ഞങ്ങള്‍ക്ക് കിട്ടേണ്ട അഞ്ച് റണ്‍സാ ആ പോയത്; കോഹ്‌ലിക്കെതിരെ 'ഫേക്ക് ത്രോ' വിളിച്ച് ബംഗ്ലാ കീപ്പര്‍; അമ്പയറര്‍മാര്‍ക്കും വിമര്‍ശനം
Sports
ഞങ്ങള്‍ക്ക് കിട്ടേണ്ട അഞ്ച് റണ്‍സാ ആ പോയത്; കോഹ്‌ലിക്കെതിരെ 'ഫേക്ക് ത്രോ' വിളിച്ച് ബംഗ്ലാ കീപ്പര്‍; അമ്പയറര്‍മാര്‍ക്കും വിമര്‍ശനം
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 3rd November 2022, 1:24 pm

തോല്‍വിക്ക് പിന്നാലെ വിരാട് കോഹ്‌ലിക്കെതിരെ ഫേക്ക് ഫീല്‍ഡിങ് ആരോപണവുമായി ബംഗ്ലാദേശ് വിക്കറ്റ് കീപ്പര്‍ നുരുള്‍ ഹസന്‍. ഫേക്ക് ത്രോയാണ് വിരാട് നടത്തിയതെന്ന് പറഞ്ഞ നുരുള്‍ അമ്പയര്‍മാര്‍ ഇത് കണ്ടില്ലെന്നും ആരോപിച്ചു.

അഞ്ച് റണ്‍സിനായിരുന്നു ഇന്ത്യ ബംഗ്ലാദേശിനെ തോല്‍പിച്ചത്. മത്സരത്തിനിടയില്‍ മഴ പെയ്തത് മൂലം 16 ഓവറിലേക്ക് മാച്ച് ചുരുക്കിയിരുന്നു. 151 റണ്‍സ് ടാര്‍ഗെറ്റും വെച്ചു. അതുകൊണ്ട് തന്നെ ഓരോ റണ്‍സും കളിയില്‍ അത്രമേല്‍ വിലപ്പെട്ടതായിരുന്നു.

‘മഴ മൂലം നിര്‍ത്തിവെച്ച മത്സരം പുനരാരംഭിച്ചപ്പോള്‍ ഫീല്‍ഡ് നനഞ്ഞിരിക്കുന്നതിന്റെ പ്രശ്‌നങ്ങളൊക്കെ ഉണ്ടായിരുന്നു. പക്ഷെ ആ സമയത്ത് ഒരു ഫേക്ക് ത്രോ ഉണ്ടായി. അതിന്റെ അഞ്ച് റണ്‍സ് ഞങ്ങള്‍ക്ക് കിട്ടേണ്ടതായിരുന്നു. പക്ഷെ അതുമുണ്ടായില്ല,’ നുരുള്‍ പറഞ്ഞു.

അമ്പയറര്‍മാരെ നേരിട്ട് പറയാതെയായിരുന്നു നുരുളിന്റെ വിമര്‍ശനം. അര്‍ഷ്ദീപ് സിങ് എറിഞ്ഞ അവസാന ഓവറില്‍ ഒരു ഫോറും സിക്‌സും പറത്തി ബംഗ്ലാദേശിനെ മത്സരത്തില്‍ പിടിച്ചു നിര്‍ത്തിയത് നുരുളായിരുന്നു.

മാച്ചിലെ ഏഴാം ഓവറിലാണ് നുരുള്‍ സൂചിപ്പിച്ച സംഭവം നടന്നത്. മഴ പെയ്യുന്നതിന് മുമ്പായിരുന്നു ഇത്. ഇതിന്റെ വീഡിയോകള്‍ ബംഗ്ലാദേശ് ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പങ്കുവെക്കുന്നുണ്ട്.

അക്‌സര്‍ പട്ടേലായിരുന്നു ഈ ഓവര്‍ എറിഞ്ഞത്. ലിട്ടണ്‍ ദാസായിരുന്നു ബാറ്റര്‍. ബൗണ്ടറി കടക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും അര്‍ഷ്ദീപ് ഫീല്‍ഡിങ്ങിലൂടെ പന്തിനെ കൈക്കിപ്പിടിയിലൊതുക്കി കീപ്പറായ ദിനേഷ് കാര്‍ത്തിക്കിന് നേരെ എറിയുകയായിരുന്നു.

ഇതിനിടയില്‍ വിരാട് കോഹ്‌ലി പന്ത് പിടിക്കുന്നത് പോലെയും സ്റ്റമ്പിലേക്ക് എറിയുന്നത് പോലെയും കാണിക്കുന്നുണ്ട്. എന്നാല്‍ പന്ത് വിരാടിന്റെ അടുത്തേക്ക് എത്തിയിട്ടേയില്ല.

41.5 നിയമപ്രകാരം ബാറ്ററുടെ ശ്രദ്ധ തിരിക്കുന്നതിന് വേണ്ടി മനപൂര്‍വ്വം വഞ്ചനാപരമായ നീക്കമുണ്ടായാല്‍ എതിര്‍ടീമിന് 5 റണ്‍സ് നല്‍കും. ഇക്കാര്യമാണ് നുരുള്‍ ഹസന്‍ ചൂണ്ടിക്കാട്ടിയത്.

എന്നാല്‍ മാച്ചിനിടയില്‍ ലിട്ടണ്‍ ദാസ് ഇങ്ങനെയൊരു പരാതി ഉന്നയിക്കുകയോ ഫീല്‍ഡ് അമ്പയറര്‍മാര്‍ വിരാടിന്റെ ഭാഗത്ത് നിന്നും കുറ്റകരമായ നടപടിയുണ്ടായതായി പറയുകയോ ചെയ്തിട്ടില്ല.

വളരെ നീതിപൂര്‍വമായ മത്സരം തന്നെയാണ് നടന്നതെന്നായിരുന്നു ബംഗ്ല ക്യാപ്റ്റന്‍ ഷാകിബ് അല്‍ ഹസനും മാച്ചിന് ശേഷം പറഞ്ഞത്.

ബാറ്റര്‍ കോഹ്‌ലിയെ നോക്കുന്നു പോലുമില്ലെന്നും അതുകൊണ്ട് തന്നെ ശ്രദ്ധ തെറ്റിച്ചാലുള്ള നിയമം ഇവിടെ നടപ്പാക്കാനാകില്ലെന്നും ചിലര്‍ സോഷ്യല്‍ മീഡിയയില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

അതേസമയം, ബംഗ്ലാദേശ്-ഇന്ത്യ മാച്ചില്‍ അമ്പയറര്‍മാര്‍ക്കെതിരെ മറ്റ് ചില വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. മഴ മൂലം ഓവറുകളും ടാര്‍ഗറ്റും പുനര്‍നിര്‍ണയിച്ചത് ശരിയായില്ലെന്നാണ് ഒരു വിമര്‍ശനം. നേരത്തെ പാകിസ്ഥാനെതിരെ നടന്ന മാച്ചിലും ഇന്ത്യയോട് പക്ഷപാതപരമായാണ് അമ്പയറര്‍മാര്‍ പെരുമാറുന്നതെന്ന് പാക് ആരാധകര്‍ പറഞ്ഞിരുന്നു.

അതേസമയം ആവേശോജ്വലമായ മത്സരമായിരുന്നു ഇന്നലെ അഡ്ലെയ്ഡില്‍ അരങ്ങേറിയത്. ടോസ് നേടിയ ബംഗ്ലാദേശ് ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ നേരത്തെ തന്നെ നഷ്ടമായ ഇന്ത്യ കെ.എല്‍. രാഹുലിന്റെയും മുന്‍ നായകന്‍ വിരാട് കോഹ്‌ലിയുടെയും ഇന്നിങ്‌സിന്റെ ബലത്തില്‍ മികച്ച സ്‌കോര്‍ കെട്ടിപ്പടുക്കുകയായിരുന്നു.

44 പന്തില്‍ നിന്നും പുറത്താകാതെ 64 റണ്‍സ് നേടിയ വിരാടും 32 പന്തില്‍ നിന്നും 50 റണ്‍സുമായി രാഹുലും ബാറ്റിങ്ങില്‍ തിളങ്ങി. 16 പന്തില്‍ നിന്നും 30 റണ്‍സുമായി സൂര്യകുമാര്‍ യാദവ് മികച്ച പിന്തുണയും നല്‍കി.

മൂവരുടെയും തകര്‍പ്പന്‍ ഇന്നിങ്‌സിന്റെ ബലത്തില്‍ ഇന്ത്യ നിശ്ചിത ഓവറില്‍ 184ന് ആറ് എന്ന നിലയില്‍ ഇന്നിങ്‌സ് അവസാനിപ്പിക്കുകയായിരുന്നു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിന് സ്വപ്നതുല്യമായ തുടക്കമായിരുന്നു ലഭിച്ചത്. ഓപ്പണര്‍ ലിട്ടണ്‍ ദാസിന്റെ അര്‍ധ സെഞ്ച്വറിയുടെ മികവില്‍ ബംഗ്ലാ കടുവകള്‍ മുന്നേറുമ്പോള്‍ മഴയെത്തുകയും മത്സരം നിര്‍ത്തി വെക്കുകയുമായിരുന്നു.

മഴക്ക് ശേഷം 16 ഓവറില്‍ 151 എന്ന് വിജയലക്ഷ്യം പുനര്‍നിര്‍ണയിക്കുകയായിരുന്നു. എന്നാല്‍ പെട്ടെന്ന് തന്നെ ലിട്ടണ്‍ ദാസ് പുറത്തായതോടെ ബംഗ്ലാദേശിന്റെ വിജയവും അകന്നുപോവുകയായിരുന്നു.
ബംഗ്ലാദേശിനെതിരായ വിജയത്തിന് പിന്നാലെ ഗ്രൂപ്പ് സ്റ്റാന്‍ഡിങ്സില്‍ ഒന്നാമതെത്താനും ഇന്ത്യക്കായി.

നവംബര്‍ ആറിനാണ് ഇന്ത്യയുടെ അടുത്ത മത്സരം. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ വെച്ച് നടക്കുന്ന മത്സരത്തില്‍ സിംബാബ്‌വേയാണ് എതിരാളികള്‍.

Content Highlight: Bangladesh player Nurul Hasan against Virat Kohli says he did a fake throw