| Thursday, 2nd December 2021, 5:27 pm

ഷെയ്ഖ് ഹസീനയുടെ പിതാവിന്റെ ചുവര്‍ചിത്രം സ്ഥാപിക്കാന്‍ അനുമതി നല്‍കാത്തതിന് ബംഗ്ലാദേശില്‍ മേയറെ അറസ്റ്റ് ചെയ്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ധാക്ക: ബംഗ്ലാദേശില്‍ പ്രധാനമന്ത്രിയുടെ പിതാവിന്റെ ചുവര്‍ചിത്രം സ്ഥാപിക്കുന്നതിന് അനുമതി നല്‍കിയില്ലെന്ന പേരില്‍ മേയറെ അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട്. പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പിതാവും മുന്‍ പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുജിബുര്‍ റഹ്‌മാന്റെ ചുവര്‍ചിത്രത്തിനുള്ള അനുമതി, മതപരമായ കാരണങ്ങളാല്‍ നിഷേധിച്ചതിനാണ് മേയറെ പൊലീസ് അറസ്റ്റ് ചെയ്തത്.

പടിഞ്ഞാറന്‍ രാജ്ഷാഹി നഗരത്തിന്റെ മേയര്‍ അബ്ബാസ് അലിയെയാണ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച, തലസ്ഥാനമായ ധാക്കയിലെ ഒരു ഹോട്ടലില്‍ വെച്ച് അലിയെ പൊലീസ് അറസ്റ്റ് ചെയ്തതായി എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ മാസം ഷെയ്ഖ് മുജിബുര്‍ റഹ്‌മാന്റെ പുതുതായി സ്ഥാപിക്കാനിരിക്കുന്ന ചുവര്‍ചിത്രത്തിനെതിരെ അബ്ബാസ് അലി സംസാരിക്കുന്നതായ ഓഡിയോ ക്ലിപ്പ് പുറത്തുവരികയും വൈറലാവുകയും ചെയ്തിരുന്നു.

ചുവര്‍ചിത്രം സ്ഥാപിക്കാനുള്ള നീക്കം ഇസ്‌ലാമിക് ശരീഅത്ത് നിയമപ്രകാരം ശരിയല്ല എന്നും മതത്തിന്റെ തത്ത്വപ്രകാരം ആളുകളുടെ ഛായാചിത്രമോ പ്രതിമയോ സ്ഥാപിക്കുന്നത് നിരോധിക്കപ്പെട്ടതാണെന്നുമായിരുന്നു ഓഡിയോയില്‍ അബ്ബാസ് അലി പറഞ്ഞിരുന്നത്.

ഓഡിയോ ക്ലിപ്പ് വലിയ രീതിയില്‍ പ്രചരിക്കുകയും പ്രതിഷേധമുയരുകയും ചെയ്തതോടെ അത് വ്യാജമാണെന്ന് പറഞ്ഞ് മേയര്‍ ആദ്യം രംഗത്തെത്തിയിരുന്നെങ്കിലും പിന്നീട് ഫേസ്ബുക്കിലൂടെ മാപ്പ് പറഞ്ഞിരുന്നു.

ഇതിന് പിന്നാലെ അറസ്റ്റ് ഭയന്ന് വിവിധ ഹോട്ടലുകളിലായി ഒളിച്ച് കഴിയുകയായിരുന്ന അലി രാജ്യം വിടാനുള്ള തയ്യാറെടുപ്പിലായിരുന്നു എന്നാണ് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞത്.

രാജ്യത്തെ ഇന്റര്‍നെറ്റ് നിയമങ്ങള്‍ ഉപയോഗിച്ച്, ഷെയ്ഖ് മുജിബുര്‍ റഹ്‌മാനെ അപമാനിക്കുന്ന രീതിയില്‍ സംസാരിച്ചതിന്റെ പേരില്‍ നിരവധി പേരെ മുന്‍പും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഗാസിപ്പൂര്‍ മേയറായ സഹഗീര്‍ അലത്തിനെയും ഇക്കാരണത്താല്‍ കഴിഞ്ഞ മാസം പ്രധാനമന്ത്രി ഷെയ്ഖ് ഹസീന സ്ഥാനത്ത് നിന്നും ഒഴിവാക്കിയിരുന്നു.

സഹഗീര്‍ അലവും അബ്ബാസ് അലിയും ഷെയ്ഖ് ഹസീനയുടെ പാര്‍ട്ടിയായ അവാമി ലീഗിലെ അംഗങ്ങളായിരുന്നു.

ഷെയ്ഖ് ഹസീനയുടെ ഭരണത്തിന് കീഴില്‍ ബംഗ്ലാദേശില്‍ മനുഷ്യാവകാശങ്ങളും അഭിപ്രായ സ്വാതന്ത്ര്യവും ലംഘിക്കപ്പെടുന്നതായി വ്യാപകമായി പരാതിയുയരുന്നതിനിടെയാണ് പുതിയ സംഭവം. ആക്ടിവിസ്റ്റുകളും മാധ്യമപ്രവര്‍ത്തകരും അറസ്റ്റിലാവുന്ന സാഹചര്യവും രാജ്യത്തുണ്ട്.

രാഷ്ട്രീയ എതിരാളികളെ അടിച്ചമര്‍ത്താന്‍ ഷെയ്ഖ് ഹസീന ഇന്റര്‍നെറ്റ് നിയമങ്ങള്‍ ദുരുപയോഗം ചെയ്യുന്നതായും ആരോപണമുണ്ട്.

ബംഗ്ലാദേശിന്റെ ആദ്യത്തെ പ്രസിഡന്റായ ഷെയ്ഖ് മുജിബുര്‍ റഹ്‌മാന്‍ 1971 മുതല്‍ 1975 വരെ രാജ്യത്തിന്റെ പ്രധാനമന്ത്രിയുമായിരുന്നു. 1975 ഓഗസ്റ്റ് 15ന് പ്രധാനമന്ത്രി സ്ഥാനത്തിരിക്കെ വധിക്കപ്പെടുകയായിരുന്നു.

2009ല്‍ ഷെയ്ഖ് ഹസീന പ്രധാനമന്ത്രിയായി അധികാരമേറ്റത് മുതല്‍ മുജിബുര്‍ റഹ്‌മാന്റെ 100ലധികം ചുവര്‍ചിത്രങ്ങളും സ്മാരകങ്ങളുമാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി സ്ഥാപിക്കപ്പെട്ടത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Bangladesh police arrested mayor for refusing the mural of Sheikh Hasina’s father

We use cookies to give you the best possible experience. Learn more