| Saturday, 1st June 2024, 10:15 pm

ബംഗ്ലാദേശിനെ ഇന്ത്യ അടിച്ചു പഞ്ഞിക്കിട്ടു!

സ്പോര്‍ട്സ് ഡെസ്‌ക്

ടി-20 ലോകകപ്പിന് മുന്നോടിയായി ഇന്ത്യയും ബംഗ്ലാദേശും തമ്മില്‍ നടന്നുകൊണ്ടിരിക്കുന്ന സന്നാഹ മത്സരത്തിന്റെ ആദ്യ ഇന്നിങ്‌സ് അവസാനിച്ചിരിക്കുകയാണ്. നസാവു കൗണ്ടി ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ടോസ് നേടിയ ഇന്ത്യ ആദ്യം ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സ് ആണ് ഇന്ത്യ അടിച്ചെടുത്തത്. നിലവില്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന് ഇറങ്ങിയ ബംഗ്ലാദേശിന് രണ്ട് ഓവര്‍ പിന്നിടുമ്പോഴേക്കും രണ്ട് വിക്കറ്റ് നഷ്ടപ്പെട്ടിട്ടുണ്ട്.

റിഷബ് പന്തിന്റെയും ഹര്‍ദിക് പാണ്ഡ്യയുടെയും തകര്‍പ്പന്‍ പ്രകടനത്തിന്റെ മികവിലാണ് ഇന്ത്യ മികച്ച സ്‌കോറില്‍ എത്തിയത്. മൂന്നാമനായി ഇറങ്ങിയ പന്ത് തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവച്ചത്. 32 പന്തില്‍ നിന്ന് 53 റണ്‍സ് നേടിയാണ് പന്ത് തന്റെ ലോകകപ്പിലേക്കുള്ള വരവ് അറിയിച്ചത്.
നാല് സിക്‌സറും മൂന്ന് ഫോറും അടക്കം ഫിഫ്റ്റി നേടിയ പന്ത് റിട്ടയേര്‍ഡ് ഔട്ട് ആവുകയായിരുന്നു. 65.63 എന്ന കിടിലന്‍ സ്‌ട്രൈക്ക് റേറ്റില്‍ ആയിരുന്നു താരം ബാറ്റ് വീശിയത്.

പാണ്ഡ്യ 23 പന്തില്‍ നിന്ന് നാല് സിക്‌സറും രണ്ട് ഫോറും ഉള്‍പ്പെടെ 40 റണ്‍സ് ആണ് പുറത്താകാതെ അടിച്ചെടുത്തത്. 173.91 സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരത്തിന്റെ മിന്നും പ്രകടനം. ഇരുവര്‍ക്കും പുറമെ സൂര്യകുമാര്‍ യാദവ് 18 പന്തില്‍ നിന്ന് നാല് ഫോര്‍ അടക്കം 31 റണ്‍സ് നേടി. ശിവം ദുബെ 14 റണ്‍സും നേടി.

ലൈന്‍ അപ്പില്‍ വലിയ മാറ്റം വരുത്തിയായിരുന്നു ഇന്ത്യ കളത്തില്‍ ഇറങ്ങിയത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മയും മലയാളികളുടെ സ്വന്തം സഞ്ജു സാംസണും ആയിരുന്നു ഓപ്പണിങ് ഇറങ്ങിയത്. എന്നാല്‍ ആരാധകരെ അമ്പരപ്പിച്ചുകൊണ്ട് ആറു പന്തില്‍ ഒരു റണ്‍സ് മാത്രം നേടി ഒരു എല്‍.ബി.ഡബ്ലിയുവിലൂടെ പുറത്താവുകയായിരുന്നു സഞ്ജു. രണ്ടാം ഓവറിന്റെ അവസാന പന്തില്‍ ശരീഫുള്‍ ഇസ്‌ലാം സഞ്ജുവിന് നേരെ എറിഞ്ഞ പന്ത് വിക്കറ്റ് ലൈനില്‍ പാഡിന് തട്ടുകയായിരുന്നു.

മികച്ച പ്രകടനം കാഴ്ച വച്ചെങ്കിലും ക്യാപ്റ്റനും അധികനേരം ക്രീസില്‍ തുടരാന്‍ സാധിച്ചില്ല. 19 പന്തില്‍ ഒരു സിക്‌സും രണ്ട് ഫോറും അടക്കം 23 റണ്‍സാണ് രോഹിത് നേടിയത്. ബംഗ്ലാദേശിനു വേണ്ടി എട്ടു പേരാണ് പന്ത് എറിഞ്ഞത്. മെഹദി ഹസനും ശരീഫുള്‍ ഇസ്ലാമും മുഹമ്മദുള്ളയും തന്‍വീര്‍ ഇസ്ലാമും ഓരോ വിക്കറ്റുകള്‍ വീതം ടീമിന് വേണ്ടി നേടി.

Content Highlight: Bangladesh Need 183 Run To Win Friendly Match Against India

Latest Stories

We use cookies to give you the best possible experience. Learn more