ശ്രീലങ്കക്കെതിരായ മൂന്നാമത്തെയും അവസാനത്തെയും ഏകദിനം വിജയിച്ച് പരമ്പര സ്വന്തമാക്കിയിരിക്കുകയാണ് ബംഗ്ലാദേശ്. മത്സരത്തില്‍ ടോസ് നേടിയ ശ്രീലങ്ക ആദ്യം ബാറ്റ് ചെയ്യുകയായിരുന്നു. നിശ്ചിത ഓവറില്‍ ലങ്ക 235 റണ്‍സിന് ഓള്‍ഔട്ടുമായി. എന്നാല്‍ മറുപടി ബാറ്റിനിങ്ങന് ഇറങ്ങിയ ബംഗ്ലാ കടുവകള്‍ 40.2 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 237 റണ്‍സ് നേടി വിജയിക്കുകയായിരുന്നു. രണ്ടു വിജയമാണ് പരമ്പരയില്‍ ബംഗ്ലാദേശ് നേടിയത്.
എന്നാല്‍ മത്സരത്തിന് ശേഷം ശ്രദ്ധേയമായത് മുഷ്ഫിഖര്‍ റഹീമിന്റെ വിജയാഘോഷ പ്രകടനം ആയിരുന്നു. ശ്രീലങ്കയെയും എയ്ഞ്ചലോ മാത്യൂസിനെയും കണക്കിന് പരിഹസിക്കുകയായിരുന്നു താരം. 2023 ഐ.സി.സി ലോകകപ്പിനിടെ ബംഗ്ലാദേശും ശ്രീലങ്കയും ഏറ്റുമുട്ടിയപ്പോള്‍ മാത്യൂസ് ഹെല്‍മറ്റിന്റെ പ്രശ്‌നം കാരണം കളത്തിലിറങ്ങാന്‍ വൈകിയതിന് ടൈം ഔട്ട് ആയിരുന്നു. ഇതേത്തുടര്‍ന്ന് താരത്തിന് നിര്‍ണായക മത്സരം നഷ്ടപ്പെട്ടിരുന്നു.
എന്നാല്‍ ഇന്റര്‍നാഷണല്‍ ടി-ട്വന്റി മത്സരത്തില്‍ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ വിജയം സ്വന്തമാക്കിയ ശ്രീലങ്ക ബംഗ്ലാദേശിനെ കളിയാക്കുകയും ഉണ്ടായിരുന്നു. എന്നാല്‍ നിലവിലെ ഏകദിന പരമ്പരയില്‍ ബംഗ്ലാദേശ് വിജയിച്ചതോടെ ട്രോഫി നല്‍കുന്ന ചടങ്ങില്‍ മുഷ്ഫിഖര്‍ ഒരു ഹെല്‍മെറ്റ് കയ്യിലെടുത്ത് ‘ഇതിനെന്താണ് പ്രശ്‌നം’ എന്ന മട്ടില്‍ ശ്രീലങ്കയെ കണക്കിന് പരിഹസിക്കുകയായിരുന്നു. ബംഗ്ലാദേശിന്റെ ഈ ആഘോഷ പ്രകടനത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറല്‍ ആയിക്കൊണ്ടിരിക്കുകയാണ്.
ടീമിനെ വിജയത്തില്‍ എത്തിച്ചത് മുഷ്ഫിഖര്‍ റഹീമും റിഷാദ് ഹുസൈനും ചേര്‍ന്ന് നേടിയ മികച്ച കൂട്ടുകെട്ടാണ്. മുഷ്ഫിഖര്‍ 36 പന്തില്‍ നിന്ന് ഒരു സിക്‌സറും മൂന്നു ബൗണ്ടറിയും അടക്കം 37 റണ്‍സ് നേടി പുറത്താക്കാതിരുന്നപ്പോള്‍ ഹുസൈന്‍ 18 പന്തില്‍ നിന്ന് നാല് സിക്‌സും അഞ്ച് ഫോറും അടക്കം 48 റണ്‍സ് നേടി കൂട്ടുനിന്നു. 266 എന്ന സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരം ബാറ്റ് വീശിയത്.ബംഗ്ലാദേശിന് വേണ്ടി ഓപ്പണര്‍ തന്‍സിദ് ഹസന്‍ 81 പന്തില്‍ നിന്ന് നാല് സിക്‌സും ഒമ്പത് ഫോറും അടക്കം 84 റണ്‍സ് നേടി ടീമിനും മികച്ച സ്‌കോര്‍ നല്‍കി.
എന്നാല്‍ ക്യാപ്റ്റന്‍ നജ്മുല്‍ ഹുസൈന്‍ ഷാന്റോ ഒരു റണ്‍സിന് പുറത്തായപ്പോള്‍ തൗഹീദ് ഹൃദ്യോയി 22 റണ്‍സ് നേടി പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ചു. ഹൃദ്യോയി അടക്കം നാലുപേരാണ് ലങ്കന്‍ ബൗളര്‍ ലഹരു കുമാരക്ക് മുന്നില്‍ തകര്‍ന്നത്. ഓപ്പണര്‍ അനാമുല്‍ ഹഖ് (12), ക്യാപ്റ്റന്‍ നജ്മുല്‍ ഹുസൈന്‍ (1), തൗഹീദ് ഹൃദ്യോയി (22) മുഹമ്മദുള്ള (1) എന്നിവരെയാണ് താരം പുറത്താക്കിയത്. വനിന്ദു ഹസരങ്ക രണ്ടു വിക്കറ്റുകളും സ്വന്തമാക്കി. എന്നിട്ടും ടീമിനെ വിജയിക്കാന്‍ സാധിച്ചില്ല.
ആദ്യ ബാറ്റിങ്ങില്‍ ലങ്കയുടെ തുടക്കം മോശമായിരുന്നു. ഓപ്പണര്‍മാരായ പത്തും നിസങ്ക ആവിഷ്‌ക, ഫെര്‍ണാണ്ടോ എന്നിവര്‍ രണ്ടക്കം കടക്കാന്‍ കഴിയാതെ തസ്‌കിന്‍ അഹമ്മദിന്റെ ഇരയായി. തുടര്‍ന്ന് ടീമിന്റെ സ്‌കോര്‍ ഉയര്‍ത്തിയത് ജനിത് ലിയാനങ്കയാണ്. 102 പന്തില്‍ നിന്ന് രണ്ടു സിക്‌സും 11 ഫോറും ഉള്‍പ്പെടെ 101 റണ്‍സ് ആണ് താരം നേടിയത്. താരത്തിന് പുറമേ കുശാല്‍ മെന്‍ഡീസ് 29 റണ്‍സും ചരിത്രം നേടി മികച്ച പ്രകടനം കാഴ്ചവച്ചു.
ബംഗ്ലാദേശിനു വേണ്ടി തസ്‌കിന്‍ മൂന്ന് വിക്കറ്റുകളും മുസ്തഫീസൂര്‍ റഹ്‌മാന്‍, മെഹ്ദി ഹസന്‍ മിറാസ് എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ നേടിയപ്പോള്‍ സൗമ്യ സര്‍ക്കാറും റിഷാദും ഓരോ വിക്കറ്റും സ്വന്തമാക്കി.
Content Highlight: Bangladesh mocked Sri Lanka