പാകിസ്ഥാനെതിരായ തോല്‍വിക്ക് പിന്നാലെ 2023 ലോകകപ്പില്‍ നിന്നും പുറത്താകുന്ന ആദ്യ ടീമായി ബംഗ്ലാദേശ്. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിനായിരുന്നു ബംഗ്ലാദേശിന്റെ പരാജയം.
ബംഗ്ലാ കടുവകള്‍ ഉയര്‍ത്തിയ 205 റണ്‍സിന്റെ വിജയലക്ഷ്യം 105 പന്ത് ബാക്കി നില്‍ക്കവെയായിരുന്നു പാകിസ്ഥാന്‍ മറികടന്നത്.
മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ബംഗ്ലാദേശ് മഹ്‌മദുള്ളയുടെ അര്‍ധ സെഞ്ച്വറി കരുത്തിലാണ് വന്‍ തകര്‍ച്ചയില്‍ നിന്നും കരകയറിയത്. 70 പന്തില്‍ ആറ് ബൗണ്ടറിയും ഒരു സിക്‌സറും ഉള്‍പ്പടെ 56 റണ്‍സാണ് മഹ്‌മദുള്ള നേടിയത്.
ഇതിന് പുറമെ 64 പന്തില്‍ 45 റണ്‍സ് നേടിയ ലിട്ടണ്‍ ദാസും 64 പന്തില്‍ 43 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ഷാകിബ് അല്‍ ഹസനുമാണ് അല്‍പമെങ്കിലും പിടിച്ചുനിന്നത്.
മികച്ച കൂട്ടുകെട്ടുണ്ടാക്കാനോ സ്‌കോര്‍ പടുത്തുയര്‍ത്താനോ അനുവദിക്കാതെ പാക് ബൗളര്‍മാര്‍ ബംഗ്ലാദേശിനെ കശക്കിയെറിഞ്ഞു.
പാകിസ്ഥാനായി ഷഹീന്‍ അഫ്രിദിയും മുഹമ്മദ് വസീം ജൂനിയറും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ഹാരിസ് റൗഫ് രണ്ട് വിക്കറ്റും സ്വന്തമാക്കി. ഇഫ്തിഖര്‍ അഹമ്മദ്, ഒസാമ മിര്‍ എന്നിവരാണ് ശേഷിക്കുന്ന വിക്കറ്റ് സ്വന്തമാക്കിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ പാക് നിരയില്‍ ക്യാപ്റ്റന്‍ ബാബര്‍ അസം മാത്രമാണ് നിരാശപ്പെടുത്തിയത്. 16 പന്തില്‍ ഒമ്പത് റണ്‍സ് നേടിയാണ് ബാബര്‍ പുറത്തായത്.
ഓപ്പണിങ് ബാറ്റര്‍മാരുടെ സെഞ്ച്വറി കൂട്ടുകെട്ടാണ് പാകിസ്ഥാനെ വിജയത്തിലെത്തിച്ചത്. അബ്ദുള്ള ഷഫീഖ് 69 പന്തില്‍ 68 റണ്‍സ് നേടി പുറത്തായപ്പോള്‍ ഫഖര്‍ സമാന്‍ 74 പന്തില്‍ 81 റണ്‍സും നേടി.
ഈ വിജയത്തിന് പിന്നാലെ തങ്ങളുടെ സെമി സാധ്യത നേരിയ തോതിലെങ്കിലും വര്‍ധിപ്പിക്കാന്‍ പാകിസ്ഥാന് സാധിച്ചു. നിലവില്‍ ആദ്യ നാലിലെത്താന്‍ 13 ശതമാനം സാധ്യതയാണ് പാകിസ്ഥാന് കല്‍പിക്കുന്നത്.
ശേഷിക്കുന്ന മത്സരങ്ങളില്‍ വിജയിച്ചാല്‍ മാത്രം പോരാ, മറ്റു ടീമുകളുടെ ജയപരാജയവും കണക്കിലെടുത്താല്‍ മാത്രമേ പാകിസ്ഥാന് നോക്ക് ഔട്ട് സാധ്യതയുള്ളൂ.
ഓരോ ടീമുകളുടെയും സെമി സാധ്യതകള്‍ (ശതമാനത്തില്‍)
ഇന്ത്യ – 99.9%
സൗത്ത് ആഫ്രിക്ക – 95%
ന്യൂസിലാന്‍ഡ് – 75%
ഓസ്‌ട്രേലിയ – 74%
അഫ്ഗാനിസ്ഥാന്‍ – 31%
പാകിസ്ഥാന്‍ – 13%
ശ്രീലങ്ക – 6%
നെതര്‍ലന്‍ഡ്‌സ് – 5.8%
ഇംഗ്ലണ്ട് – 0.03%
ബംഗ്ലാദേശ് – എലിമിനേറ്റഡ്
Content Highlight: Bangladesh eliminated from 2023 World Cup