| Monday, 8th January 2024, 7:53 am

പ്രതിപക്ഷം തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചു; ബംഗ്ലാദേശിൽ ഷെയ്ഖ് ഹസീന നാലാം തവണയും അധികാരത്തിലേക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ധാക്ക: ബംഗ്ലാദേശിൽ നാലാം തവണയും അധികാരത്തിലെത്തി പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ അവാമി ലീഗ് പാർട്ടി. പ്രധാന പ്രതിപക്ഷ പാർട്ടിയായ ബംഗ്ലാദേശ് നാഷണൽ പാർട്ടിയും (ബി.എൻ.പി) സഖ്യകക്ഷികളും തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചതോടെ മൂന്നിൽ രണ്ട് സീറ്റും നേടിയാണ് ഹസീനയുടെ പാർട്ടി വിജയിച്ചത്.

ആകെയുള്ള 300 സീറ്റുകളിൽ 233 സീറ്റുകളാണ് അവാമി പാർട്ടി നേടിയത്.

പോളിങ് ശതമാനത്തിൽ വലിയ ഇടിവാണ് ഈ വർഷം ഉണ്ടായത്. 2018 തെരഞ്ഞെടുപ്പിൽ 80 ശതമാനം വോട്ടുകൾ പോൾ ചെയ്തിടത്ത് ഈ പ്രാവശ്യം 40 ശതമാനം ആളുകൾ മാത്രമാണ് വോട്ട് ചെയ്തത്.

രാജ്യവ്യാപകമായി അക്രമണങ്ങളും നടന്നു. ഡിസംബർ ആറ് മുതൽ രാജ്യത്തുടനീളം 20ഓളം തീവെപ്പ് ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതിൽ പത്തെണ്ണം പോളിങ് കേന്ദ്രങ്ങൾക്ക് നേരെയായിരുന്നു.

ഗോപാൽഗഞ്ച്-3 സീറ്റിൽ എട്ടാം തവണയും മത്സരിച്ച ഹസീന 2,49,965 വോട്ടുകൾ നേടിയപ്പോൾ ബംഗ്ലാദേശ് സുപ്രീം പാർട്ടിയിൽ നിന്നുള്ള എതിർസ്ഥാനാർത്ഥി വെറും 469 വോട്ടുകളാണ് നേടിയത്.

ജയിലിൽ കഴിയുന്ന മുൻ പ്രധാനമന്ത്രി ഖാലിദ സിയയുടെ ബംഗ്ലാദേശ് നാഷണൽ പാർട്ടി (ബി.എൻ.പി) തെരഞ്ഞെടുപ്പ് വ്യാജമാണെന്ന് ആരോപിച്ചു. സർക്കാർ വിരുദ്ധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കുമെന്നും പാർട്ടി അറിയിച്ചു. ബി.എൻ.പിക്കൊപ്പം 15 പാർട്ടികൾ കൂടി തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചിരുന്നു.

തങ്ങളുടെ തെരഞ്ഞെടുപ്പ് ബഹിഷ്കരണം വിജയമാണ് എന്നതിന്റെ സൂചനയാണ് പോളിങ് ശതമാനത്തിലെ ഇടിവെന്ന് ബി.എൻ.പി പറഞ്ഞു.

ബി.എൻ.പി തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ച സാഹചര്യത്തിൽ വിജയത്തിന് എത്രത്തോളം ആധികാരികതയുണ്ട് എന്ന ചോദ്യത്തിന് തന്റെ ഉത്തരവാദിത്തം ജനങ്ങളോട് ആണെന്ന് ഹസീന പറഞ്ഞു.

Content Highlight: Bangladesh PM Sheikh Hasina wins fourth straight term as her party secures two-thirds majority in polls

We use cookies to give you the best possible experience. Learn more