[]ദാക്ക: യുദ്ധക്കുറ്റം ചുമത്തിയ ബംഗ്ലാദേശ് ജമാ അത്തെ നേതാവിന് ബംഗ്ലാദേശ് സുപ്രീം കോടതി വധശിക്ഷയ്ക്ക് വിധിച്ചു. 1971 ലെ സ്വാതന്ത്ര്യ സമര കാലഘട്ടത്തിലെ യുദ്ധക്കുറ്റങ്ങള്‍ക്കാണ് കോടതി വധശിക്ഷ വിധിച്ചത്.
ജമാ അത്തെ ഇസ്‌ലാമി പാര്‍ട്ടിയുടെ അസിസ്റ്റന്റ് സെക്രട്ടറിയായ അബ്ദുള്‍ ഖാദര്‍ മൊല്ലയെയാണ് കോടതി വധശിക്ഷയ്ക്ക് വിധിച്ചത്.
ഇയാള്‍ക്ക് കീഴ്‌ക്കോടതി നേരത്തെ ജീവപര്യന്തം തടവുശിക്ഷ വിധിച്ചിരുന്നു. ഇതിനെതിരെ നല്‍കിയ ഹരജി പരിഗണിച്ച സുപ്രീം കോടതി ശിക്ഷ വര്‍ദ്ധിപ്പിക്കുകയായിരുന്നു.
സ്വാതന്ത്ര്യസമര യുദ്ധക്കാലത്ത് 30 ലക്ഷം പേര്‍ മരിച്ചതായാണ് ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത്.
നേരത്തേ പാക്കിസ്ഥാന്റെ ഭാഗമായിരുന്ന ബംഗ്ലാദേശ്, 1971ല്‍ ഇന്ത്യയുടെ സഹായത്തോടെ നടത്തിയ വിമോചന യുദ്ധത്തെത്തുടര്‍ന്നാണ് പ്രത്യേക രാഷ്ട്രമായത്.
അന്ന് പാക്കിസ്ഥാന്‍ പക്ഷത്തായിരുന്ന ജമാഅത്തെ ഇസ്‌ലാമി, വിമോചന പോരാളികളെയും പോരാട്ടത്തെ അനുകൂലിച്ച ബുദ്ധിജീവികളെയും പാക്കിസ്ഥാന്‍ സൈന്യത്തിന്റെ സഹായത്തോടെ ഗൂഢാലോചന നടത്തി കൊന്നൊടുക്കിയെന്നാണ് ആരോപണം.
ഫെബ്രുവരിയില്‍ ഇയാള്‍ക്ക് ജീവപര്യന്ത്യം തടവുശിക്ഷ വിധിച്ചത് ഏറെ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. ധാക്കയിലെ മിര്‍പുര്‍ മേഖലയില്‍ നടന്ന കൂട്ടക്കൊലയില്‍ ഇയാള്‍ക്ക് പങ്കുണ്ടെന്നും അന്വേഷണസംഘം കണ്ടെത്തിയിരുന്നു.
പ്രത്യേക കോടതി സ്ഥാപിച്ചാണ് 2012 ല്‍ കേസിന്റെ വിചാരണ ആരംഭിച്ചത്. കാസിമും കൂട്ടാളികളും കിഴക്കന്‍ പാകിസ്താന്റെ സ്വാതന്ത്ര്യത്തിനെതിരായി പ്രവര്‍ത്തിച്ചുവെന്നായിരുന്നു കേസ്. കൂട്ടക്കൊലയടക്കം ആറ് യുദ്ധക്കുറ്റങ്ങള്‍ കാസിം ചെയ്തതായും പ്രോസിക്യൂഷന്‍ ആരോപിച്ചു.
യുദ്ധക്കുറ്റവാളികളെ വിചാരണ ചെയ്യാന്‍ 2010ല്‍ സ്ഥാപിച്ച പ്രത്യേക ട്രൈബ്യൂണല്‍ കഴിഞ്ഞ ജനുവരി മുതലാണ് വിവിധ കേസുകളില്‍ വിധി പറഞ്ഞു തുടങ്ങിയത്. പ്രതികളെ ശിക്ഷിച്ചു തുടങ്ങിയത് മുതല്‍ രാജ്യത്ത് വന്‍ കലാപമാണ് നടക്കുന്നത്.