ധാക്ക: 1971ലെ യുദ്ധത്തിന്റെ സമയത്ത് നടത്തിയ അക്രമങ്ങളുടെ പേരില്‍ ബംഗ്ലാദേശിലെ ജനങ്ങളോട് പാകിസ്ഥാന്‍ മാപ്പ് ചോദിക്കണമെന്ന് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി എ.കെ. അബ്ദുല്‍ മോമെന്‍.
ഭാവിയില്‍ പാകിസ്ഥാന്‍ ഭരിക്കാനിരിക്കുന്ന സര്‍ക്കാരുകള്‍ക്ക് ഇത്തരം അക്രമങ്ങള്‍ നടത്താതിരിക്കാന്‍ വഴികാട്ടിയാകാന്‍ ഇപ്പോഴത്തെ സര്‍ക്കാര്‍ തീര്‍ച്ചയായും മാപ്പ് ചോദിക്കണമെന്നും അബ്ദുല്‍ മോമെന്‍ പറഞ്ഞു.
1971ല്‍ ബംഗാളികള്‍ക്കെതിരെ പാകിസ്ഥാന്‍ നടത്തിയ പീഡനങ്ങളില്‍ മാപ്പ് പറയാത്തതില്‍ പാകിസ്ഥാന്‍ ലജ്ജിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ബംഗ്ലാദേശിന്റെ 52ാമത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ധാക്കയിലെ ഫോറിന്‍ സര്‍വീസ് അക്കാദമിയില്‍ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അബ്ദുല്‍ മോമെന്‍.
”അന്ന്, പാകിസ്ഥാന്‍ സൈന്യം ഹീനമായ കുറ്റകൃത്യങ്ങളും വംശഹത്യയുമാണ് ചെയ്തത്. ചൂഷണം അതിരുകടന്നിരുന്നു, എന്നാണ് പാകിസ്ഥാന്‍ സര്‍ക്കാരില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
അവര്‍ എല്ലാ ദേശീയ- അന്തര്‍ദേശീയ മനുഷ്യാവകാശ നിയമങ്ങളും ലംഘിച്ചു,” ബംഗ്ലാദേശ് മന്ത്രി പറഞ്ഞു.
ഇപ്പോള്‍ മാപ്പ് പറഞ്ഞില്ലെങ്കില്‍ ഭാവിയിലും പാകിസ്ഥാന്‍ ഇത്തരം കുറ്റകൃത്യങ്ങള്‍ തുടര്‍ന്ന് കൊണ്ടേയിരിക്കുമെന്നും തങ്ങളുടെ പൂര്‍വികര്‍ ചെയ്ത കുറ്റകൃത്യങ്ങള്‍ക്ക് പാകിസ്ഥാന്റെ ഭാവി തലമുറ മാപ്പ് ചോദിക്കുമെന്നാണ് പ്രതീക്ഷയെന്നും മോമെന്‍ കൂട്ടിച്ചേര്‍ത്തു.
1971 മാര്‍ച്ച് 25 അര്‍ധരാത്രി, അന്നത്തെ കിഴക്കന് പാകിസ്ഥാനില്‍ (ഇന്നത്തെ ബംഗ്ലാദേശ്) പൊട്ടിപ്പുറപ്പെട്ട യുദ്ധം ആ വര്‍ഷം ഡിസംബര്‍ 16നായിരുന്നു അവസാനിച്ചത്.