ധാക്ക: ബംഗ്ലാദേശില്‍ ജമാഅത്തെ ഇസ്‌ലാമിയെ നിരോധിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി ബംഗ്ലാദേശ് വിദേശകാര്യമന്ത്രി ഷഹരിയാര്‍ അസ്‌ലം. ജമാഅത്തെ ഇസ്‌ലാമി ഭീകരസംഘടനയാണ്. അവരോട് കൂട്ടുകൂടിയ ബംഗ്ലാദേശ് നാഷണല്‍ പാര്‍ട്ടി (ബി.എന്‍.പി)ക്കും ഭീകര ബന്ധമുണ്ട്. ബി.എന്‍.പിയെ നന്നാക്കിയെടുക്കുന്നതിന്റെ കൂടെ ജമാഅത്തിനെ നിരോധിക്കണമെന്നും ഷഹരിയാര്‍ അസ്‌ലം പറഞ്ഞു.
ജമാഅത്തിനെ പോലെയുള്ള ഭീകരസംഘടനകളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കരുതെന്നും അത് രാജ്യത്തിന്റെ മതേതരത്വത്തിന് ഭീഷണിയാണെന്നും ബംഗ്ലാദേശ് വിദേശകാര്യമന്ത്രി പറഞ്ഞു. തിങ്കളാഴ്ച ധാക്കയില്‍ നാസിമുദ്ദീന്‍ സമദ് എന്ന മതേതര എഴുത്തുകാരന്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്നാല്‍ എഴുത്തുകാരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് തങ്ങള്‍ക്ക് ബന്ധമില്ലെന്ന് ജമാഅത്ത് അറിയിച്ചിരുന്നു.
ബംഗ്ലാദേശ് വിമോചന കാലഘട്ടത്തിലെ യുദ്ധക്കുറ്റങ്ങളില്‍ ജമാഅത്തിന്റെ പങ്ക് സംബന്ധിച്ച് ട്രിബ്യൂണലില്‍ നിന്ന് റിപ്പോര്‍ട്ട് ലഭിക്കുന്നതിനനുസരിച്ച് സംഘടനയെ നിരോധിക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകുമെന്നും ഷഹരിയാര്‍ അസ്‌ലം പറഞ്ഞു. യുദ്ധക്കുറ്റങ്ങള്‍ക്ക് നിലവില്‍ മൂന്ന് ജമാഅത്ത് നേതാക്കളുടെയും ഒരു ബി.എന്‍.പി (ബംഗ്ലാദേശ് നാഷണലിസ്റ്റ പാര്‍ട്ടി) നേതാവിന്റെയും വധശിക്ഷ ബംഗ്ലാദേശ് നടപ്പിലാക്കിയിട്ടുണ്ട്.
തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനും ജമാഅത്തെ ഇസ്‌ലാമിക്ക് ഇലക്ഷന്‍ കമ്മീഷന്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു.