ഷെയ്ഖ് ഹസീനക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് ബംഗ്ലാദേശ്; നവംബര്‍ 18ന് കോടതിയില്‍ ഹാജരാക്കാന്‍ ഉത്തരവ്
World News
ഷെയ്ഖ് ഹസീനക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് ബംഗ്ലാദേശ്; നവംബര്‍ 18ന് കോടതിയില്‍ ഹാജരാക്കാന്‍ ഉത്തരവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 17th October 2024, 4:01 pm

ധാക്ക: വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെ തുടര്‍ന്ന് അധികാരം നഷ്ടപ്പെട്ട് രാജ്യം വിടേണ്ടിവന്ന ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് ബംഗ്ലാദേശിലെ ഇന്റര്‍നാഷണല്‍ ക്രൈം ട്രൈബ്യൂണല്‍ കോടതി. ഹസീനയെ അറസ്റ്റ് ചെയ്ത് നവംബര്‍ 18ന് കോടതിയില്‍ ഹാജരാക്കാനാണ് വ്യാഴാഴ്ച കോടതി ഉത്തരവിട്ടിരിക്കുന്നത്.

ബംഗ്ലാദേശ് ക്രൈം ട്രൈബ്യൂണല്‍ ചീഫ് പ്രോസിക്യൂട്ടര്‍ മുഹമ്മദ് താജുല്‍ ഇസ്‌ലാമിനെ ഉദ്ധരിച്ചുകൊണ്ട് വിവിധ അന്താരാഷ്ട്ര മാധ്യമങ്ങളാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 15 വര്‍ഷം നീണ്ടുനിന്ന ഷെയ്ഖ് ഹസീനയുടെ ഭരണം രാജ്യത്ത് വ്യാപകമായ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചതെന്ന് മുഹമ്മദ് താജുല്‍ ഇസ്‌ലാം പറയുന്നു.

രാഷ്ട്രീയ എതിരാളികളെ കൂട്ടമായി തടങ്കലിലാക്കിയതും രാജ്യത്ത് നടന്ന അനേകം കൊലപാതകങ്ങളും ഷെയ്ഖ് ഹസീനയുടെ ഭരണത്തിന്റെ ബാക്കിപത്രങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബംഗ്ലാദേശില്‍ വിദ്യാര്‍ത്ഥി പ്രക്ഷോഭം നടന്ന ജൂലൈ മുതല്‍ ഓഗസ്റ്റ് വരെയുള്ള കാലയളവില്‍ നടന്നിട്ടുള്ള കൊലപാതകങ്ങളും കുറ്റകൃത്യങ്ങളും ചെയ്തവര്‍ക്ക് നേതൃത്വം നല്‍കിയത് ഷെയ്ഖ് ഹസീനയായിരുന്നു എന്നും അതുകൊണ്ട് തന്നെ അവര്‍ക്കെതിരെ അറസ്റ്റ് വാറണ്ട് വന്നിട്ടുള്ള ഈ ദിവസം പ്രത്യേകതയുള്ളതാണെന്നും മുഹമ്മദ് താജുല്‍ ഇസ്‌ലാം പറഞ്ഞു.

അതേസമയം അധികാരം നഷ്ടപ്പെട്ട്‌ രാജ്യം വിടേണ്ടി വന്ന ഷെയ്ഖ് ഹസീന ഇപ്പോള്‍ എവിടെയാണെന്നതിനെ കുറിച്ചുള്ള വാര്‍ത്തകളോ വിവരങ്ങളോ ലഭ്യമായിട്ടില്ല. അധികാരത്തില്‍ നിന്ന് പുറത്തായതിന് പിന്നാലെ അവര്‍ ഇന്ത്യയിലെത്തിയിരുന്നു.

ദല്‍ഹിയില്‍ വിമാനമിറങ്ങുന്ന അവരുടെ ദൃശ്യങ്ങളാണ് അവസാനമായി പുറത്ത് വന്നിട്ടുള്ളത്. അതിന് ശേഷം ഷെയ്ഖ് ഹസീന എവിടെയാണെന്നതിനെ കുറിച്ച് വിവരങ്ങളൊന്നുമുണ്ടായിട്ടില്ല. ഇന്ത്യ ഷെയ്ഖ് ഹസീനക്ക് അഭയം നല്‍കിയത് ബംഗ്ലാദേശിനെ ചൊടിപ്പിക്കുകയും ചെയ്തിരുന്നു. ബംഗ്ലാദേശ് ഷെയ്ഖ് ഹസീനയുടെ നയതന്ത്ര പാസ്‌പോര്‍ട്ട് റദ്ദാക്കുകയും ചെയ്തിട്ടുണ്ട്.

content highlights: Bangladesh issues arrest warrant against Sheikh Hasina; Ordered to appear in court on November 18