റോഹിംഗ്യന്‍ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ ഫോണ്‍ സേവനങ്ങളും സിം കാര്‍ഡുകളും നിരോധിക്കാന്‍ ഉത്തരവിട്ട് ബംഗ്ലാദേശ് സര്‍ക്കാര്‍
human rights of rohingyan
റോഹിംഗ്യന്‍ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ ഫോണ്‍ സേവനങ്ങളും സിം കാര്‍ഡുകളും നിരോധിക്കാന്‍ ഉത്തരവിട്ട് ബംഗ്ലാദേശ് സര്‍ക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 6th September 2019, 5:42 pm

ധാക്ക: മൊബൈല്‍ ഫോണ്‍ സേവനങ്ങളും സിം കാര്‍ഡുകളും നിരോധിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടതിനെത്തുടര്‍ന്ന് ആശയ വിനിമയം തടസ്സപ്പെട്ട് ബംഗ്ലാദേശിലെ അഭയാര്‍ഥി ക്യാമ്പുകളില്‍ കഴിയുന്ന ലക്ഷക്കണക്കിന് റോഹിഗ്യന്‍ മുസ്ലീങ്ങള്‍.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

തെക്ക്-കിഴക്കന്‍ അതിര്‍ത്തി ജില്ലയായ കോക്സ് ബസാറിലുള്ള തിരക്കേറിയ ക്യാമ്പുകളിലെ ജനബാഹുല്യവും സുരക്ഷാ പ്രശ്നങ്ങളും കണക്കിലെടുത്ത് അടുത്ത ഞായറാഴ്ചയോടെ എല്ലാ സേവനങ്ങളും നിര്‍ത്തിവെക്കാന്‍ ടെലഫോണ്‍ ഓപ്പറേറ്റര്‍മാരോട് ആവശ്യപ്പെട്ടതായി ടെലികമ്മ്യൂണിക്കേഷന്‍ റെഗുലേറ്ററി ബോഡി അറിയിച്ചു. തിരിച്ചറിയല്‍ കാര്‍ഡുള്ള ബംഗ്ലാദേശികള്‍ക്ക് മാത്രമെ പ്രാദേശിക സിംകാര്‍ഡുകള്‍ ഉപയോഗിക്കാന്‍ അനുവാദമുള്ളൂ എന്നതിനാല്‍ റോഹിംഗ്യന്‍ അഭയാര്‍ത്ഥികള്‍ക്ക് ഇതിനകം തന്നെ പ്രാദേശിക സിംകാര്‍ഡുകള്‍ ഉപയോഗിക്കുന്നതില്‍ നിരോധനമാണ്. എന്നാല്‍ ക്യാമ്പുകളിലുള്ളവര്‍ക്ക് സിംകാര്‍ഡുകള്‍ ലഭിക്കുന്ന കരിഞ്ചന്തകള്‍ നിരവധിയുണ്ട്.

അയല്‍രാജ്യമായ മ്യാന്‍മറിലെ വംശീയ ഉന്മൂലനത്തില്‍ നിന്ന് രക്ഷപ്പെടാനായി ബംഗ്ലാദേശിലേക്ക് പലായനം ചെയ്ത റോഹിംഗ്യകളെ കൂടുതല്‍ ഒറ്റപ്പെടുത്തരുതെന്ന് മനുഷ്യാകവാശ സംഘടനകള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ക്യാമ്പുകളിലെ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഇതിനോടകം തന്നെ തടസ്സപ്പെട്ടിട്ടുണ്ട്. ചില സമയങ്ങളില്‍ മാത്രമെ സിഗ്നല്‍ ലഭ്യമാകാറുള്ളൂ. മൊബൈല്‍ ഫോണ്‍ സേവനങ്ങള്‍ നിര്‍ത്തുന്നത് വരെ എല്ലാ ദിവസവും വൈകുന്നേരം 5 മുതല്‍ പുലര്‍ച്ചെ 5 വരെ ഡാറ്റയും ഇന്റര്‍നെറ്റ് സേവനങ്ങളും താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാനും ഓപ്പറേറ്റര്‍മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ചില അഭയാര്‍ഥികള്‍ മ്യാന്‍മറിലേക്ക് അനധികൃതമായി മയക്കുമരുന്ന് കടത്തുന്നതില്‍ പങ്കാളികളാണെന്ന ആശങ്ക നിലനില്‍ക്കേ 40 ലധികം റോഹിംഗ്യകള്‍ കൊല്ലപ്പെട്ടെന്നും വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

റോഹിംഗ്യന്‍ ജനതയെ മ്യാന്‍മറില്‍ നിന്ന് നിര്‍ബന്ധിതമായി നാടുകടത്തിയതിന്റെ രണ്ടാം വാര്‍ഷിക ദിനമായ ഓഗസ്റ്റ് 25-ന് ക്യാമ്പില്‍ അഹിംസാത്മക റാലികള്‍ സംഘടിപ്പിച്ചിരുന്നു. അതാണ് ആശയവിനിമയ സംവിധാനങ്ങള്‍ നിര്‍ത്തലാക്കാന്‍ കാരണമെന്ന് കരുതുന്നു.