ഇസ്‌കോണിനെ നിരോധിക്കണമെന്ന ബംഗ്ലാദേശ് സര്‍ക്കാരിന്റെ ഹരജി; ഇടപെടാതെ ധാക്ക ഹൈക്കോടതി
World News
ഇസ്‌കോണിനെ നിരോധിക്കണമെന്ന ബംഗ്ലാദേശ് സര്‍ക്കാരിന്റെ ഹരജി; ഇടപെടാതെ ധാക്ക ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 28th November 2024, 10:25 pm

ധാക്ക: ഇസ്‌കോണിനെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ബംഗ്ലാദേശ് സര്‍ക്കാരിന്റെ ഹരജിയില്‍ ഇടപെടാതെ ധാക്ക ഹൈക്കോടതി.

ജസ്റ്റിസ് ഫറാ മഹ്ബൂബ്, ജസ്റ്റിസ് ദേബാശിഷ് റോയ് ചൗധരി എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി ഇടപെടാന്‍ വിസമ്മതിച്ചത്. ഇസ്‌കോണ്‍ മതമൗലികവാദ സംഘടനയാണെന്നും സ്വമേധയ കേസെടുത്ത് നിരോധിക്കണമെന്നുമാണ് ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാര്‍ ആവശ്യപ്പെട്ടത്.

സ്വാമി ചിന്മയ് കൃഷ്ണദാസിന്റെ അറസ്റ്റില്‍ ബംഗ്ലയിലെ ഹിന്ദു സമൂഹം പ്രതിഷേധം ശക്തമാക്കിയതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഹരജി ഫയല്‍ ചെയ്തത്. ചിന്മയ് കൃഷ്ണ ദാസിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് ബംഗ്ലാദേശിലെ ചിറ്റാഗോങ്ങില്‍ നടന്ന സംഘര്‍ഷത്തില്‍ ഒരു അഭിഭാഷകന്‍ കൊല്ലപ്പെട്ടിരുന്നു.

സൈഫുല്‍ ഇസ്‌ലാം അലിഫ് എന്ന അഭിഭാഷകനാണ് കൊല്ലപ്പെട്ടത്. ബംഗ്ലാദേശില്‍ ഹിന്ദു സമൂഹത്തിനെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നു എന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്ന സാഹചര്യത്തില്‍ കൂടിയാണ് സര്‍ക്കാര്‍ ഹരജി നല്‍കിയത്.

ഇസ്‌കോണിന്റെ പ്രവര്‍ത്തനങ്ങള്‍ നിരോധിക്കണമെന്നാവശ്യപ്പെട്ടതിന് പുറമെ ചട്ടോഗ്രാമിലും രംഗ്പൂരിലും അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്നും സര്‍ക്കാര്‍ ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു.

കൂടാതെ സെയ്ഫുള്‍ ഇസ്‌ലാം അലിഫിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് വ്യത്യസ്ത കേസുകള്‍ ഫയല്‍ ചെയ്തിട്ടുണ്ടന്ന് അറ്റോര്‍ണി ജനറല്‍ ഇന്ന് ഹൈക്കോടതിയെ അറിയിക്കുകയുണ്ടായി. ഈ കേസുകളില്‍ 33 പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അറ്റോര്‍ണി ജനറല്‍ അസദ് ഉദ്ദീനും ഹൈക്കോടതിയെ അറിയിച്ചിരുന്നു.

എന്നാല്‍ സര്‍ക്കാരിന്റെ ഹരജി ഹൈക്കോടതി തള്ളുകയായിരുന്നു. അതേസമയം ചിന്മയ് കൃഷ്ണദാസിനെ അറസ്റ്റ് ചെയ്ത നടപടിയില്‍ ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന പ്രതികരിച്ചു.

ബംഗ്ലാദേശില്‍ മതസ്വാതന്ത്ര്യം അപകടത്തിലാണെന്നാണ് ഷെയ്ഖ് ഹസീന പറഞ്ഞത്. ചിന്മയ് കൃഷ്ണദാസിനെ ഉടന്‍ മോചിപ്പിക്കണമെന്നും മുന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു.

പുണ്ഡരിക് ധാമിന്റെ പ്രസിഡന്റായ ചിന്മയ് ബംഗ്ലാദേശിലെ ഹിന്ദു സമൂഹത്തിലെ പ്രധാന നേതാക്കളില്‍ ഒരാളാണ്. ധാക്കയില്‍ നിന്ന് ചിറ്റാഗോങിലേക്കുള്ള യാത്രയ്ക്കിടയിലാണ് ചിന്മയിയെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്.

കൃഷ്ണദാസിന്റെ അറസ്റ്റില്‍ ദല്‍ഹി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ആന്ധ്രാ ഉപമുഖ്യമന്ത്രി പവന്‍ കല്യാണ്‍ എന്നിവര്‍ പ്രതിഷേധം അറിയിച്ചിരുന്നു. അറസ്റ്റ് അനീതി ആണെന്നും വിഷയത്തില്‍ അടിയന്തരമായി സര്‍ക്കാര്‍ ഇടപെടണമെന്നുമാണ് കെജ്‌രിവാൾ ആവശ്യപ്പെട്ടത്.

Content Highlight: Bangladesh government petition to ban ISKCON; Dhaka High Court without intervention