ലണ്ടന്‍: ചാമ്പ്യന്‍സ് ലീഗ് സെമി ഫൈനലിലില്‍ ഇന്ത്യ ബംഗ്ലാദേശിനെ നേരിടാന്‍ തയ്യാറെടുക്കുകയാണ്. മത്സരം വാശിയേറിയതായിരിക്കുമെന്ന് സംശയിക്കേണ്ടതില്ല. എന്നാല്‍ കളിക്കളത്തേക്കാള്‍ പോര് കാണികള്‍ക്കിടയിലാണെന്നതാണ് വാസ്തവം.
ക്രിക്കറ്റിന് ഇന്ത്യയിലുള്ളതു പോലെ തന്നെയോ അല്ലെങ്കില്‍ ഒരുപടി കൂടുതലോ ആണ് ബംഗ്ലാദേശുകാര്‍ക്ക്. അതുകൊണ്ടു തന്നെ കളിയെ അവര്‍ വളരെ വൈകാരികമായാണ് കാണുന്നതും. ഇന്ത്യയ്‌ക്കെതിരായ മത്സരത്തിനു മുന്നോടിയായി തങ്ങളുടെ ടീമിനെ പിന്തുണയറിയിച്ച് ബംഗ്ലാദേശ് ആരാധകര്‍ രംഗത്തെത്തി കഴിഞ്ഞിരിക്കുകയാണ്. ഇന്ത്യന്‍ ടീമിനെ അപമാനിക്കുന്ന തരത്തില്‍ വിവിധ ഫോട്ടോകളാണ് ബംഗ്ലാ ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നത്.
ഇന്ത്യന്‍ പതാക ധരിച്ച പട്ടിയ്ക്കുമേല്‍ ബംഗ്ലാദേശിന്റെ പതാക പതിച്ച കടുവ ചാടി വീഴുന്ന ചിത്രമാണ് വൈറലായി മാറിയിരിക്കുന്നത്. അതേസമയം ബംഗ്ലാ ആരാധകരുടെ പ്രകോപനത്തിന് കളിക്കളത്തില്‍ ടീം ഇന്ത്യ മറുപടി നല്‍കുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യന്‍ ആരാധകര്‍. അത്തരത്തിലാണ് ഇന്ത്യന്‍ ആരാധകരുടെ പ്രതികരണങ്ങളും.
ബംഗ്ലാദേശ് വെറും ശിശുക്കളാണെന്നും ഇന്ത്യയ്ക്കു മുന്നില്‍ അവര്‍ക്ക് അടിതെറ്റുമെന്നുമാണ് ആരാധകര്‍ നല്‍കുന്ന മറുപടി. വ്യാഴാഴ്ചയാണ് ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള സെമി ഫൈനല്‍ പോരാട്ടം നടക്കുന്നത്.
ഇത് ആദ്യമായല്ല ഇന്ത്യക്കാരെ അപമാനിക്കുന്ന രീതിയില്‍ ബംഗ്ലാദേശുകാര്‍ പ്രതികരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ ഏഷ്യ കപ്പ് ഫൈനലിന് മുന്‍പ് ധോനിയുടെ തല വെട്ടിയെടുത്ത രീതിയില്‍ പിടിച്ചു നില്‍ക്കുന്ന തസ്‌കിന്‍ അഹ്മദിന്റെ ചിത്രവും വിവാദമായിരുന്നു.
2015 ല്‍ കട്ടറിന്റെ വ്യാജ പരസ്യം നല്‍കി ബംഗ്ലാദേശി പത്രവും ഇന്ത്യന്‍ താരങ്ങളെ അപമാനിച്ചിരുന്നു. ധോനി, കോഹ്ലി, ധവാന്‍, രഹാനെ, രോഹിത് ശര്‍മ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ താരങ്ങളുടെ മുടി പകുതി മുറിച്ച് നില്‍ക്കുന്ന രീതിയിലായിരുന്നു ചിത്രം പത്രത്തില്‍ നല്‍കിയത്.