| Tuesday, 3rd September 2024, 6:01 pm

24 വര്‍ഷങ്ങള്‍ക്ക് ശേഷം സ്വന്തമാക്കിയ മറ്റൊരു റെക്കോഡ്; പാകിസ്ഥാന്റെ തലയില്‍ ആണിയടിച്ച് കടുവകള്‍!

സ്പോര്‍ട്സ് ഡെസ്‌ക്

ബംഗ്ലാദേശിന്റെ പാകിസ്ഥാന്‍ പര്യടനത്തില്‍ പരമ്പര സ്വന്തമാക്കിയിരിക്കുകയാണ് കടുവകള്‍. രണ്ട് മത്സരങ്ങളുടെ പരമ്പരയില്‍ രണ്ടിലും വിജയിച്ചാണ് ബംഗ്ലാദേശ് പാകിസ്ഥാനെ വൈറ്റ്വാഷ് ചെയ്തത്. ചരിത്രത്തിലാദ്യമായാണ് ബംഗ്ലാദേശ് പാകിസ്ഥാനെതിരെ ടെസ്റ്റ് പരമ്പര സ്വന്തമാക്കുന്നത്.

റാവല്‍പിണ്ടി അന്താരാഷ്ട്ര ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിനായിരുന്നു ബംഗ്ലാദേശിന്റെ ചരിത്ര വിജയം.

രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിങ്സില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ പാകിസ്ഥാന്‍ 274 റണ്‍സിന് ഓള്‍ ഔട്ട് ആയിരുന്നു. എന്നാല്‍ തുടര്‍ ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലാദേശ് 262 റണ്‍സ് നേടിയാണ് പുറത്തായത്. നിര്‍ണായകമായ രണ്ടാം ഇന്നിങ്‌സില്‍ 172 റണ്‍സിന് വമ്പന്‍ തകര്‍ച്ചയാണ് ടീം ഏറ്റുവാങ്ങിയത്. ഇതോടെ 185 റണ്‍സിന്റെ വിജയലക്ഷ്യം നാല് വിക്കറ്റ് നഷ്ടത്തില്‍ നേടിയെടുക്കുകയായിരുന്നു ബംഗ്ലാദേശ്.

ഇതോടെ ഒരു തകര്‍പ്പന്‍ നേട്ടമാണ് ബംഗ്ലാദേശ് നേടിയത്. പാകിസ്ഥാനില്‍ ടെസ്റ്റ് മത്സരത്തില്‍ സന്ദര്‍ശകര്‍ നേടുന്ന മൂന്നാമത്തെ സക്‌സസ്ഫുള്‍ റണ്‍ചെയ്‌സാണ് ബംഗ്ലാദേശ് നേടിയത്. 24 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പാകിസ്ഥാനില്‍ വിസിറ്റേഴ്‌സ് വീണ്ടും ഉയര്‍ന്ന സ്‌കോര്‍ മാര്‍ജിനില്‍ വിജയിക്കുന്നത്.

പാകിസ്ഥാനില്‍ വിസിറ്റേഴ്‌സ് നേടുന്ന ഏറ്റവും വലിയ റണ്‍സ്, രാജ്യം,സ്ഥലം, വര്‍ഷം

220 – ശ്രീലങ്ക – റാവല്‍പിണ്ടി – 2000

208 – ഇംഗ്ലണ്ട് – ലാഹോര്‍ – 1961

185 – ബംഗ്ലാദേശ് – റാവല്‍പിണ്ടി – 2024*

176 – ഇംഗ്ലണ്ട് – കറാച്ചി – 2000

ആദ്യ ഇന്നിങ്‌സില്‍ ബംഗ്ലാദേശ് 26 റണ്‍സിന് ആറ് വിക്കറ്റ് എന്ന നിലയിലായിരുന്നു. എന്നാല്‍ വിക്കറ്റ് കീപ്പര്‍ ലിട്ടണ്‍ ദാസിന്റെ മിന്നും പ്രകടനത്തിലാണ് ടീം സ്‌കോര്‍ ഉയര്‍ത്തിയത്. 228 പന്തില്‍ 138 റണ്‍സ് നേടിയാണ് താരം ടീമിനെ ഉയര്‍ന്ന സ്‌കോറില്‍ എത്തിച്ചത്. പിന്നീട് രണ്ടാം ഇന്നിങ്സില്‍ പാകിസ്ഥാന്‍ അടിമുടി പതറുകയായിരുന്നു. സല്‍മാന്‍ അലി ആഘയ്ക്ക് മാത്രമാണ് ടീമിന് വേണ്ടി 47 റണ്‍സ് നേടി ഉയര്‍ന്ന സ്‌കോര്‍ നേടാന്‍ സാധിച്ചത്.

ബംഗ്ലാദേശ് ബൗളിങ്ങില്‍ ഹസന്‍ മുഹമ്മദിന്റെ അഞ്ച് വിക്കറ്റ് ബലത്തിലാണ് പാക് പട തകര്‍ന്ന് വീണത്. മത്സരത്തിലെ അവസാന ഇന്നിങ്‌സില്‍ ബംഗ്ലാദേശ് ഓപ്പണര്‍ സാക്കിര്‍ ഹസന്‍ 40 റണ്‍സും ക്യാപ്റ്റന്‍ നജ്മുള്‍ ഹുസൈന്‍ ഷാന്റോ 38 റണ്‍സും മെനീമുള്‍ ഹഖ് 34 നേടി പുറത്തായിരുന്നു. എന്നാല്‍ മുഷ്ഫിഖര്‍ റഹീമും (22) ഷാക്കിബ് അല്‍ ഹസനും (21) ടീമിനെ വിജയത്തിലെത്തിക്കുകയായിരുന്നു.

Content Highlight: Bangladesh In Record Achievement Against Pakistan

We use cookies to give you the best possible experience. Learn more