| Monday, 17th July 2023, 9:20 am

വനിതകള്‍ ചരിത്രം കുറിച്ച് മണിക്കൂറുകള്‍ക്കകം പുരുഷ ടീമിന്റെ പ്രതികാരം 🔥 🔥; ഇതാ ബംഗ്ലാദേശിന്റെ മടങ്ങി വരവ്

സ്പോര്‍ട്സ് ഡെസ്‌ക്

അഫ്ഗാനിസ്ഥാന്റെ ബംഗ്ലാദേശ് പര്യടനത്തിലെ ടി-20 പരമ്പര ക്ലീന്‍ സ്വീപ് ചെയ്ത് സ്വന്തമാക്കി ബംഗ്ലാ കടുവകള്‍. രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരയിലെ രണ്ട് മത്സരവും വിജയിച്ചാണ് ബംഗ്ലാദേശ് സീരീസ് സ്വന്തമാക്കിയത്. ഇതോടെ നേരത്തെ ഏകദിന പരമ്പരയില്‍ അടിയറവ് പറയേണ്ടി വന്നതിന്റെ നാണക്കേടില്‍ നിന്നും കരകയറാനും ബംഗ്ലാദേശിനായി.

കഴിഞ്ഞ ദിവസം ഷിലെറ്റ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിനായിരുന്നു ബംഗ്ലാദേശിന്റെ വിജയം. ഡക്ക്‌വര്‍ത്ത്-ലൂയീസ്-സ്റ്റേണ്‍ നിയമപ്രകാരമായിരുന്നു ബംഗ്ലാദേശ് വിജയം സ്വന്തമാക്കിയത്.

17 ഓവറായി ചുരുക്കിയ മത്സരത്തില്‍ ടോസ് നേടിയ ബംഗ്ലാദേശ് എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു. താസ്‌കിന്‍ അഹമ്മദ് മുസ്തഫിസുര്‍ റഹ്‌മാന്‍, ക്യാപ്റ്റന്‍ ഷാകിബ് അല്‍ ഹസന്‍ എന്നിവരുടെ തകര്‍പ്പന്‍ ബൗളിങ് പ്രകടനത്തില്‍ അഫ്ഗാനിസ്ഥാന് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 116 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.

ഡൂള്‍ന്യൂസിനെ ത്രെഡ്‌സില്‍ പിന്തുടരാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ.

ബംഗ്ലാദേശിനായി താസ്‌കന്‍ അഹമ്മദ് മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഷാകിബും മുസ്തഫിസുറും രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കി.

25 റണ്‍സ് നേടിയ അസ്മത്തുള്ള ഒമറാസിയാണ് അഫ്ഗാന്റെ ടോപ് സ്‌കോറര്‍.

മൂന്ന് വിക്കറ്റ് നേട്ടത്തിന് പിന്നാലെ മറ്റൊരു കരിയര്‍ മൈല്‍സ്റ്റോണ്‍ പിന്നിടാനും താസ്‌കിന്‍ അഹമ്മദിന് സാധിച്ചു. ടി-20 ഫോര്‍മാറ്റില്‍ ബംഗ്ലാദേശിനായി 50 വിക്കറ്റ് തികയ്ക്കുന്ന മൂന്നാമത് ബൗളര്‍ എന്ന റെക്കോഡ് നേട്ടമാണ് താസ്‌കിന്‍ സ്വന്തമാക്കിയത്. നിലവില്‍ 52 വിക്കറ്റാണ് താസ്‌കിന്റെ പേരിലുള്ളത്.

ഷാകിബ് അല്‍ ഹസന്‍ (140), മുസ്തഫിസുര്‍ റഹ്‌മാന്‍ (103) എന്നിവരാണ് ഈ നേട്ടം കൈവരിച്ച മറ്റ് ബൗളര്‍മാര്‍.

ഡക്ക്‌വര്‍ത്ത്-ലൂയീസ്-സ്റ്റേണ്‍ നിയമപ്രകാരം 119 റണ്‍സായി വിജയലക്ഷ്യം പുനര്‍നിര്‍ണയിച്ച മത്സരത്തില്‍ ഓപ്പണര്‍മാരായ ലിട്ടണ്‍ ദാസിന്റെയും ആഫിഫ് ഹൊസൈന്റെയും കരുത്തില്‍ ബംഗ്ലാദേശ് വിജയച്ചുകയറുകയായിരുന്നു. ദാസ് 36 പന്തില്‍ 35 റണ്‍സ് നേടിയപ്പോള്‍ ഹൊസൈന്‍ 20 പന്തില്‍ 24 റണ്‍സും നേടി.

ഒടുവില്‍ അഞ്ച് പന്ത് ബാക്കി നില്‍ക്കെ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ബംഗ്ലാദേശ് വിജയം സ്വന്തമാക്കുകയായിരുന്നു.

ഷിലെറ്റ് സ്റ്റേഡിയത്തില്‍ നടന്ന ആദ്യ മത്സരത്തില്‍ രണ്ട് വിക്കറ്റിനായിരുന്നു ബംഗ്ലാദേശിന്റെ വിജയം. ഷാകിബ് അല്‍ ഹസന്‍ ബാറ്റുകൊണ്ടും പന്തുകൊണ്ടും നിറഞ്ഞാടിയ മത്സരം തന്നെയായിരുന്നു അത്. ഷാകിബ് തന്നെയാണ് പരമ്പരയുടെ താരവും.

നേരത്തെ, ആദ്യമായി ഏകദിന ഫോര്‍മാറ്റില്‍ ഇന്ത്യയോട് വിജയിച്ച് ബംഗ്ലാദേശ്  വനിതാ ടീം ചരിത്രം കുറിച്ചപ്പോള്‍ അഫ്ഗാനെ തോല്‍പിച്ച് പരമ്പര സ്വന്തമാക്കി പുരുഷ ടീമും ആരാധകര്‍ക്ക് വേണ്ടത് നല്‍കി.

ഏഷ്യാ കപ്പാണ് ഇനി ബംഗ്ലാദേശിന് മുമ്പിലുള്ളത്. അഫ്ഗാനിസ്ഥാനൊപ്പം ഗ്രൂപ്പ് ബിയിലാണ് ബംഗ്ലാദേശ് സ്ഥാനം പിടിച്ചിരിക്കുന്നത്. ശ്രീലങ്കയാണ് ഗ്രൂപ്പ് ബിയിലെ അടുത്ത ടീം.

Content Highlight: Bangladesh defeats Afghanistan and won the series

Latest Stories

We use cookies to give you the best possible experience. Learn more