ടി-20യില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് ബംഗ്ലാദേശിന്റെ വൈറ്റ്‌ബോള്‍ നായകന്‍ തമീം ഇഖ്ബാല്‍. വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പര 3-0ന് വൈറ്റ്‌വാഷ് നേടി സ്വന്തമാക്കിയതിന് പിന്നാലെയാണ് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്.
ഓസ്‌ട്രേലിയയില്‍ വെച്ച് നടക്കുന്ന ടി-20 ലോകകപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെയാണ് താരത്തിന്റെ വിരമിക്കല്‍ പ്രഖ്യാപനമെന്നതും ശ്രദ്ധേയമാണ്.
ഫേസ്ബുക്കിലൂടെയായിരുന്നു തമീം തന്റെ വിരമിക്കല്‍ പ്രഖ്യാപിച്ചത്.
‘ഇന്നുമുതല്‍ ഞാന്‍ ടി-ട്വന്റി അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്നും വിരമിച്ചതായി പരിഗണിക്കുക’ എന്നായിരുന്നു താരം ഫേസ്ബുക്കില്‍ കുറിച്ചത്.
ടി-20യില്‍ നിന്നും മാത്രമാണ് വിരമിക്കുന്നതെന്നും ടെസ്റ്റ് – ഏകദിന ക്രിക്കറ്റിലാണ് താന്‍ ഇനി ശ്രദ്ധ ചെലുത്താന്‍ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന് വേണ്ടിയും ഐ.സി.സി ലോകകപ്പിനും വേണ്ടിയാണ് തങ്ങള്‍ ഇനി തയ്യാറെടുക്കുന്നതെന്നും തമീം കൂട്ടിച്ചേര്‍ത്തു.
വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയില്‍ ബംഗ്ലാദേശിനെ നയിച്ചതും പരമ്പരയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടതും തമീം തന്നെയായിരുന്നു.
അതേസമയം, ഏതെങ്കിലും അവസരത്തില്‍ ടീമിന് തന്നെ ആവശ്യമാണെന്ന് തോന്നിയാല്‍ തിരിച്ചുവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബംഗ്ലാദേശിനായി 78 ടി-20 മത്സരങ്ങള്‍ കളിച്ച ഈ ഇടംകൈയന്‍ ബാറ്റര്‍ കരിയറില്‍ ഒരു സെഞ്ച്വറിയും ഏഴ് അര്‍ധ സെഞ്ച്വറിയുമടക്കം 1,758 റണ്‍സാണ് സ്വന്തമാക്കിയത്.
ബംഗ്ലാദേശിനായി ടി-20 ഫോര്‍മാറ്റില്‍ സെഞ്ച്വറി നേടിയ ഏക താരവും തമീം ഇഖ്ബാല്‍ തന്നെയാണ്. ബംഗ്ലാദേശിനായി ടി-20 ഫോര്‍മാറ്റില്‍ ഏറ്റവുമധികം റണ്‍സ് നേടിയ ബാറ്റര്‍മാരുടെ പട്ടികയിലെ മൂന്നാമനും തമീം തന്നെ.