ധാക്ക: കമിതാക്കള്‍ പരസ്പരം ചുബിക്കുന്ന ചിത്രമെടുത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ഫോട്ടോഗ്രാഫറെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു. ബംഗ്ലാദേശിലെ പ്രമുഖ ന്യൂസ് വെബ്‌സൈറ്റില്‍ ഫൊട്ടോജേണലിസ്റ്റായ ജിബോണ്‍ അഹമ്മദിനെയാണു ചിത്രത്തിന്റെ പേരില്‍ ജോലിയില്‍ നിന്നു പിരിച്ചുവിട്ടത്.
കമിതാക്കള്‍ പരസ്പരം ചുബിക്കുന്ന ചിത്രം സമൂഹമാധ്യമത്തില്‍ ഇട്ടതിനെ തുടര്‍ന്ന് ജിബോണ്‍ സൈബര്‍ ആക്രമണത്തിന് ഇരയായിരുന്നു. തുടര്‍ന്നു ചിത്രം സമൂഹമാധ്യമത്തില്‍ നിന്നു പിന്‍വലിക്കുകയും ചെയ്തു.
Read: റേഷന്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ല; സപ്ലൈ ഓഫീസില്‍ പെട്രോളൊഴിച്ച് ആത്മഹത്യാ ശ്രമം
ധാക്കാ സര്‍വകലാശാലയില്‍ മഴയില്‍ രണ്ടു കമിതാക്കള്‍ പരസ്പരം ചുബിക്കുന്ന ചിത്രമാണ് ജിബോണ്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റു ചെയ്തത്. മണിക്കൂറുകള്‍ക്കുള്ളില്‍ ചിത്രം വൈറലായി. തുടര്‍ന്നാണ് ചിത്രത്തെ വിമര്‍ശിച്ചു കൊണ്ടു ജിബോണിനെതിരെ സൈബര്‍ ആക്രമണം ആരംഭിച്ചത്.
കമിതാക്കള്‍ പൊതുയിടത്തില്‍ പരസ്പരം ചുബിക്കുന്നത് രാജ്യത്തിന്റെ സംസ്‌കാരത്തിനു ചേര്‍ന്നതല്ലെന്നായിരുന്നു മുഖ്യ ആരോപണം. എന്നാല്‍ ദിവ്യപ്രണയത്തിന്റെ പ്രതീകമായിട്ടാണ് താന്‍ ചിത്രം പകര്‍ത്തിയതെന്ന് വിദേശ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ ജിബോണ്‍ അഹമ്മദ് പറഞ്ഞു.
സദാചാരവാദികളുടെ ശാസനകള്‍ക്കനുസരിച്ചല്ല ഒരു കലാകാരന്‍ പ്രവര്‍ത്തിക്കുന്നതെന്നും ഒരു വിശദീകരണവും നല്‍കാതെയാണ് ജോലിയില്‍ നിന്നു പിരിച്ചുവിട്ടതെന്നും അദ്ദേഹം പറഞ്ഞു.
Read: ആള്‍ക്കൂട്ട കൊലപാതകം തുടര്‍ന്നാല്‍ രാജ്യം വീണ്ടും വിഭജിക്കും: പി.ഡി.പി നേതാവ്
അതേസമയം, ജിബോണിന് അനുകൂലമായി വിവിധ മാധ്യമസംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയുള്ള അസഹിഷ്ണുത രാജ്യത്തു വര്‍ധിച്ചു വരുകയാണെന്ന് അവര്‍ പറഞ്ഞു.
ജിബോണ്‍ അഹമ്മദിനു നേരെ സൈബര്‍ ആക്രമണം നേരത്തേയുമുണ്ടായിട്ടുണ്ട്. 2015ല്‍ കൊല്ലപ്പെട്ട ബ്ലോഗര്‍ അവിജിത് റോയിയെ സഹായിച്ചതിനായിരുന്നു അത്. വെടിയേറ്റ അവിജിത്തിനെ ആശുപത്രിയിലെത്തിക്കാന്‍ സഹായിക്കണമെന്ന് ഭാര്യ അഭ്യര്‍ഥിക്കുന്ന ചിത്രമാണ് ജിബോണെടുത്തത്. അന്ന് ആശുപത്രിയിലെത്തിക്കാന്‍ സഹായിച്ചതിന്റെ പേരില്‍ സൈബര്‍ ആക്രമണവും മര്‍ദനവും ഏറ്റിട്ടുണ്ട്.