| Monday, 21st October 2019, 8:58 am

അഭയാര്‍ഥി ക്യാമ്പുകളില്‍ കഴിയുന്ന രോഹിംഗ്യകളെ മാറ്റാനൊരുങ്ങി ബംഗ്ലാദേശ്; മാറ്റുന്നത് സുരക്ഷിതമല്ലാത്ത ഭാഷാന്‍ ചാര്‍ ദ്വീപിലേക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ധാക്ക: ബംഗ്ലാദേശിലെ അഭയാര്‍ഥി ക്യാമ്പുകളില്‍ കഴിയുന്ന ലക്ഷക്കണക്കിന് മുസ്‌ലീംകളെ ബംഗാള്‍ ഉള്‍ക്കടലിലെ ഭാഷാന്‍ ദ്വീപിലേക്ക് മാറ്റാനൊരുങ്ങുന്നു. ബംഗ്ലാദേശിലെ അഭയാര്‍ഥി കമ്മീഷണര്‍ ആണ് ആയിരക്കണക്കിന് വരുന്ന അഭയാര്‍ഥികളെ മാറ്റാനൊരുങ്ങുന്നതായി പറഞ്ഞത്.

ബംഗ്ലാദേശിലെ അഭയാര്‍ഥികള്‍ മാറാന്‍ സമ്മതിച്ചതായും അഭയാര്‍ഥി കമ്മീഷണര്‍ മഹ്ബൂബ് ആലം പറഞ്ഞു. എന്നാല്‍ ദ്വീപില്‍ വെള്ളപ്പൊക്ക മുണ്ടാവാന്‍ സാധ്യതയുണ്ടെന്ന് മനുഷ്യാവകാശ സംഘടനകള്‍ നേരത്തെ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

ചതുപ്പു നിറഞ്ഞ പ്രദേശമായ ഭാഷാനിലേക്ക് ഒരുലക്ഷത്തോളം വരുന്ന രോഹിംഗ്യകളെ മാറ്റാന്‍ കഴിഞ്ഞ വര്‍ഷം തൊട്ടേ സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടായിരുന്നു. നിലവില്‍ പത്തു ലക്ഷത്തോളം പേരാണ് അതിര്‍ത്തിയിലെ അഭയാര്‍ഥി ക്യാമ്പുകളില്‍ കഴിയുന്നത്. അതിര്‍ത്തിയിലെ ഞെരുക്കം കുറയ്ക്കാന്‍ ഇതുമൂലം കഴിയും എന്നാണ് സര്‍ക്കാരിന്റെ വാദം.

2017 ആഗസ്റ്റില്‍ മ്യാന്‍മാറിലുണ്ടായ സൈനിക അടിച്ചമര്‍ത്തലിനെ തുടര്‍ന്ന് ഏഴര ലക്ഷത്തോളം പേര്‍ ബംഗ്ലാദേശിലേക്ക് പലായനം ചെയ്യുകയായരുന്നു. രാജ്യത്തെ കോക്‌സ് ബസാറിലെ ക്യാമ്പുകളില്‍ കഴിഞ്ഞിരുന്ന രണ്ടുലക്ഷത്തോളം വരുന്ന അഭയാര്‍ഥികള്‍ക്കു പുറമെയായിരുന്നു ഇത്.

ഭാഷാന്‍ ചാര്‍ ദ്വീപിലേക്ക് പുനരധിവാസത്തിനായി സൗകര്യമൊരുക്കുന്നതു സംബന്ധിച്ച് പഠിക്കാന്‍ അടുത്തു തന്നെ ഔദ്യോഗിക സംഘമെത്തു മെന്ന് അഭയാര്‍ഥി കമ്മീഷണര്‍ പറഞ്ഞു.

‘ആറായിരം മുതല്‍ ഏഴായിരം വരെയുള്ള അഭയാര്‍ഥികള്‍ ഇതിനകം ഭാഷാന്‍ ചാറിലേക്ക് മാറാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. കൂടുതല്‍ പേര്‍ സന്നദ്ധത അറിയിച്ച് മുന്നോട്ടു വരുന്നുമുണ്ട്. ദ്വീപിലെ സാഹചര്യങ്ങള്‍ മനസിലാക്കുന്നതിനായി ഒരു സംഘത്തേയും ദ്വീപിലേക്ക് അയക്കും’. മഹ്ബൂബ് ആലം എ.എഫ്.പിയോട് പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

എന്നാല്‍ ഇവരെ മാറ്റുന്നതു സംബന്ധിച്ച വിവരങ്ങളൊന്നു തന്നെ നല്‍കിയിട്ടില്ല. ദ്വീപില്‍ കെട്ടിടങ്ങളുടെ നിര്‍മാണചുമതലയുള്ള നേവി ഓഫീസര്‍ പറഞ്ഞതു പ്രകാരം ഡിസംബറോടെ ഇവരെ മാറ്റിതുടങ്ങും. ദിവസവും 500 പേരെ വീതമാവും മാറ്റുക.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ബംഗ്ലാദേശില്‍ നിന്ന് ഒരു മണക്കൂറോളം യാത്ര ചെയ്തു വേണം ഭാഷാന്‍ ദ്വീപിലേക്കെത്താന്‍. എന്നാല്‍ രണ്ടരപതിറ്റാണ്ടു മുമ്പു രൂപം കൊണ്ട ദ്വീപിന്റെ സുരക്ഷ സംബന്ധിച്ച് വലിയ ആശങ്ക നില നല്‍ക്കുന്നുണ്ട്. ദ്വീപ് താമസയോഗ്യമല്ലെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ നേരത്തേ പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more