| Thursday, 12th December 2013, 11:14 pm

ബംഗ്ലാദേശ് ജമാ അത്തെ ഇസ്ലാമി നേതാവിനെ തൂക്കിലേറ്റി

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ധാക്ക: ബംഗ്ലാദേശിലെ പ്രതിപക്ഷ പാര്‍ട്ടിയായ ജമാ അത്തെ ഇസ്ലാമിയുടെ നേതാവും അസിസ്റ്റന്റ് സെക്രട്ടറി ജനറലുമായ അബ്ദുള്‍ ഖാദിര്‍ മുല്ലയെ തൂക്കിക്കൊന്നു. 1971 ലെ യുദ്ധ കുറ്റകൃത്യങ്ങളുടെ പേരിലാണ് വധശിക്ഷ നടപ്പിലാക്കിയത്.

65 കാരനായ മുല്ലയെ വ്യാഴാഴ്ച രാത്രി 10.01ന് തൂക്കിലേറ്റിയതായി സര്‍ക്കാര്‍ പ്രതിനിധി സ്ഥിരീകരിച്ചു. തലസ്ഥാനമായ ധാക്കയിലെ ജയിലില്‍ വച്ചാണ് മുല്ലയുടെ വധശിക്ഷ നടപ്പിലാക്കിയത്.

വധശിക്ഷ വിധിച്ച പ്രത്യേക കോടതിയുടെ വിധിക്കെതിരെ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച അപ്പീല്‍ തള്ളിയതോടെയാണ് മുല്ലയുടെ വധശിക്ഷ നടപ്പിലാക്കിയത്.

കഴിഞ്ഞ സെപ്റ്റംബറിലാണ് യുദ്ധകുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസില്‍ മുല്ലയുടെ വധശിക്ഷ ബംഗ്ലാദേശ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എം. മുസാമില്‍ ഹുസൈന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ച് ശരിവച്ചത്.

പത്ത് മാസം മുമ്പ് പ്രത്യേക ട്രൈബ്യൂണല്‍ ആണ് യുദ്ധക്കുറ്റകൃത്യങ്ങളുടെ പേരില്‍ മുല്ലയ്ക്ക് വധശിക്ഷ വിധിച്ചത്. ഇതിനെതിരെ മുല്ലയുടെ അഭിഭാഷകര്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.

1971ല്‍ നടന്ന വിമോചന സമരത്തിനിടെ പാക്കിസ്ഥാനുമായി ചേര്‍ന്ന് കൂട്ടക്കൊലയ്ക്കു നേതൃത്വം നല്‍കിയെന്നാണ് മുല്ലയ്‌ക്കെതിരായ കേസ്.
മുല്ലയ്‌ക്കെതിരേ നിരായുധരെ കൊന്നൊടുക്കുക, വംശഹത്യ, ബലാത്സംഗം തുടങ്ങിയ കുറ്റങ്ങള്‍ തെളിയിക്കപ്പെട്ടുവെന്ന് വ്യക്തമാക്കിയാണ് കോടതി വധശിക്ഷ ശരിവെച്ചത്.

ബംഗ്ലാദേശ് വിമോചന യുദ്ധകാലത്ത് പാക്കിസ്ഥാന് അനുകൂല നിലപാടായിരുന്നു ജമാ അത്തെ ഇസ്ലാമിക്ക്. 30 ലക്ഷത്തോളം പേര്‍ അന്ന് പാക് പട്ടാളവും ജമാ അത്തെ ഇസ്ലാമിയും ചേര്‍ന്ന് നടത്തിയ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടിരുന്നു.

ഈ കേസുകള്‍ വിചാരണ ചെയ്യാന്‍ ബംഗ്ലാ ഭരണകൂടം ചുമതലപ്പെടുത്തിയ പ്രത്യേക ട്രൈബ്യൂണലാണ് മുല്ലയ്ക്ക ആദ്യം ശിക്ഷ വിധിച്ചത്.
മിര്‍പുരിലെ കശാപ്പുകാരന്‍ എന്നു കുപ്രസിദ്ധനയ മുല്ല ബംഗ്ലാ ജമാ അത്തെ ഇസ്ലാമിയുടെ നാലു മുതിര്‍ന്ന നേതാക്കളിലൊരാളാണ്.

Latest Stories

We use cookies to give you the best possible experience. Learn more