ജയം 546 റണ്‍സിന് 😳; 21ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ വിജയം 🔥; 1928ലെ ഇംഗ്ലണ്ടിനും 1934ലെ ഓസീസിനും ശേഷം ഇനി ബംഗ്ലാദേശ്
Sports News
ജയം 546 റണ്‍സിന് 😳; 21ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ വിജയം 🔥; 1928ലെ ഇംഗ്ലണ്ടിനും 1934ലെ ഓസീസിനും ശേഷം ഇനി ബംഗ്ലാദേശ്
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 18th June 2023, 7:44 am

ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ ടെസ്റ്റ് വിജയവുമായി ബംഗ്ലാദേശ്. മിര്‍പൂരിലെ ഷേര്‍ ഇ ബംഗ്ലാ സ്റ്റേഡിയത്തില്‍ നടന്ന ബംഗ്ലാദേശ് – അഫ്ഗാനിസ്ഥാന്‍ മത്സരത്തിലാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന മൂന്നാമത് വിജയം സ്വന്തമാക്കിയത്.

546 റണ്‍സിന്റെ പടുകൂറ്റന്‍ വിജയമാണ് ബംഗ്ലാദേശ് സ്വന്തമാക്കിയത്. മത്സരത്തിന്റെ നാലാം ദിവസത്തിലെ ആദ്യ സെഷനില്‍ തന്നെ ബംഗ്ലാദേശ് വിജയം പിടിച്ചെടുത്തിരുന്നു.

ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവുമുയര്‍ന്ന മൂന്നാമത് വിജയമാര്‍ജിനും ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ വിജയവുമാണിത്. 1928 നവംബര്‍ 30ന് ബ്രിസ്‌ബെയ്‌നില്‍ നടന്ന ആഷസ് പരമ്പരയിലെ മത്സരത്തിലാണ് ടെസ്റ്റിലെ ഏറ്റവും വലിയ വിജയം പിറന്നത്. 675 റണ്‍സിന്റെ വിജയം സ്വന്തമാക്കിയാണ് ഇംഗ്ലീഷ് പട കരുത്ത് കാണിച്ചത്. ആറ് വര്‍ഷത്തിനിപ്പുറം ഇംഗ്ലണ്ടിലെത്തി ഓസീസും റെക്കോഡിട്ടു. 1934 ആഗസ്റ്റ് 18ന് ഓവലില്‍ നടന്ന മത്സരത്തില്‍ 562 റണ്‍സിനാണ് കങ്കാരുക്കള്‍ ഇംഗ്ലണ്ടിനെ തകര്‍ത്തുവിട്ടത്. ഈ പട്ടികയിലാണ് ബംഗ്ലാ കടുവകള്‍ തങ്ങളുടെ പേരും എഴുതിച്ചേര്‍ത്തത്.

മത്സരത്തില്‍ ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്ത അഫ്ഗാനിസ്ഥാന് തുടക്കത്തിലേ പിഴച്ചിരുന്നു. ആദ്യ ഇന്നിങ്‌സില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയ നജ്മുല്‍ ഹൊസൈന്‍ ഷാന്റോയുടെയും അര്‍ധ സെഞ്ച്വറി തികച്ച മഹ്‌മദുള്‍ ഹസന്‍ ജോയ്‌യുടെയും കരുത്തിലാണ് ബംഗ്ലാദേശ് സ്‌കോര്‍ ഉയര്‍ത്തിയത്.

ഷാന്റോ 175 പന്തില്‍ നിന്നും 146 റണ്‍സ് നേടിയപ്പോള്‍ ജോയ് 137 പന്തില്‍ നിന്നും 76 റണ്‍സ് നേടി പുറത്തായി. ഇവരുടെ കരുത്തില്‍ 382 റണ്‍സാണ് ബംഗ്ലാദേശ് ആദ്യ ഇന്നിങ്‌സില്‍ നേടിയത്. ആദ്യ ഇന്നിങ്‌സില്‍ അഫ്ഗാനായി നിദാത് മസൂദ് അഞ്ച് വിക്കറ്റ് നേടി.

ഒന്നാം ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാന് ബാറ്റിങ്ങില്‍ തിളങ്ങന്‍ സാധിച്ചില്ല. 40 പന്തില്‍ നിന്നും 36 റണ്‍സ് നേടിയ അഫ്‌സല്‍ സസായി ആണ് ടോപ് സ്‌കോറര്‍. പത്ത് ഓവറില്‍ 47 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ എദാബോത് ഹൊസൈന്‍, അഞ്ച് ഓവറില്‍ ഏഴ് റണ്‍സിന് രണ്ട് വിക്കറ്റ് വീഴ്ത്തിയ തൈജുല്‍ ഇസ്‌ലാമും ബംഗ്ലാ ബൗളിങ്ങില്‍ കരുത്തായി.

വമ്പന്‍ ലീഡുമായി രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് ആരംഭിച്ച ബംഗ്ലാദേശ് വീണ്ടും റണ്ണടിച്ചുകൂട്ടിക്കൊണ്ടിരുന്നു. ഷാന്റോ രണ്ടാം ഇന്നിങ്‌സിലും സെഞ്ച്വറി തികച്ചപ്പോള്‍, ഇത്തവണ കൂട്ടിന് മോമിനുല്‍ ഹഖും നൂറടിച്ചു. ഷാന്റോ 151 പന്തില്‍ നിന്നും 121 റണ്‍സ് നേടിയപ്പോള്‍, മോമിനുല്‍ ഹഖ് 145 പന്തില്‍ നിന്നും 121 റണ്‍സ് നേടി പുറത്താകാതെ നിന്നു.

ഒടുവില്‍ 425ന് നാല് എന്ന നിലയില്‍ നില്‍ക്കവെ ബംഗ്ലാദേശ് ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു.

662 റണ്‍സ് എന്ന പടുകൂറ്റന്‍ ടോട്ടല്‍ പിന്തുടര്‍ന്നിറങ്ങിയ അഫ്ഗാന്‍ ഇന്നിങ്‌സ് 115 റണ്‍സില്‍ അവസാനിച്ചു. 73 പന്തില്‍ നിന്നും 30 റണ്‍സ് നേടിയ റഹ്‌മത് ഷായാണ് ടോപ് സ്‌കോറര്‍. ബംഗ്ലാദേശിനായി ടാസ്‌കിന്‍ അഹമ്മദ് നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഷോരിഫുള്‍ ഇസ്‌ലാം മൂന്ന് വിക്കറ്റും നേടി.

രണ്ട് ഇന്നിങ്‌സിലും സെഞ്ച്വറി നേടിയ നജ്മുല്‍ ഹൊസൈന്‍ ഷാന്റോയാണ് ടോപ് സ്‌കോറര്‍.

 

 

Content Highlight: Bangladesh defeats Afghanistan