വിമാനം റാഞ്ചാന്‍ ശ്രമിച്ചയാളെ ബംഗ്ലാദേശ് സൈന്യം വെടിവെച്ചു കൊന്നു
world
വിമാനം റാഞ്ചാന്‍ ശ്രമിച്ചയാളെ ബംഗ്ലാദേശ് സൈന്യം വെടിവെച്ചു കൊന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 24th February 2019, 10:37 pm

ധാക്ക: ചിറ്റഗോങ്ങില്‍ വിമാനം റാഞ്ചാന്‍ ശ്രമിച്ച അക്രമിയെ ബംഗ്ലാദേശ് സൈന്യം വെടിവെച്ചു കൊന്നു. മെഹ്ദി എന്ന് സ്വയം അവകാശപ്പെട്ട ഇയാള്‍ കീഴടങ്ങാന്‍ വിസമ്മതിച്ചതോടെയാണ് ഇയാളെ വധിച്ചതെന്ന് ബംഗ്ലാദേശ് മേജര്‍ ജനറല്‍ മുതീഉറഹ്മാന്‍ പറഞ്ഞു.

25 വയസ് തോന്നിക്കുന്ന അക്രമിയുടെ കൈയില്‍ പിസ്റ്റള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും സൈന്യം പറഞ്ഞു.

ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യമുള്ളതായി റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്. നേരത്തെ ഇയാള്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുമായി സംസാരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

ധാക്കയില്‍ നിന്ന് ദുബായിലേക്ക് പോകുകയായിരുന്ന ബി.ജി 147 വിമാനം ചിറ്റഗോങ്ങിലെ ഷാ അമാനത്ത് എയര്‍പോര്‍ട്ടില്‍ അടിയന്തര ലാന്‍ഡിങ് നടത്തുകയായിരുന്നു. ധാക്കയിലെ ഹസ്രത് ഷാ ജലാല്‍ വിമാനത്തവളത്തില്‍ നിന്ന് പറന്നുയര്‍ന്നയുടന്‍ അക്രമി കോക്പിറ്റിലെത്തി വിമാനം ചിറ്റഗോങ്ങില്‍ ഇറക്കാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേ സമയം തോക്കുമായി അക്രമി എങ്ങനെ വിമനത്താവളത്തിന് അകത്ത് എത്തിയെന്ന് വ്യക്തമല്ല. വിമാനത്തില്‍ 134 യാത്രക്കാരും 14 ജോലിക്കാരുമാണുണ്ടായിരുന്നത്.