ധാക്ക: ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാജിക്ക് പിന്നാലെ രാജ്യത്ത് ഒരു സൈനിക ഭരണകൂടമോ ഫാസിസ്റ്റ് ഭരണകൂടമോ നിലവിൽ വരുന്നത് അംഗീകരിക്കാനാവില്ലെന്ന് നിലപാട് വ്യക്തമാക്കി ആന്റി ഡിസ്ക്രിമിനേഷൻ സ്റ്റുഡന്റ്സ് മൂവ്മെന്റ് കോഡിനേറ്റർമാർ. ഷെയ്ഖ് ഹസീനക്കെതിരായ ആഭ്യന്തര കലാപത്തിന് നേതൃത്വം നലകിയ വിദ്യാർത്ഥി സംഘടനയാണ് ആന്റി ഡിസ്ക്രിമിനേഷൻ സ്റ്റുഡന്റ്സ് മൂവ്മെന്റ്.
ഷെയ്ഖ് ഹസീന രാജ്യം വിട്ടതിന്റെ പിറ്റേ ദിവസം ആന്റി ഡിസ്ക്രിമിനേഷൻ സ്റ്റുഡന്റ്സ് മൂവ്മെന്റ് കോഡിനേറ്റർമാരിൽ ഒരാളായ നാഹിദ് ഇസ്‌ലാം പോസ്റ്റ് ചെയ്ത സന്ദേശത്തിലാണ് സംഘടന തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്.
‘പുറത്താക്കപ്പെട്ട ഫാസിസ്റ്റുകളും അവരുടെ കൂട്ടാളികളും ഞങ്ങളുടെ ഈ വിപ്ലവം പരാജയപ്പെടുത്താൻ ഒരുങ്ങി ഇരിക്കുകയാണെന്നതിനാൽ വിദ്യാർത്ഥികൾ, ഞങ്ങളുടെ നിലപാട് വ്യക്തമാക്കുകയാണ്. ഒരു സൈനിക സർക്കാരിനോ സൈന്യത്തിന്റെ പിന്തുണയുള്ള ഫാസിസ്റ്റ് സർക്കാരിനെയോ ഞങ്ങൾ അംഗീകരിക്കില്ല,’ നഹിദിന്റെ കുറിപ്പിൽ പറയുന്നു.
നൊബേൽ സമ്മാന ജേതാവും ഗ്രാമീൺ ബാങ്ക് സ്ഥാപകനുമായ ഡോ. മുഹമ്മദ് യൂനുസ് ബംഗ്ലാദേശിലെ ഇടക്കാല സർക്കാരിൻ്റെ മുഖ്യ ഉപദേഷ്ടാവാകാൻ സമ്മതിച്ചതായും വിദ്യാർത്ഥി നേതാക്കൾ പറഞ്ഞു. രാജ്യത്തെ രക്ഷിക്കാനുള്ള വിദ്യാർത്ഥി സമൂഹത്തിൻ്റെ ആഹ്വാനപ്രകാരം ഈ നിർണായക ഉത്തരവാദിത്തം ഏറ്റെടുക്കാൻ ഡോ. യൂനുസ് സമ്മതിച്ചതായി ബംഗ്ലാദേശിലെ ഡെയ്‌ലി സ്റ്റാർ പത്രം റിപ്പോർട്ട് ചെയ്തു.
വിദ്യാർത്ഥി സംഘടനകൾ സാമുദായിക സൗഹാർദത്തിന് ആഹ്വാനം ചെയ്യുകയും അക്രമത്തിനും വിവേചനത്തിനുമെതിരെ ജാഗ്രത പുലർത്താനും ഒറ്റക്കെട്ടായി സമാധാനത്തെ പിന്തുണയ്ക്കാനും ജനങ്ങളോട് അഭ്യർത്ഥിക്കുകയും ചെയ്തു.
‘അശാന്തിയുടെ കാലഘട്ടത്തിൽ നാമെല്ലാവരും സാമുദായിക സൗഹാർദം നിലനിർത്തണം. ഹിന്ദുക്കളെ അക്രമികളിൽ നിന്ന് സംരക്ഷിക്കണം. ഇത് എല്ലാവരുടെയും ഉത്തരവാദിത്തമാണ്,’ സംഘടനയിലെ മറ്റൊരു വിദ്യാർത്ഥി വീഡിയോയിലൂടെ പറഞ്ഞു.
ബംഗ്ലാദേശിലെ ജനസംഖ്യയുടെ 10 ശതമാനത്തോളം വരുന്ന ഹിന്ദുക്കൾ തുടർച്ചയായി ആക്രമണത്തിനിരയായിട്ടുണ്ട്. 2013 ജനുവരി മുതൽ ഹിന്ദു സമൂഹത്തിന് നേരെ കുറഞ്ഞത് 3,679 ആക്രമണങ്ങൾ നടന്നതായി ബംഗ്ലാദേശി മനുഷ്യാവകാശ സംഘടനയായ ഐ.എൻ.ഒ സലീഷ് കേന്ദ്ര റിപ്പോർട്ട് ചെയ്തു. ഇത്തരം അക്രമങ്ങൾ അന്വേഷിക്കുന്നതിലും കേസെടുക്കുന്നതിലും അധികാരികൾ ആവർത്തിച്ച് പരാജയപ്പെട്ടെന്നു വിമർശനം പരക്കെ ഉയർന്നിരുന്നു.
സര്‍ക്കാര്‍ ജോലികള്‍ക്കുള്ള ക്വാട്ട സമ്പ്രദായം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രക്ഷോഭമാണ് ആഭ്യന്തര കലാപത്തിലേക്ക് വഴിമാറിയത്. ഇതിന് പിന്നാലെ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെക്കുകയും ചെയ്തിരുന്നു.
Content Highlight: Bangladesh: Fascist or military government not acceptable, say students