| Sunday, 12th April 2020, 11:05 am

ഷെയ്ക് മുജീബുര്‍ റഹ്മാനെ വധിച്ച സൈനിക ഉദ്യോഗസ്ഥനെ തൂക്കിലേറ്റി; വധശിക്ഷ നടപ്പിലാക്കിയത് 45 വര്‍ഷങ്ങള്‍ക്ക് ശേഷം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ധാക്ക: ബംഗ്ലാദേശ് രാഷ്ട്ര പിതാവ് ഷെയ്ക് മുജീബുര്‍ റഹ്മാനെ വധിച്ച മുന്‍ സൈനിക ഉദ്യോഗസ്ഥനെ തൂക്കിലേറ്റി. മുന്‍ സൈനിക ക്യാപ്റ്റനായ അബ്ദുള്‍ മജീദിനെയാണ് തൂക്കിലേറ്റിയത്.

ധാക്ക സെന്‍ട്രല്‍ ജയിലില്‍ വെച്ച് ഇന്ന് പുലര്‍ച്ചയായിരുന്നു വധശിക്ഷ നടപ്പിലാക്കിയത്. മുജീബുര്‍ റഹ്മാനെ കൊലപ്പെടുത്തി 45 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വധശിക്ഷ നടപ്പാക്കുന്നത്.

ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ക് ഹസീനയുടെ പിതാവും ബംഗ്ലാദേശ് സ്ഥാപക നേതാവുമായിരുന്ന ഷെയ്ക് മുജീബുര്‍ റഹ്മാന്‍ കൊല്ലപ്പെടുന്നത് 1975 ആഗസ്റ്റ് 15നാണ്.

സൈനിക അട്ടിമറിയെ തുടര്‍ന്ന് ഷെയ്ക് മുജീബുര്‍ റഹ്മാനൊപ്പം കുടുംബാഗങ്ങളും കൊല്ലപ്പെട്ടു. പ്രധാനമന്ത്രി ഷെയ്ക് ഹസീനയും സഹോദരിയും മാത്രമാണ് അന്ന് രക്ഷപ്പെട്ടത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

1998ല്‍ 12 ആര്‍മി ഉദ്യോഗസ്ഥര്‍ക്കൊപ്പം ഒളിവിലായിരുന്ന അബ്ദുള്‍ മജീദിനെയും വധശിക്ഷയ്ക്ക് വിധിച്ചിരുന്നു. 2009ലെ വിധി ബംഗ്ലാദേശിലെ സുപ്രീം കോടതി ശരിവെക്കുകയും അഞ്ച് പ്രതികളെ മാസങ്ങള്‍ക്ക് ശേഷം തൂക്കികൊല്ലുകയും ചെയ്തു.

ഇതില്‍ ബാക്കിയുള്ള പ്രതികള്‍ ഒളിവിലായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഒളിവിലായിരുന്ന അബ്ദുള്‍ മജീദ് അറസ്റ്റിലാവുന്നത്. പ്രതിയുടെ ദയാഹരജി ബംഗ്ലാദേശ് രാഷ്ട്രപതി തള്ളി ദിവസങ്ങള്‍ക്കുള്ളിലാണ് മജീദിനെ തൂക്കിലേറ്റിയിരിക്കുന്നത്.

1996ല്‍ ഇന്ത്യയിലേക്ക് കുടിയേറിയ അബ്ദുള്‍ മജീദ് കഴിഞ്ഞ മാസമാണ് ബംഗ്ലാദേശിലേക്ക് തിരിച്ചെത്തിയതെന്നാണ് കരുതുന്നത്.

മുജീബുര്‍ റഹ്മാനെ കൊലപ്പെടുത്തിയ കേസില്‍ ആറു പ്രതികളുടെ വധശിക്ഷയാണ് ഇതുവരെ നടപ്പാക്കിയിട്ടുള്ളത്. അതേസമയം ഒരു പ്രതി സിംബാബ്വെയില്‍ വെച്ച് മരിച്ചിരുന്നു. ബാക്കിയുള്ളവര്‍ ഒളിവിലാണ്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

 

We use cookies to give you the best possible experience. Learn more