| Friday, 10th May 2024, 11:11 pm

210 റണ്‍സിന് ഒരു വിക്കറ്റ് പോലും വീഴ്ത്താനാകാതെ ചെന്നൈ, ടീം വിട്ടവന്‍ വീഴ്ത്തിയത് 19 റണ്‍സിന് മൂന്ന് വിക്കറ്റ്; ഫിസിന്റെ ഗര്‍ജനം

സ്പോര്‍ട്സ് ഡെസ്‌ക്

സിംബാബ്‌വേയുടെ ബംഗ്ലാദേശ് പര്യടനത്തിലെ നാലാം മത്സരത്തിലും വിജയം സ്വന്തമാക്കി കടുവകള്‍. ഷേര്‍ ഇ ബംഗ്ലാ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അഞ്ച് റണ്‍സിനാണ് ബംഗ്ലാദേശ് വിജയം സ്വന്തമാക്കിയത്.

മത്സരത്തില്‍ ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്ത സിംബാബ്‌വേ ബംഗ്ലാദേശിനെ 19.5 ഓവറില്‍ 143 റണ്‍സിന് പുറത്താക്കി. തന്‍സിദ് ഹസന്റെ അര്‍ധ സെഞ്ച്വറിയും സൗമ്യ സര്‍ക്കാരിന്റെ ഇന്നിങ്‌സുമാണ് ടീമിനെ വീഴാതെ കാത്തത്.

ആദ്യ വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി. തന്‍സിദ് ഹസന്‍ 37 പന്തില്‍ 52 റണ്‍സടിച്ചപ്പോള്‍ സൗമ്യ സര്‍ക്കാര്‍ 34 പന്തില്‍ 41 റണ്‍സും നേടി.

ടീം സ്‌കോര്‍ 101ല്‍ നില്‍ക്കവെ തന്‍സിദ് ഹസനെ പുറത്താക്കി ലൂക് ജോങ്‌വേയാണ് കൂട്ടുകെട്ട് പൊളിച്ചത്. 12ാം ഓവറിലെ രണ്ടാം പന്തില്‍ ജോനാഥന്‍ കാംപ്‌ബെല്ലിന്റെ കൈകളിലെത്തിച്ചായിരുന്നു ജോങ്‌വേ ഹസനെ മടക്കിയത്.

ഓവറിലെ അവസാന പന്തില്‍ സര്‍ക്കാരിനെയും ജോങ്‌വേ മടക്കി. ടീം സ്‌കോര്‍ 108ല്‍ നില്‍ക്കവെയാണ് സര്‍ക്കാര്‍ പുറത്താകുന്നത്.
എന്നാല്‍ പിന്നാലെയെത്തിയവരില്‍ തൗഹിദ് ഹൃദോയ് മാത്രമാണ് ഇരട്ടയക്കം കണ്ടത്. എട്ട് പന്തില്‍ 12 റണ്‍സാണ് താരം നേടിയത്.

ഒറ്റ വിക്കറ്റ് പോലും നഷ്ടപ്പെടാതെ 101 റണ്‍സ് എന്ന നിലയില്‍ നിന്നും 143ന് ഓള്‍ ഔട്ട് എന്ന നിലയിലേക്കാണ് ഷെവ്‌റോണ്‍സ് ആതിഥേയരെ കൊണ്ടുചെന്നെത്തിച്ചത്.

സിംബാബ്‌വേക്കായി ലൂക് ജോങ്‌വേ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ബ്രയന്‍ ബെന്നറ്റും റിച്ചാര്‍ഡ് എന്‍ഗരാവയും രണ്ട് വിക്കറ്റ് വീതം നേടി. ക്യാപ്റ്റന്‍ സിക്കന്ദര്‍ റാസയും ബ്ലെസിങ് മുസരബാനിയുമാണ് ശേഷിക്കുന്ന വിക്കറ്റുകള്‍ സ്വന്തമാക്കിയത്.

144 റണ്‍സ് ലക്ഷ്യമിട്ടിറങ്ങിയ സിംബാബ്‌വേക്ക് തുടക്കം പിഴച്ചു. ബ്രയന്‍ ബെന്നറ്റ് നാല് പന്ത് നേരിട്ട് പൂജ്യത്തിന് പുറത്തായി.

പിന്നാലെയെത്തിയ താഡിവാഷെ മരുമാനിയും സിക്കന്ദര്‍ റാസയും ജോനാഥന്‍ കാംപ്‌ബെല്ലും ചെറുത്തുനിന്നെങ്കിലും കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തി ബംഗ്ലാദേശ് മത്സരം കൈവിടാതെ കാത്തു.

ഷാകിബ് അല്‍ ഹസന്റെയും മുസ്തഫിസുര്‍ റഹ്‌മാന്റെയും ബൗളിങ് കരുത്തിലാണ് ബംഗ്ലാദേശ് വിജയിച്ചുകയറിയത്. ഹസന്‍ 3.4 ഓവറില്‍ 35 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് നേടിയപ്പോള്‍ നാല് ഓവറില്‍ 19 റണ്‍സിന് മൂന്ന് വിക്കറ്റാണ് മുസ്തഫിസുര്‍ വീഴ്ത്തിയത്.

പേസര്‍ താസ്‌കിന്‍ അഹമ്മദ് രണ്ട് വിക്കറ്റ് നേടിയപ്പോള്‍ റിഷാദ് ഹൊസൈനാണ് ശേഷിക്കുന്ന വിക്കറ്റ് നേടിയത്.

ഒടുവില്‍ 19.4 ഓവറില്‍ 138 റണ്‍സിന് സിംബാബ്‌വേ പുറത്തായി.

മികച്ച ബൗളിങ് പ്രകടനം നടത്തിയ മുസ്തഫിസുര്‍ റഹ്‌മാനാണ് കളിയിലെ താരം.

നാഷണല്‍ ഡ്യൂട്ടിക്കായി ചെന്നൈ സൂപ്പര്‍ കിങ്‌സ് വിട്ടാണ് ഫിസ് ബംഗ്ലാദേശിനൊപ്പം ചേര്‍ന്നത്. ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ചെന്നൈ ബൗളര്‍മാര്‍ വിക്കറ്റ് വീഴ്ത്താന്‍ പാടുപെട്ട അതേസമയത്ത് തന്നെയാണ് മറുവശത്ത് മുസ്തഫിസുര്‍ മികച്ച പ്രകടനം പുറത്തെടുത്തത്.

ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ആദ്യ നാല് മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ 4-0ന് മുമ്പിലെത്താനും ആതിഥേയര്‍ക്കായി.

മെയ് 12നാണ് പരമ്പരയിലെ അവസാന മത്സരം. ഷേര്‍ ഇ ബംഗ്ലായാണ് വേദി.

Content highlight: Bangladesh defeats Zimbabwe

Latest Stories

We use cookies to give you the best possible experience. Learn more