നൂറ്റാണ്ടിലെ അട്ടിമറി; ബംഗ്ലാ ഗര്‍ജനത്തിന് മുമ്പില്‍ ഓസീസ് ചാരം
Sports News
നൂറ്റാണ്ടിലെ അട്ടിമറി; ബംഗ്ലാ ഗര്‍ജനത്തിന് മുമ്പില്‍ ഓസീസ് ചാരം
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 14th January 2023, 8:46 pm

അണ്ടര്‍ 19 വനിതാ ടി-20 ലോകകപ്പില്‍ ഓസ്‌ട്രേലിയയെ അട്ടിമറിച്ച് ബംഗ്ലാദേശ്. ബെനോനി വില്ലോമൂര്‍ പാര്‍ക്കില്‍ വെച്ച് നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിനായിരുന്നു ബംഗ്ലാദേശിന്റെ വിജയം.

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ കങ്കാരുക്കള്‍ക്ക് മികച്ച തുടക്കമായിരുന്നില്ല ലഭിച്ചത്. ഓപ്പണര്‍മാര്‍ രണ്ട് പേരെയും ഒറ്റയക്കത്തിനായിരുന്നു ഓസീസിന് നഷ്ടമായത്. എന്നാല്‍ വണ്‍ ഡൗണായെത്തിയ ക്ലയര്‍ മൂറിന്റെ സെന്‍സിബിള്‍ ഇന്നിങ്‌സില്‍ സ്‌കോര്‍ ഉയര്‍ന്നു.

51 പന്തില്‍ നിന്നും 52 റണ്‍സാണ് മൂര്‍ നേടിയത്. 39 പന്തില്‍ നിന്നും 35 റണ്‍സ് നേടിയ എല്ല ഹേയ്വാര്‍ഡും മൂറിന് പിന്തുണ നല്‍കി.

ഇവര്‍ക്ക് പുറമെ അവസാന ഓവറുകളില്‍ എമി സ്മിത്തും റിസ് മെകെന്നയും ചെറുത്തുനിന്നതോടെയാണ് ഓസീസ് പൊരുതാവുന്ന സ്‌കോറിലെത്തിയത്. സ്മിത് ഏഴ് പന്തില്‍ നിന്നും 16 റണ്‍സ് നേടിയപ്പോള്‍ മെകെന്ന ആറ് പന്തില്‍ നിന്നും 12 റണ്‍സും നേടി.

ഒടുവില്‍ നിശ്ചിത ഓവറില്‍ 130ന് അഞ്ച് എന്ന നിലയിലാണ് ഓസീസ് ഇന്നിങ്‌സ് അവസാനിപ്പിച്ചത്.

ബംഗ്ലാദേശിനായി മറൂഫ അക്തറും ദിഷ ബിശ്വാസും രണ്ട് വിക്കറ്റ് വീതം നേടി. രബേയ ഖാതൂനാണ് ശേഷിക്കുന്ന വിക്കറ്റ് സ്വന്തമാക്കിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിന് ആദ്യ പന്തില്‍ തന്നെ ഓപ്പണറെ നഷ്ടമായിരുന്നു. എന്നാല്‍ അഫിയ ഹുമേറിയ ആനം പ്രൊട്ടാഷയും വണ്‍ ഡൗണായെത്തിയ ദിലാര അക്തറും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ പടുത്തുയര്‍ത്തിയ പാര്‍ട്ണര്‍ഷിപ്പായിരുന്നു ബംഗ്ലാദേശിന്റെ വിജയത്തിന് അടിസ്ഥാനമായത്. പ്രൊട്ടാഷ 22 പന്തില്‍ നിന്നും 24 റണ്‍സ് നേടിയപ്പോള്‍ ദിലാര അക്തര്‍ 40 റണ്‍സ് നേടി.

ഇവര്‍ക്ക് ശേഷമെത്തിയ ഷോര്‍ണ അക്തറും സുമയ്യ അക്തറും ചേര്‍ന്ന് ടീമിനെ വിജയത്തിലേക്കെത്തിക്കുകയായിരുന്നു.

ഓസീസിനായി രണ്ട് ഓവറില്‍ ഒമ്പത് റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ ചോല്‍ ഐന്‍സ്വെര്‍ത്താണ് തിളങ്ങിയത്.

അതേസമയം, സൗത്ത് ആഫ്രിക്കയെ ക്ലീന്‍ സ്വീപ് ചെയ്ത് ഇന്ത്യയും റോയലായി തന്നെ വിജയം സ്വന്തമാക്കിയിരുന്നു.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത സൗത്ത് ആഫ്രിക്ക നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സ് നേടിയിരുന്നു. 61 റണ്‍സ് നേടിയ സൈമണ്‍ ലോറെന്‍സാണ് സൗത്ത് ആഫ്രിക്കയുടെ ടോപ് സ്‌കോറര്‍.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത് ഓപ്പണര്‍ ശ്വേതാ ഷെറാവത്തിന്റെ ബാറ്റിങ് പ്രകടനത്തില്‍ അനാസായം വിജയം പിടിച്ചടക്കുകയായിരുന്നു. 57 പന്തില്‍ നിന്നും 20 ബൗണ്ടറിയുടെ അകമ്പടിയോടെ പുറത്താകാതെ 92 റണ്‍സാണ് ശ്വേത സ്വന്തമാക്കിയത്.

ശ്വേതക്ക് പുറമെ ഷഫാലി വര്‍മയും തകര്‍ത്തടിച്ചിരുന്നു. 16 പന്തില്‍ നിന്നും ഒമ്പത് ബൗണ്ടറിയും ഒരു സിക്‌സറുമടക്കം 45 റണ്‍സാണ് ഷെഫാലി നേടിയത്.

 

Content Highlight: Bangladesh defeats Australia in U19 T20 WC