| Monday, 20th June 2022, 1:41 pm

സെഞ്ച്വറി അടിക്കാന്‍ ബംഗ്ലാദേശ്; ഇവന്‍മാര്‍ക്ക് കളി നിര്‍ത്തിക്കൂടെ എന്ന് എല്ലാവരും ഒരേ സ്വരത്തില്‍ ചോദിക്കുന്നു

സ്പോര്‍ട്സ് ഡെസ്‌ക്

വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം ഒന്നും പൊരുതാന്‍ പോലും സാധിക്കാതെ തോറ്റിരിക്കുകയാണ് ബംഗ്ലാദേശ്. രണ്ടാം ഇന്നിങ്‌സില്‍ 84 റണ്ണായിരുന്നു വീന്‍ഡീസിന് വേണ്ടിയിരുന്നത്. നാലാം ദിനം ആദ്യ സെഷനില്‍ തന്നെ വിന്‍ഡീസ് അനായാസം വിജയം സ്വന്തമാക്കുകയായിരുന്നു.

ടെസ്റ്റ് ക്രിക്കറ്റില്‍ പരാജയങ്ങള്‍ ശീലമാക്കിയ ബംഗ്ലാ കടുവകള്‍ക്ക് ഇതോടെ ടെസ്റ്റില്‍ 99 തോല്‍വിയായി. ടെസ്റ്റ് ക്രിക്കറ്റില്‍ തോല്‍വിയില്‍ ഏറ്റവും വലിയ ശതമാനം ബംഗ്ലാദേശിനാണ്. 33 ടെസ്റ്റ് മത്സരം കളിച്ച ബംഗ്ലാദേശ് 74.83 ശതമാനം കളിയും തോല്‍ക്കുകയായിരുന്നു.

വെറും 16 മത്സരത്തിലാണ് ബംഗ്ലാദേശ് വിജയിച്ചത്. വിജയ ശതമാനം വെറും 12.03 ആണ്. കളിക്കുന്ന ഓരോ 0.16 ഗെയ്മിലും ടീം തോല്‍ക്കുന്നുണ്ട്.

ഏകദിനത്തിലും ട്വന്റി-20യിലും ഭേദപ്പെട്ട ടീമായ ബംഗ്ലാ പക്ഷെ ടെസ്റ്റ് മത്സരങ്ങളില്‍ ഇതുവരെ സ്ഥിരത കാഴ്ചവെച്ചിട്ടില്ല. 2000ത്തിലാണ് ബംഗ്ലാദേശിന് ടെസ്റ്റ് പദവി ലഭിക്കുന്നത്. ഇന്ത്യക്കെതിരെയായിരുന്നു ആദ്യ മത്സരം സ്വാഭാവികമായും വിജയം ഇന്ത്യയുടെ കൂടെയായിരുന്നു.

2005ലാണ് ബംഗ്ലാദേശ് ആദ്യമായി ഒരു ടെസ്റ്റ് മത്സരം വിജയിക്കുന്നത്. സിംബാവെക്കെതിരെയാണ് ബംഗ്ലാദേശ് ജയിച്ചത്.

വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്യാന്‍ അയക്കപ്പെട്ട ബംഗ്ലാദേശ് വെറും 103 റണ്ണാണ് ആദ്യ ഇന്നിങ്‌സില്‍ നേടിയത്. ബംഗ്ലാ നിരയില്‍ 9 ബാറ്റര്‍മാരാണ് രണ്ടക്കം കാണാതെ പുറത്തുപോയത്. മറുപടി ബാറ്റിങ്ങിനറങ്ങിയ വിന്‍ഡീസ് 265 എന്ന നല്ല സ്‌കോര്‍ നേടിയിരുന്നു.

രണ്ടാം ഇന്നിങ്‌സില്‍ ക്യാപ്റ്റന്‍ ഷാകിബുല്‍ ഹസന്റെയും നൂറുല്‍ ഹസന്റയും അര്‍ധസെഞ്ച്വറിയുടെ മികവില്‍ 245 റണ്‍ സ്വന്തമാക്കിയിരുന്നെങ്കിലും ഒന്നു പൊരുതാനുള്ള സ്‌കോര്‍ പോലുമല്ലായിരുന്നു അത്. വിന്‍ഡീസ് അനായാസം വിജയിക്കുകയും ചെയതു.

ക്രിക്കറ്റ് ആരാധകരുടെ ഭാഗത്ത് നിന്ന് നല്ല ട്രോളുകളാണ് ബംഗ്ലാദേശ് ടീമിന് ലഭിക്കുന്നത്. ഇതുപോലൊരു ടീമിന്റെ ടെസ്റ്റ് പദവി റദ്ദാക്കാന്‍ വരെ ആരാധകരുടെ ഭാഗത്തു നിന്ന് നിലവിളിയുണ്ട്.

വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള രണ്ടാം ടെസ്റ്റ് മത്സരം ഈ മാസം 24നാണ് ആരംഭിക്കുന്നത്. പരമ്പരയില്‍ തിരിച്ചുവരുവാനും വിരോധികളുടെ വായടപ്പിക്കാനും ബംഗ്ലാദേശിന് അടുത്ത മത്സരം വിജയിച്ചേ മതിയാവു.

Content Highlights: Bangladesh lost 99 test matches

We use cookies to give you the best possible experience. Learn more