാക്ക മികച്ച ബാറ്റിംഗാണ് നടത്തിയത്. നിശ്ചിത ഓവറില്‍ 183ന് 6 എന്ന നിലയിലാണ് പ്ലട്ടൂണ്‍സ് ഇന്നിംഗ്‌സ് അവസാനിപ്പിച്ചത്. എന്നാല്‍ 5 വിക്കറ്റും ഒരു ഓവറും ബാക്കി നില്‍ക്കെ ടൈഗേഴ്‌സ് വിജയം നേടുകയായിരുന്നു.

ഇരുടീമിലെയും ബാറ്റര്‍മാര്‍ തകര്‍ത്തടിച്ചെങ്കിലും മത്സരത്തിന്റെ മൊത്തം സ്‌പോട്ട്‌ലൈറ്റ് റസല്‍ കൊണ്ടുപോവുകയായിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content highlight: Bangladesh Premier League: Andre Russell dismissed in a freak run-out

We use cookies to give you the best possible experience. Learn more