| Friday, 3rd January 2025, 4:30 pm

ബംഗ്ലാദേശിന്റെ ചരിത്രം തിരുത്തി ഇടക്കാല സര്‍ക്കാര്‍; രാഷ്ട്രപിതാവിന്റെ സ്ഥാനത്ത്‌ നിന്ന് മുജീബുര്‍ റഹ്‌മാനെ മാറ്റി; ഇനി സിയാവുര്‍ റഹ്‌മാന്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ധാക്ക: ബംഗ്ലാദേശിലെ പാഠപുസ്തകങ്ങളില്‍ അടിമുടി മാറ്റം വരുത്തി മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാര്‍. പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ബംഗ്ലാദേശ് വിമോചന സമരത്തില്‍ മുന്‍ നിരയിലുണ്ടായിരുന്ന ഷെയ്ഖ് മുജീബുര്‍ റഹ്‌മാനെ രാഷ്ട്ര പിതാവ് സ്ഥാനത്ത് നിന്ന് മാറ്റി സിയാവുര്‍ റഹ്‌മാനെ കൂട്ടിച്ചേര്‍ത്തതായാണ് വിവരം.

അവാമി ലീഗ് നേതാവും മുന്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പിതാവുമാണ് മുജീബുര്‍ റഹ്‌മാന്‍. പുതിയ പാഠപുസ്തകങ്ങളിലാണ് മാറ്റം ഉണ്ടാവുക. ബംഗ്ലാദേശിന് സ്വാതന്ത്ര്യം ലഭിച്ചത് മുതല്‍ ബംഗ്ലാദേശിലെ പാഠപുസ്തകങ്ങളിലെല്ലാം തന്നെ രാഷ്ട്രപിതാവായി മുജീബുര്‍ റഹ്‌മാനെയായിരുന്നു രേഖപ്പെടുത്തിയിരുന്നത്.

ഇവയ്ക്ക് പുറമെ പ്രൈമറി, സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്കുള്ള പുതിയ പാഠപുസ്തകങ്ങളിലും നിരവധി മാറ്റങ്ങളുണ്ടെന്ന് ഡെയ്‌ലി സ്റ്റാര്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു.

1971 മാര്‍ച്ച് 26 ന് സിയാവുര്‍ റഹ്‌മാനാണ് ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യം പ്രഖ്യാപനം നടത്തിയതെന്നും തുടര്‍ന്ന് ബംഗബന്ധുവെന്നറിയപ്പെടുന്ന മുജീബുര്‍ റഹ്‌മാന്‍ തൊട്ടടുത്ത് ദിവസം സ്വാതന്ത്ര്യ പ്രഖ്യാപനം വായിക്കുക മാത്രമാണ് ചെയ്തതെന്ന് പാഠപുസ്തകം തയ്യാറാക്കുന്ന നാഷണല്‍ കരിക്കുലം ആന്‍ഡ് ടെക്സ്റ്റ്ബുക്ക് ബോര്‍ഡ് ചെയര്‍മാന്‍ പ്രൊഫ എ.കെ.എം റിയാസുല്‍ ഹസന്‍ പറഞ്ഞു.

പാകിസ്ഥാന്‍ സൈന്യം അറസ്റ്റ് ചെയ്യുന്നതിനിടെ ഷെയ്ഖ് മുജീബുര്‍ റഹ്‌മാന്‍ വയര്‍ലെസ് സന്ദേശം അയച്ചു എന്ന വിവരവും തെറ്റാണെന്ന് പാഠപുസ്തകങ്ങള്‍ പരിഷ്‌കരിച്ചവര്‍ പറയുന്നു. അതിനാല്‍ പുസ്തകങ്ങളിലെ ആ ഭാഗവും നീക്കം ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്..

എന്നാല്‍ മുജീബുര്‍ റഹ്‌മാനാണ് സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തിയതെന്നും പിന്നീട് വിമോചന യുദ്ധത്തിന്റെ സെക്ടര്‍ കമാന്‍ഡറായിരുന്ന സിയാവുര്‍ റഹ്‌മാന്‍, മുജീബിന്റെ നിര്‍ദേശപ്രകാരം പ്രഖ്യാപനം വായിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് അവാമി ലീഗ് പ്രവര്‍ത്തകര്‍ പറയുന്നത്.

നേരത്തെ, പഴയ നോട്ടുകള്‍ ഘട്ടംഘട്ടമായി അസാധുവാക്കിയതോടെ കറന്‍സി നോട്ടുകളില്‍ നിന്ന് ഷെയ്ഖ് മുജീബുര്‍ റഹ്‌മാന്റെ ചിത്രം ഒഴിവാക്കാനും ബംഗ്ലാദേശ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.മുജീബുര്‍ റഹ്‌മാന്റെ രക്തസാക്ഷിത്വം പ്രമാണിച്ച് ഓഗസ്റ്റ് 15ന് നല്‍കിയിരുന്ന അവധിയും ഇടക്കാല സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു.

Content Highlight: Bangladesh Govt removes ‘Father of the Nation’ as Mujibur Rahman and textbooks say Ziaur Rahman declared independence

We use cookies to give you the best possible experience. Learn more