| Monday, 6th November 2023, 10:38 pm

മുന്നോട്ടുപോക്കില്ല, പക്ഷേ മറ്റുചില വാതിലുകള്‍ തുറക്കുന്നു; ബംഗ്ലാദേശിന് ലോട്ടറി

സ്പോര്‍ട്സ് ഡെസ്‌ക്

ലോകകപ്പിലെ ബംഗ്ലാദേശ് – ശ്രീലങ്ക മത്സരത്തില്‍ ബംഗ്ലാദേശിന് മൂന്ന് വിക്കറ്റ് ജയം. ദല്‍ഹി അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ലങ്ക ഉയര്‍ത്തിയ 280 റണ്‍സിന്റെ ലക്ഷ്യം ബംഗ്ലാദേശ് ഏഴ് വിക്കറ്റ് നഷ്ടപ്പെടുത്തി മറികടക്കുകയായിരുന്നു.

ആദ്യ രണ്ട് വിക്കറ്റുകള്‍ പെട്ടെന്ന് നഷ്ടമായെങ്കിലും മൂന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് ബംഗ്ലാദേശിനെ വിജയത്തിലെത്തിച്ചത്. സൂപ്പര്‍ താരം നജ്മുല്‍ ഹൊസൈന്‍ ഷാന്റോയും ക്യാപ്റ്റന്‍ ഷാകിബ് അല്‍ ഹസനും അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയാണ് ബംഗ്ലാ നിരയില്‍ നിര്‍ണായകമായത്. സെഞ്ച്വറിക്ക് തൊട്ടരികിലാണ് ഇരുവരും വീണത്.

ടീം സ്‌കോര്‍ 42ല്‍ ഒന്നിച്ച ഇരുവരുടെയും കൂട്ടുകെട്ട് പിരിയുന്നത് 210ാം റണ്‍സിലാണ്. ക്യാപ്റ്റന്‍ ഷാകിബ് അല്‍ ഹസനെ പുറത്താക്കി ഏയ്ഞ്ചലോ മാത്യൂസാണ് കൂട്ടുകെട്ട് പൊളിച്ചത്. 65 പന്തില്‍ 82 റണ്‍സ് നേടി നില്‍ക്കവെയായിരുന്നു ഷാകിബിന്റെ മടക്കം. രണ്ട് സിക്സറും 12 ഫോറുമായിരുന്നു ബംഗ്ലാ നായകന്റെ ഇന്നിങ്സിലുണ്ടായിരുന്നത്.

ഇതിന് പുറമെ 90 റണ്‍സ് നേടി സെഞ്ച്വറിക്ക് തൊട്ടടുത്തെത്തിയ ഷാന്റോയെയും മാത്യൂസ് പുറത്താക്കി. 34ാം ഓവറിലെ രണ്ടാം പന്തില്‍ ക്ലീന്‍ ബൗള്‍ഡായാണ് ഷാന്റോ പുറത്തായത്.

പിന്നാലെയെത്തിയവര്‍ തങ്ങളുടേതായ സംഭാവനകളും നല്‍കിയതോടെ ബംഗ്ലാദേശ് ലോകകപ്പിലെ രണ്ടാം ജയം സ്വന്തമാക്കി.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക സൂപ്പര്‍ താരം ചരിത് അസലങ്കയുടെ സെഞ്ച്വറി കരുത്തിലാണ് മോശമല്ലാത്ത സ്‌കോര്‍ സ്വന്തമാക്കിയത്. 105 പന്തില്‍ 108 റണ്‍സാണ് താരം നേടിയത്.

36 പന്തില്‍ 41 റണ്‍സ് നേടിയ ഓപ്പണര്‍ പാതും നിസംഗ, 42 പന്തില്‍ 41 റണ്‍സ് നേടിയ സധീര സമരവിക്രമ, 36 പന്തില്‍ 34 റണ്‍സ് നേടിയ ധനഞ്ജയ ഡി സില്‍വ എന്നിവരാണ് ശ്രീലങ്കക്കായി റണ്‍സ് നേടിയ മറ്റ് താരങ്ങള്‍.

ബംഗ്ലാദേശിനായി തന്‍സിദ് ഹസന്‍ സാകിബ് മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഷോരിഫുള്‍ ഇസ്‌ലാമും ക്യാപ്റ്റന്‍ ഷാകിബ് അല്‍ ഹസനും രണ്ട് വിക്കറ്റ് വീതം നേടി. ദുഷ്മന്ത ചമീര റണ്‍ ഔട്ടായപ്പോള്‍ മെഹ്ദി ഹസനാണ് ശേഷിക്കുന്ന വിക്കറ്റ് സ്വന്തമാക്കിയത്.

ലോകകപ്പില്‍ മുന്നോട്ട് കുതിക്കാന്‍ സാധിക്കില്ല എന്നുറപ്പുള്ള ബംഗ്ലാദേശ് അവസാന മത്സരങ്ങള്‍ വിജയിക്കാനുള്ള ഒരുക്കത്തിലാണ്. എട്ട് മത്സരത്തില്‍ നിന്നും രണ്ട് ജയത്തോടെ നാല് പോയിന്റുമായി പട്ടികയില്‍ ഏഴാം സ്ഥാനത്താണ് ബംഗ്ലാദേശ്.

ഇതോടെ ബംഗ്ലാദേശിന് 2025ലെ ചാമ്പ്യന്‍സ് ട്രോഫി കളിക്കാനുള്ള വഴികളും തെളിഞ്ഞിരിക്കുകയാണ്. പാകിസ്ഥാന്‍ ആതിഥേയത്വം വഹിക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ ഈ ലോകകപ്പില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന എട്ട് ടീമുകള്‍ക്കാണ് പങ്കെടുക്കാന്‍ സാധിക്കുക. ആതിഥേയ രാജ്യമായതിനാല്‍ പാകിസ്ഥാന് നേരിട്ട് യോഗ്യത ലഭിക്കും. ഏഴ് ടീമുകളാണ് നിലവില്‍ യോഗ്യത തെളിയിക്കേണ്ടതുള്ളത്.

പാകിസ്ഥാന്‍ അടക്കം ആറ് ടീമുകള്‍ ഇതിനോടകം തന്നെ യോഗ്യത നേടിയിട്ടുണ്ട്. അടുത്ത മത്സരവും ജയിച്ച് ചാമ്പ്യന്‍സ് ട്രോഫിയയിലെ തങ്ങളുടെ സാന്നിധ്യമുറപ്പാക്കാനാണ് ബംഗ്ലാദേശ് ശ്രമിക്കുന്നത്.

നവംബര്‍ 11ന് ഓസ്‌ട്രേലിയക്കെതിരെയാണ് ബംഗ്ലാദേശിന്റെ അടുത്ത മത്സരം. പൂനെയാണ് വേദി.

Content Highlight: Bangladesh defeated Sri Lanka

We use cookies to give you the best possible experience. Learn more