ഏകദിന ലോകകപ്പില്‍ ഇതുവരെ അവരെ തോല്‍പ്പിച്ചിട്ടില്ല ; അഭിമാന ജയത്തിനായി ബംഗ്ലാദേശ്
2023 ഐ.സി.സി ലോകകപ്പിലെ 43ാം മത്സരത്തില്‍ ഓസ്‌ട്രേലിയയും ബംഗ്ലാദേശും ഏറ്റുമുട്ടും. മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തിലാണ് മത്സരം. നിലവില്‍ അഞ്ചുവര്‍ഷം ചാമ്പ്യന്മാരായ ഓസീസ് ഇതിനോടകം സെമി ഫൈനല്‍ ഉറപ്പിച്ചിരിക്കുകയാണ്. ടോസ് നേടിയ ഓസീസ് ബംഗ്ലാദേശിനെ ബാറ്റിങ്ങിനയച്ചിരിക്കുകയാണ്. എന്നാല്‍ ലോകകപ്പില്‍ നിന്നും നേരത്തെ പുറത്തായ ബംഗ്ലാദേശിന്റെ ശേഷിക്കുന്ന അവസാന മത്സരമാണിത്. എട്ടു മത്സരങ്ങളില്‍ നിന്നും രണ്ടു വിജയം മാത്രമാണ് ബംഗ്ലാദേശിന് നേടാന്‍ കഴിഞ്ഞത്.
കഴിഞ്ഞ മത്സരത്തില്‍ അഫ്ഗാനിസ്ഥാനെതിരെ ഇരട്ട സെഞ്ച്വറി നേടിയ ഗ്ലെന്‍ മാക്‌സ് വെല്‍ മത്സരത്തില്‍ നിന്ന് മാറിനില്‍ക്കും. അഫ്ഗാനിസ്ഥാന് എതിരായ ഒറ്റയാന്‍ പോരാട്ടത്തിനൊടുവില്‍ കാലിന് പരിക്കേറ്റതിനാലാണ് മാക്‌സി വിശ്രമം എടുക്കുന്നത്. 128 പന്തില്‍ നിന്നും തന്റെ ആദ്യ ഇരട്ട സെഞ്ച്വറി നേടിയ ഗ്ലെന്‍ മാക്സ്വെല്‍ മറ്റൊരു ക്രിക്കറ്റ് ചരിത്രമാണ് ലോകകപ്പില്‍ എഴുതി ചേര്‍ത്തത്. അഫ്ഗാനിസ്ഥാനെതിരെ നേടിയ വമ്പന്‍ വിജയത്തിലാണ് ഓസീസ് സെമി ഫൈനലില്‍ ഇടം നേടിയത്.
ശക്തമായ ബൗളിങ് നിരയും ഓസീസിന്റെ മറ്റൊരു പ്രത്യേകതയാണ്. ഓസീസ് സ്പിന്‍ മാന്ത്രികന്‍ ആദം സാംപയാണ് 20 വിക്കറ്റ് നേടി നിലവില്‍ വിക്കറ്റ് വേട്ടയില്‍ രണ്ടാമത്. 21 വിക്കറ്റുകള്‍ നേടിയ ശ്രീലങ്കയുടെ ദില്‍ശന്‍ മദുശങ്കയാണ് ഒന്നാമത്. ബംഗ്ലാദേശിനെതിരെ ഇന്ന് രണ്ട് വിക്കറ്റുകളെടുത്താന്‍ സാംപക്ക് വിക്കറ്റ് വേട്ടയില്‍ ഒന്നാമതെത്താം.
കഴിഞ്ഞ മത്സരത്തില്‍ നിന്ന് മാറിനിന്ന സ്റ്റീവ് സ്മിത്ത് ബംഗ്ലാദേശിനെതിരെ ഇന്ന് മത്സരിക്കും. എന്നാല്‍ ബംഗ്ലാദേശിന്റെ ക്യാപ്റ്റന്‍ ഷക്കിബ് അല്‍ ഹസ്സന്‍ വിരലിനു പറ്റിയ ഒടിവ് കാരണം ശേഷിക്കുന്ന അവസാന മത്സരത്തില്‍ നിന്നും പിന്മാറിയിരിക്കുകയാണ്. ലോകകപ്പ് മത്സരത്തില്‍ ഇതുവരെ ബംഗ്ലാദേശിനും ഓസ്‌ട്രേലിയയെ തോല്‍പ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇരുവരും നാലു തവണ മാത്രമാണ് നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയത് അതില്‍ മൂന്നുതവണയും ഓസീസാണ് വിജയിച്ചത്. മാത്രമല്ല ഒ.ഡി.ഐ മത്സരത്തില്‍ 21 കളികളില്‍ ഒരു വിജയം മാത്രമാണ് ബംഗ്ലാദേശിന് നേടാനായത്. ഒരു കളിയില്‍ ഫലം ഉണ്ടായില്ല. അഭിമാന വിജയത്തിനായി ബംഗ്ലാദേശ് ഇന്ന് എം.സി.എ സ്റ്റേഡിയത്തില്‍ ഇറങ്ങുമ്പോള്‍ കങ്കാരുപ്പട കൂടുതല്‍ ശക്തരായിതന്നെ തുടരുകയാണ്.
നിലവില്‍ ബാറ്റര്‍മാര്‍ക്ക് അനുകൂലമായാണ് മത്സരത്തിന്റെ പിച്ച് റിപ്പോര്‍ട്ട്. മഴയുടെ സാധ്യത വെറും 10% മാത്രമാണ്. വരാനിരിക്കുന്ന സെമി ഫൈനല്‍ മത്സരത്തില്‍ നവംബര്‍ 15ന് ഇന്ത്യ ന്യൂസിലാന്‍ഡിനെ നേരിടുമെന്നത് ഏറെക്കുറെ ഉറപ്പായി. രണ്ടാം സെമി ഫൈനലില്‍
നവംബര്‍ 16ന് സൗത്ത് ആഫ്രിക്ക ഓസ്‌ട്രേലിയയും നേരിടും. നവംബര്‍ 12ന് ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഇന്ത്യക്ക് നെതര്‍ലന്‍ഡ്‌സുമായി ഒരു മത്സരം കൂടി അവശേഷിക്കുന്നുണ്ട്. 2023 ലോകകപ്പിന്റെ അവസാന നിമിഷങ്ങളിലേക്ക് എത്തിനില്‍ക്കുമ്പോള്‍ വാശിയേറിയ നോക്കൗട്ട് പോരാട്ടത്തിലേക്കാണ് ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്നത്.
Content Highlight: Bangladesh Looking For A Proud Victory In The Match Against Australia