ധാക്ക: മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്ത് ബംഗ്ലാദേശ് സര്‍ക്കാര്‍. ഷെയ്ഖ് ഹസീനക്ക് പുറമെ മറ്റ് ആറ് പേര്‍ക്കുമെതിരെ സര്‍ക്കാര്‍ കേസെടുത്തിട്ടുണ്ട്. വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെ തുടര്‍ന്ന് രാജിവെച്ച് ബംഗ്ലാദേശ് വിട്ട ഹസീനക്കെതിരെ ചുമത്തുന്ന ആദ്യ കുറ്റമാണിത്.
അവാമി ലീഗിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെതിരെ ഉയര്‍ന്ന പ്രതിഷേധത്തെ തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ ബംഗ്ലാദേശിലെ ഒരു പലചരക്ക് കടയുടമയായ അബ്ദുള്‍ സെയ്ദ് കൊല്ലപ്പെട്ടിരുന്നു. ഇദ്ദേഹത്തിന്റെ ബന്ധുവാണ് ഷെയ്ഖ് ഹസീനക്കെതിരെ പരാതി നല്‍കിയതെന്ന് ധാക്ക ട്രിബ്യൂണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു. പൊലീസ് വെടിവെപ്പിലാണ് അബ്ദുള്‍ സെയ്ദ് കൊല്ലപ്പെട്ടത്.
അവാമി ലീഗ് ജനറല്‍ സെക്രട്ടറി ഒബൈദുല്‍ ക്വദര്‍, മുന്‍ ആഭ്യന്തര മന്ത്രി അസദുസ്സമാന്‍ ഖാന്‍ കമാല്‍, മുന്‍ ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പൊലീസ് ചൗധരി അബ്ദുള്ള അല്‍ മാമുന്‍ എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍. ഇവര്‍ക്ക് പുറമെ പേര് വെളിപ്പെടുത്താത്ത നിരവധി ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
അതേസമയം ഷെയ്ഖ് ഹസീനക്കെതിരെ ഉയര്‍ന്ന പ്രക്ഷോഭത്തെ തുടര്‍ന്ന് 230ലധികം പേര്‍ കൊല്ലപ്പെട്ടു. അക്രമ സംഭവങ്ങളില്‍ 500ഓളം പേര്‍ക്ക് സാരമായി പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഓഗസ്റ്റ് അഞ്ചിന് ഷെയ്ഖ് ഹസീന രാജിവെച്ചതിന് പിന്നാലെ നൊബേല്‍ ജേതാവ് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തില്‍ ബംഗ്ലാദേശില്‍ ഇടക്കാല സര്‍ക്കാര്‍ രൂപീകരിക്കുകയും ചെയ്തു.
ഹസീനയെ പുറത്താക്കിയതിന് പിന്നാലെ മുന്‍ പ്രധാനമന്ത്രി ബീഗം ഖാലിദ സിയയെ ഇടക്കാല സര്‍ക്കാര്‍ ജയില്‍ മോചിതയാക്കി. 2018ല്‍ സിയയെ അഴിമതി കേസില്‍ 17 വര്‍ഷം തടവിന് ശിക്ഷിക്കുകയായിരുന്നു. നിലവില്‍ ബംഗ്ലാദേശിലെ വിദ്യാര്‍ത്ഥി പ്രക്ഷോപങ്ങളെ പിന്തുണച്ച് അറസ്റ്റിലായി ശിക്ഷിക്കപ്പെട്ട എല്ലാ ബംഗ്ലാദേശ് പ്രവാസികളെയും വിട്ടയക്കുന്നതിന് യു.എ.ഇയുടെ ഉന്നത അധികാരികളുമായി നേരിട്ട് ബന്ധപ്പെടുമെന്ന് മുഹമ്മദ് യൂനുസ് അറിയിച്ചു.
സ്വാതന്ത്ര്യ സമര സേനാനികളുടെ പിന്‍ഗാമികള്‍ക്ക് 30 ശതമാനം തൊഴില്‍ സംവരണം പുനഃസ്ഥാപിക്കണമെന്ന ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധമാരംഭിച്ചത്. പിന്നാലെ ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി റദ്ദാക്കുകയും ചെയ്തു. എന്നാല്‍ പ്രതിഷേധങ്ങള്‍ക്ക് നേരെയുള്ള സര്‍ക്കാര്‍ നടപടിയില്‍ പ്രതികരിച്ചാണ് ബംഗ്ലാദേശിലെ വിദ്യാര്‍ത്ഥി പ്രക്ഷോഭം കനക്കുന്നത്.
രാജിവെച്ച ശേഷം ഇന്ത്യയിലെത്തി ദല്‍ഹിയിലാണ് ഷെയ്ഖ് ഹസീന അഭയം തേടിയത്. എന്നാല്‍ ഷെയ്ഖ് ഹസീനയുടെ അഭയം ഒരിക്കലും ഇന്ത്യയുമായുള്ള ബന്ധത്തെ ദോഷകരമായി ബാധിക്കില്ലെന്ന് ബംഗ്ലാദേശ് വിദേശകാര്യ ഉപദേഷ്ടാവ് മുഹമ്മദ് തൗഹിദ് ഹൊസെയ്ന്‍ അറിയിച്ചു.
Contnet Highlight: Bangladesh government filed a murder case against Sheikh Hasina