| Saturday, 14th December 2013, 8:02 pm

ബംഗ്ലാദേശ് വധശിക്ഷ: ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് നേരെ ജമാഅത്ത് ആക്രമണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ധാക്ക: ബംഗ്ലാദേശിലെ പ്രതിപക്ഷ പാര്‍ട്ടിയായ ജമാ അത്തെ ഇസ്ലാമിയുടെ നേതാവും അസിസ്റ്റന്റ് സെക്രട്ടറി ജനറലുമായ അബ്ദുള്‍ ഖാദിര്‍ മുല്ലയെ തൂക്കിക്കൊന്നതില്‍ പ്രതിഷേധിച്ചുള്ള  ആക്രമണം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിക്കുന്നു.

മുല്ലയെ തൂക്കികൊന്നതില്‍ കുപിതരായ ജമാഅത്തുകാര്‍ രാജ്യത്തെ ന്യൂനപക്ഷമായ ഹിന്ദുക്കള്‍ക്കെതിരെയും വ്യാപക ആക്രമണമാണ് അഴിച്ച് വിട്ടിരിക്കുന്നത്.

നിരവധി ഹിന്ദുക്കളുടെ വീടുകള്‍ പ്രക്ഷോഭകാരികള്‍ അഗ്നിക്കിരയാക്കി. ഹിന്ദുക്കളുടെ കടകളും വ്യാപകമായ തോതില്‍ തകര്‍ത്തിട്ടുണ്ട്. പ്രധാനമന്ത്രിയായ ശൈഖ് ഹസീനയെ പിന്തുണക്കുന്നു എന്ന കാരണത്താലാണ് കലാപകാരികള്‍ ന്യൂനപക്ഷമായ ഹിന്ദുക്കള്‍ക്ക് നേരെയും തിരിഞ്ഞിരിക്കുന്നത്.

1971 ലെ യുദ്ധ കുറ്റകൃത്യങ്ങളുടെ പേരിലാണ് കഴിഞ്ഞ വ്യാഴാഴ്ച രാത്രി പത്ത് മണിയോടെ മുല്ലയെ തൂക്കിക്കൊന്നത്. തലസ്ഥാനമായ ധാക്കയിലെ ജയിലില്‍ വച്ചാണ് 65 കാരനായ മുല്ലയുടെ വധശിക്ഷ നടപ്പിലാക്കിയത്.

വധശിക്ഷ വിധിച്ച പ്രത്യേക കോടതിയുടെ വിധിക്കെതിരെ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച അപ്പീല്‍ തള്ളിയതോടെയാണ് മുല്ലയുടെ വധശിക്ഷ നടപ്പിലാക്കിയത്.

സംഭവത്തില്‍ പ്രതിഷേധിച്ച് ജമാഅത്തെ പ്രവര്‍ത്തകര്‍ രാജ്യത്തുടനീളം വ്യാപകമായ അക്രമണമാണ് അഴിച്ച് വിട്ടത്. നിരവധി പേര്‍ക്ക് അക്രമണത്തില്‍ ജീവഹാനിയേല്‍ക്കുകയും ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

അടുത്തമാസം പൊതു തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ മുല്ലയെ തൂക്കിലേറ്റിയത് ബംഗ്ലാദേശിലെ സ്ഥിതിഗതികള്‍ കൂടതല്‍ വഷളാക്കാനിടയാക്കുമെന്നാണ് നിരീക്ഷികര്‍ കരുതുന്നത്. പ്രതിപക്ഷവും ഭരണപക്ഷവും തമ്മിലുള്ള പൊരുത്തക്കേടുകള്‍ വര്‍ദ്ധിപ്പിക്കാനിടയാക്കുന്നതായി സംഭവം.

1971ല്‍ നടന്ന വിമോചന സമരത്തിനിടെ പാക്കിസ്ഥാനുമായി ചേര്‍ന്ന് കൂട്ടക്കൊലയ്ക്കു നേതൃത്വം നല്‍കിയെന്നാണ് മുല്ലയ്‌ക്കെതിരായ കേസ്.
മുല്ലയ്‌ക്കെതിരേ നിരായുധരെ കൊന്നൊടുക്കുക, വംശഹത്യ, ബലാത്സംഗം തുടങ്ങിയ കുറ്റങ്ങള്‍ തെളിയിക്കപ്പെട്ടുവെന്ന് വ്യക്തമാക്കിയാണ് കോടതി വധശിക്ഷ ശരിവെച്ചത്.

ബംഗ്ലാദേശ് വിമോചന യുദ്ധകാലത്ത് പാക്കിസ്ഥാന് അനുകൂല നിലപാടായിരുന്നു ജമാ അത്തെ ഇസ്ലാമിക്ക്. 30 ലക്ഷത്തോളം പേര്‍ അന്ന് പാക് പട്ടാളവും ജമാ അത്തെ ഇസ്ലാമിയും ചേര്‍ന്ന് നടത്തിയ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടിരുന്നു.

We use cookies to give you the best possible experience. Learn more