U19 ഏഷ്യാ കപ്പില്‍ കിരീടമുയര്‍ത്തി ബംഗ്ലാദേശ്. കഴിഞ്ഞ ദിവസം ദുബായ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 195 റണ്‍സിന് യു.എ.ഇയെ പരാജയപ്പെടുത്തിയാണ് ബംഗ്ലാദേശ് കപ്പുയര്‍ത്തിയത്. U19 ഏഷ്യാ കപ്പില്‍ ബംഗ്ലാദേശിന്റെ കന്നിക്കിരീടമാണിത്.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിന് ടീം സ്‌കോര്‍ 14ല്‍ നില്‍ക്കവെ ആദ്യ വിക്കറ്റ് നഷ്ടമായിരുന്നു. ഓപ്പണര്‍ ജിഷാന്‍ ആലമിനെയാണ് ബംഗ്ലാ കടുവകള്‍ക്ക് നഷ്ടമായത്. 15 പന്തില്‍ ഏഴ് റണ്‍സ് നേടിയയായിരുന്നു താരത്തിന്റെ മടക്കം.
എന്നാല്‍ രണ്ടാം വിക്കറ്റില്‍ ഓപ്പണര്‍ ആഷിഖുര്‍ റഹ്‌മാന്‍ ഷിബിയും ചൗധുരി മുഹമ്മദ് റിസ്വാനും ചേര്‍ന്ന് സ്‌കോറിങ്ങിന് അടിത്തറയിട്ടു. സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തിയാണ് ഇരുവരും ബംഗ്ലാ സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചത്.
ടീം സ്‌കോര്‍ 139ല്‍ നില്‍ക്കവെ രണ്ടാം വിക്കറ്റായി റിസ്വാന്‍ പുറത്തായി. 71 പന്തില്‍ 60 റണ്‍സാണ് താരം നേടിയത്.
നാലാം നമ്പറില്‍ ഇറങ്ങിയ ആരിഫുള്‍ ഇസ്‌ലാമും തകര്‍ത്തടിച്ചു. 40 പന്തില്‍ 50 റണ്‍സടിച്ചാണ് ഇസ്‌ലാം ഷിബിക്ക് മികച്ച പിന്തുണ നല്‍കിയത്.
തുടര്‍ന്ന് ക്രീസിലെത്തിയവര്‍ക്കൊന്നും മികച്ച പ്രകടനം നടത്താന്‍ സാധിക്കാതെ പോയി.
പിന്നാലെ മികച്ച പ്രകടനം നടത്തിയ ആഷിഖുര്‍ റഹ്‌മാന്‍ ഷിബിയെയും ബംഗ്ലാദേശിന് നഷ്ടമായി. 149 പന്തില്‍ 129 റണ്‍സലാണ് താരം നേടിയത്. 12 ബൗണ്ടറിയും ഒരു സിക്‌സറും ആണ് താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നത്.
ഒടുവില്‍ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ ബംഗ്ലാദേശ് 282 റണ്‍സ് നേടി.
യു.എ.ഇക്കായി അയ്മാന്‍ അഹമ്മദ് നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഒമിദ് റഹ്‌മാന്‍ രണ്ട് വിക്കറ്റും തന്റെ പേരില്‍ കുറിച്ചു. ധ്രുവ് പരാശര്‍, ഹര്‍ദിക് പൈ എന്നിവരാണ് ശേഷിക്കുന്ന വിക്കറ്റുകള്‍ സ്വന്തമാക്കിയത്.
283 എന്ന ലക്ഷ്യം മുന്നില്‍ക്കണ്ട് ബാറ്റ് വീശിയ യു.എ.ഇക്ക് പിഴച്ചു. ഒന്നിന് പിന്നാലെ ഒന്ന് എന്ന നിലയില്‍ വിക്കറ്റുകള്‍ വീണതോടെ യു.എ.ഇ യുവതാരങ്ങള്‍ പരുങ്ങലിലായി.
രണ്ട് താരങ്ങള്‍ക്ക് മാത്രമാണ് യു.എ.ഇ നിരയില്‍ ഇരട്ടയക്കം കണ്ടെത്താന്‍ സാധിച്ചത്. 40 പന്തില്‍ പുറത്താകാതെ 25 റണ്‍സ് നേടിയ ധ്രുവ് പരാശറാണ് ടീമിന്റെ ടോപ് സ്‌കോറര്‍.
24.5 ഓവറില്‍ യു.എ.ഇ 87 റണ്‍സിന് ഓള്‍ ഔട്ടായി. ബംഗ്ലാദേശിനായി മാറൂഫ് മ്രിദാ, റോഹാനത് ദൗള്ള ബോര്‍സണ്‍ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. മുഹമ്മദ് ഇഖ്ബാല്‍ ഹസന്‍ എമോണും പര്‍വേസ് റഹ്‌മാന്‍ ജിബോണും ചേര്‍ന്ന് രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കിയതോടെ ബംഗ്ലാദേശ് കന്നിക്കിരീടത്തില്‍ മുത്തമിട്ടു.
U19 ഏഷ്യാ കപ്പിന്റെ പത്താം എഡിഷനാണ് ഇപ്പോള്‍ അവസാനിച്ചത്. എട്ട് തവണ ഇന്ത്യയും ഒരു തവണ അഫ്ഗാനിസ്ഥാനുമാണ് ഇതിന് മുമ്പ് കപ്പുയര്‍ത്തിയത്.
ഇന്ത്യയെ പരാജയപ്പെടുത്തിയാണ് ബംഗ്ലാദേശ് കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്. അതേസമയം, പാകിസ്ഥാനെ തകര്‍ത്താണ് യു.എ.ഇ തങ്ങളുടെ ആദ്യ ഫൈനലിന് യോഗ്യത നേടിയത്.
Content highlight: Bangladesh defeated UAE in U19 Asia Cup final