ധാക്ക: ബംഗ്ലാദേശ് ജമാഅത്തെ ഇസ്‌ലാമിയുടെ അസിസ്റ്റന്റ് സെക്രട്ടറി ജനറലായ അസ്ഹറുല്‍ ഇസ്‌ലാമിന് വധശിക്ഷ. 1971 ലെ ബംഗ്ലാദേശ് സ്വാതന്ത്ര്യ സമര കാലത്തെ യുദ്ധക്കുറ്റങ്ങള്‍ പരിഗണിക്കുന്ന പ്രത്യേക കോടതിയാണ് ഇദ്ദേഹത്തിന് വധശിക്ഷ വിധിച്ചിരിക്കുന്നത്. യുദ്ധക്കുറ്റങ്ങളുടെ പേരില്‍ ബംഗ്ലാദേശില്‍ ശിക്ഷിക്കപ്പെടുന്ന പതിനൊന്നാമത്തെ ഇസ്‌ലാമിസ്റ്റ് നേതാവാണ് അസ്ഹറുല്‍ ഇസ്‌ലാം.
ജസ്റ്റിസ് ഇനായത്തുറഹീമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. ആറോളം കേസുകളിലായാണ് വിധി വന്നിരിക്കുന്നത്. 1971 ലെ സ്വാതന്ത്ര്യ സമര കാലഘട്ടത്തില്‍ അല്‍ബദര്‍ എന്ന സായുധ വിഭാഗത്തിന്റെ രംഗ്പൂരിലെ കമാണ്ടറായിരുന്ന അസ്ഹറുല്‍ 1200ഓളം പേരെ കൂട്ടഹത്യ നടത്താന്‍ ഉത്തരവിട്ടതായാണ് കോടതിയുടെ കണ്ടെത്തലുകള്‍.
അതേ സമയം കോടതി വിധിക്കെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ പോകുമെന്ന് പ്രതിഭാഗം അഭിഭാഷകനായ താജുല്‍ ഇസ്‌ലാം അറിയിച്ചിട്ടുണ്ട്. വിഭജന കാലഘട്ടത്തില്‍ അസ്ഹറിന് 19 വയസ് മാത്രമെ ഉണ്ടായിരുന്നു എന്നും കേസ് കെട്ടിച്ചമച്ചതാണെന്നും താജുല്‍ ഇസ്‌ലാം പറഞ്ഞു.
അതെ സമയം വിധിയില്‍ ആഹ്ലാദം പ്രകടിപ്പിച്ച് രംഗ്പൂര്‍ നിവാസികള്‍ മധുര പലഹാരം വിതരണം ചെയ്തു. പാകിസ്ഥാന്‍ വിഭജനക്കാലത്ത് നടന്ന അക്രമ പരമ്പരയില്‍ ന്യൂനപക്ഷ വിഭാഗമായ ഹിന്ദുക്കളടക്കം നിരവധി പേരായിരുന്നു കൊല്ലപ്പെട്ടിരുന്നത്. വിധിയില്‍ പ്രതിഷേധിച്ച് രണ്ട് ദിവസത്തെ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുകയാണ് ബംഗ്ലാദേശ് ജമാഅത്ത് നേതൃത്വം.
നേരത്തെ ഒക്ടോബറില്‍ മുതിര്‍ന്ന ജമാഅത്ത് നേതാവായിരുന്ന മുതീഉര്‍ റഹ്മാന്‍ നിസാമിയെയും കോടതി വധശിക്ഷ വിധിച്ചിരുന്നു. വംശഹത്യ, കൊലപാതകം, ബലാല്‍സംഗം തുടങ്ങീ 16 ഓളം കുറ്റങ്ങളാണ് നിസാമിയുടെ മേല്‍ ചുമത്തിയിരുന്നത്. യുദ്ധക്കുറ്റങ്ങള്‍ പരിഗണിക്കുന്ന പ്രത്യേക ട്രിബ്യൂണലാണ് തന്നെയായിരുന്നു ഇദ്ദേഹത്തിനെതിരെയും വിധി പ്രഖ്യാപിച്ചിരുന്നത്.
ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീനയുടെ കീഴിലുള്ള അവാമി പാര്‍ട്ടിയാണ് 2009 ല്‍ യുദ്ധക്കുറ്റങ്ങള്‍ പരിഗണിക്കുന്ന പ്രത്യേക ട്രിബ്യൂണലിന് രൂപം കൊടുത്തത്.