| Wednesday, 4th September 2024, 1:04 pm

ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ വമ്പന്‍ കുതിപ്പുമായി ബംഗ്ലാദേശ് കടുവകള്‍!

സ്പോര്‍ട്സ് ഡെസ്‌ക്

പാകിസ്ഥാനെതിരെ റാവല്‍പിണ്ടിയില്‍ നടന്ന രണ്ട് മത്സരങ്ങളടങ്ങുന്ന ടെസ്റ്റ് പരമ്പര ബംഗ്ലാദേശ് സ്വന്തമാക്കിയിരുന്നു. ആദ്യമായാണ് ബംഗ്ലാദേശ് പാകിസ്ഥാനെ തകര്‍ത്ത് ചരിത്ര വിജയം സ്വന്തമാക്കുന്നത്. തോല്‍വിയെത്തുടന്ന് പാകിസ്ഥാന് വലിയ വിമര്‍ശനങ്ങളാണ് ഏറ്റുവാങ്ങേണ്ടി വന്നത്.

രണ്ടാം ടെസ്റ്റില്‍ ആറ് വിക്കറ്റിനായിരുന്നു ബംഗ്ലാദേശിന്റെ ചരിത്ര വിജയം. ആദ്യ ടെസ്റ്റില്‍ 10 വിക്കറ്റിന്റെ മിന്നും വിജയവും ബംഗ്ലാദേശ് സ്വന്തമാക്കിയിരുന്നു. ഇതോടെ 2025 ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് റാങ്കിങ്ങില്‍ വമ്പന്‍ കുതിപ്പ് നടത്തിയിരിക്കുകയാണ് കടുവകള്‍.

ഐ.സി.സി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ നാലാം സ്ഥാനത്ത് എത്താനാണ് ടീമിന് സാധിച്ചത്. 2024 സെപ്റ്റംബര്‍ മൂന്നിലെ അപ്‌ഡേറ്റ് പ്രകാരം ആറ് മത്സരങ്ങളില്‍ നിന്ന് 33 പോയിന്റും 45.83 എന്ന പോയിന്റ് ശകമാനവുമാണ് ടീമിനുള്ളത്. ഒന്നാമതുള്ളത് ഇന്ത്യയും രണ്ടാം സ്ഥാനത്ത് ഓസ്‌ട്രേലിയയും മൂന്നാം സ്ഥാനത്ത് ന്യൂസിലാന്‍ഡും അഞ്ചാം സ്ഥാനത്ത് ഇംഗ്ലണ്ടുമാണുള്ളത്.

രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ പാകിസ്ഥാന്‍ 274 റണ്‍സിന് ഓള്‍ ഔട്ട് ആയിരുന്നു. എന്നാല്‍ തുടര്‍ ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലാദേശ് 262 റണ്‍സ് നേടിയാണ് പുറത്തായത്. നിര്‍ണായകമായ രണ്ടാം ഇന്നിങ്സില്‍ 172 റണ്‍സിന് വമ്പന്‍ തകര്‍ച്ചയാണ് ടീം ഏറ്റുവാങ്ങിയത്. ഇതോടെ 185 റണ്‍സിന്റെ വിജയലക്ഷ്യം നാല് വിക്കറ്റ് നഷ്ടത്തില്‍ നേടിയെടുക്കുകയായിരുന്നു ബംഗ്ലാദേശ്.

അതേസമയം 2021 ഡിസംബറിന് ശേഷം പാകിസ്ഥാന്‍ ഒരു ഹോം ടെസ്റ്റ് പോലും ജയിച്ചിട്ടില്ല. സ്വന്തം തട്ടകത്തില്‍ തുടര്‍ച്ചയായി ആറ് ടെസ്റ്റുകളിലും പരാജയപ്പെട്ട പാകിസ്ഥാന് ഏറെ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. ന്യൂസിലാന്‍ഡിനും ഓസ്‌ട്രേലിയയ്ക്കുമെതിരായ കഴിഞ്ഞ മത്സരങ്ങള്‍ പാകിസ്ഥാന്‍ സമനിലയില്‍ പിരിയുകയായിരുന്നു.

Content Highlight: Bangladesh In Fourth Stand In 2025 Test Championship

Latest Stories

We use cookies to give you the best possible experience. Learn more