ടി-20 ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ വിജയിച്ച് ബംഗ്ലാദേശ്. നെതര്‍ലന്‍ഡ്‌സിനെയാണ് ബംഗ്ലാദേശ് പരാജയപ്പെടുത്തിയത്. ഒമ്പത് റണ്‍സിനായിരുന്നു ബംഗ്ലാ കടുവകളുടെ വിജയം.
ടോസ് നേടിയ നെതര്‍ലന്‍ഡ്‌സ് ക്യാപ്റ്റന്‍ ബംഗ്ലാദേശിനെ ബാറ്റിങ്ങിനിയക്കുകയായിരുന്നു. ഓപ്പണര്‍മാരായ സൗമ്യ സര്‍ക്കാറും നജ്മുല്‍ ഹൊസൈന്‍ ഷാന്റോയും ചേര്‍ന്ന് തരക്കേടില്ലാത്ത തുടക്കമാണ് ബംഗ്ലാദേശിന് നല്‍കിയത്. 43 റണ്‍സായിരുന്നു ഇരുവരും ആദ്യ വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തത്.
എന്നാല്‍ പിന്നീടങ്ങോട്ട് ബംഗ്ലാദേശിന് ആ മൊമെന്റം നിലനിര്‍ത്താന്‍ സാധിച്ചില്ല. ലിട്ടണ്‍ ദാസ് ഒമ്പത് റണ്‍സിനും ക്യാപ്റ്റന്‍ ഷാകിബ് അല്‍ ഹസന്‍ ഏഴ് റണ്‍സിനും പുറത്തായി.
അഞ്ചാമനായി ഇറങ്ങിയ ആഫിഫ് ഹൊസൈനാണ് ബംഗ്ലാദേശ് ഇന്നിങ്‌സിനെ വീഴാതെ കാത്തുരക്ഷിച്ചത്. 27 പന്തില്‍ നിന്നും 38 റണ്‍സാണ് താരം സ്വന്തമാക്കിയത്. ലോവര്‍ ഓര്‍ഡറില്‍ മൊസാദെക് ഹൊസൈനും പിടിച്ചുനിന്നപ്പോള്‍ ബംഗ്ലാദേശ് സ്‌കോര്‍ 20 ഓവറില്‍ 144 റണ്‍സിലെത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ നെതര്‍ലന്‍ഡ്‌സിനും തുടക്കം പാളി. ഇന്നിങ്‌സിന്റെ ആദ്യ രണ്ട് പന്തുകളില്‍ രണ്ട് വിക്കറ്റാണ് വീണത്. ഓപ്പണര്‍ വിക്രംജിത് സിങ്ങും വണ്‍ ഡൗണായി ഇറങ്ങിയ ബാസ് ഡെ ലീഗും ഗോള്‍ഡന്‍ ഡക്കായി പുറത്തായി. ടീം സ്‌കോര്‍ 13ല്‍ നില്‍ക്കവെ ഓപ്പണര്‍ മാക്‌സ് ഒ ദൗദും പുറത്തായതോടെ നെതര്‍ലന്‍ഡ്‌സ് പരുങ്ങി.
എന്നാല്‍ നാലാമനായി ഇറങ്ങിയ കോളിന്‍ അക്കര്‍മെന്‍ ഇന്നിങ്‌സിന്റെ ഭാരം സ്വന്തം തോളിലേറ്റെടുത്തു. 48 പന്തില്‍ നിന്നും 48 റണ്‍സാണ് താരം സ്വന്തമാക്കിയത്. എന്നാല്‍ ഒരാള്‍ പോലും പിന്തുണ നല്‍കാനില്ലാതെ വന്നതോടെ കോളിന്റെ മികച്ച ഇന്നിങ്‌സ് പാഴാവുകയായിരുന്നു.
ഏഴ് ബാറ്റര്‍മാരാണ് നെതര്‍ലന്‍ഡ്‌സ് നിരയില്‍ ഒറ്റയക്കത്തിന് പുറത്തായത്. 20ാം ഓവറിന്റെ അവസാന പന്തില്‍ നെതര്‍ലന്‍ഡിസ്‌ന്റെ പത്താം വിക്കറ്റും വീഴുമ്പോള്‍ ടീം സ്‌കോര്‍ 135 മാത്രമായിരുന്നു. ഇതോടെ ഒമ്പത് റണ്‍സിന്റെ വിജയം ബംഗ്ലാദേശ് ആഘോഷിക്കുകയായിരുന്നു.
ഈ മത്സരത്തിലെ വിജയത്തോടെ നാണക്കേടിന്റെ ഒരു റെക്കോഡില്‍ നിന്നും മുക്തരാവാനും ബംഗ്ലാദേശിനായി. ടി-20 ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തില്‍ തുടര്‍ച്ചയായി പരാജയപ്പെടുന്ന നാണക്കേടിന്റെ റെക്കോഡിനാണ് ബംഗ്ലാദേശ് വിരാമമിട്ടത്.
ഇതുവരെ തുടര്‍ച്ചയായി 17 മത്സരം തോറ്റ ബംഗ്ലാദേശിന് നെതര്‍ലന്‍ഡ്‌സിനെതിരെ വിജയം കണ്ടെത്താനായതോടെ ലോകകപ്പ് ക്യാമ്പെയ്‌നില്‍ ആവേശം വര്‍ധിപ്പിക്കാനുമായി.
നാല് ഓവറില്‍ 25 റണ്‍സ് മാത്രം വിട്ടുനല്‍കി നാല് വിക്കറ്റ് വീഴ്ത്തിയ തസ്‌കിന്‍ അഹമ്മദാണ് നെതര്‍ലന്‍ഡ്‌സിന്റെ നടുവൊടിച്ചത്. തസ്‌കിന്‍ തന്നെയാണ് കളിയിലെ കേമനും.
നെതര്‍ലന്‍ഡ്‌സിനെതിരായ മത്സരത്തിലെ വിജയത്തോടെ പൂള്‍ രണ്ടില്‍ ഇന്ത്യയെ മറികടന്ന് ഒന്നാം സ്ഥാനത്തെത്താനും ബംഗ്ലാദേശിനായി. നെറ്റ് റണ്‍ റേറ്റിന്റെ അടിസ്ഥാനത്തിലാണ് ബംഗ്ലാദേശ് ഇന്ത്യയെ മറികടന്നത്.
ഒക്ടോബര്‍ 27നാണ് ബംഗ്ലാദേശിന്റെ അടുത്ത മത്സരം. സൗത്ത് ആഫ്രിക്കയാണ് എതിരാളികള്‍.
Content Highlight: Bangladesh defeats Netherlands in T20 World Cup super 12