| Sunday, 8th September 2024, 9:44 pm

ഷെയ്ഖ് ഹസീനയെ ഇന്ത്യയില്‍ നിന്ന് നാടുകടത്തും: ബംഗ്ലാദേശ് ക്രൈം ട്രൈബ്യൂണല്‍ പ്രോസിക്യൂട്ടര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ധാക്ക: മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ ഇന്ത്യയില്‍ നിന്ന് നാടുകടത്താനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ബംഗ്ലാദേശ് രാജ്യാന്തര ക്രൈം ട്രൈബ്യൂണലില്‍ പുതുതായി നിയമിതനായ ചീഫ് പ്രോസിക്യൂട്ടര്‍ എം.ഡി. താജുല്‍ ഇസ്‌ലാം. ഷെയ്ഖ് ഹസീനയെ രാജ്യത്തേക്ക് തിരിച്ചെത്തിക്കാനുള്ള നീക്കങ്ങള്‍ ഇന്ത്യയുമായുള്ള ഉടമ്പടിയുടെ പരിധിയില്‍ കൊണ്ടുവരുമെന്നും പ്രോസിക്യൂട്ടര്‍ പറഞ്ഞു.

ഷെയ്ഖ് ഹസീനക്കെതിരെ രജിസ്റ്റര്‍ ചെയ്യപ്പെട്ട മുഴുവന്‍ കേസുകളിലും അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കാന്‍ അന്താരാഷ്ട്ര ക്രൈം ട്രൈബ്യൂണലില്‍ അപേക്ഷ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. പ്രോസിക്യൂട്ടറെ ഉദ്ധരിച്ച് ഡെയ്‌ലി സ്റ്റാര്‍ പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ആള്‍ക്കൂട്ട കൊലപാതകം, മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് മുന്‍ പ്രധാനമന്ത്രിക്കെതിരെ ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാര്‍ കേസെടുത്തിരിക്കുന്നത്. ഷെയ്ഖ് ഹസീനക്ക് പുറമെ അവാമി ലീഗിന്റെ ഏതാനും നേതാക്കള്‍ക്കെതിരെയും സര്‍ക്കാര്‍ കേസെടുത്തിട്ടുണ്ട്.

ഈ കേസുകളെ സംബന്ധിക്കുന്ന തെളിവുകളും രേഖകളും ശേഖരിക്കേണ്ടതുണ്ടെന്നും കൂടുതല്‍ നിയമനടപടികള്‍ക്കായി സര്‍ക്കാരുമായി കൂടിയാലോചന നടത്തുമെന്നും പ്രോസിക്യൂട്ടര്‍ പറഞ്ഞു.

രാജ്യത്തെ വിദ്യാര്‍ത്ഥികളുടെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തെ തുടര്‍ന്ന് ഷെയ്ഖ് ഹസീന ഓഗസ്റ്റ് അഞ്ചിന് രാജിവെച്ച് ഇന്ത്യയിലേക്ക് കടക്കുകയായിരുന്നു. സ്വാതന്ത്ര്യ സമര സേനാനികളുടെ പിന്‍ഗാമികള്‍ക്ക് 30 ശതമാനം തൊഴില്‍ സംവരണം പുനഃസ്ഥാപിക്കണമെന്ന ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നായിരുന്നു വിദ്യാര്‍ത്ഥികള്‍ പ്രതിഷേധമാരംഭിച്ചത്.

പിന്നാലെ ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി റദ്ദാക്കുകയും ചെയ്തു. എന്നാല്‍ പ്രതിഷേധങ്ങള്‍ക്ക് നേരെയുള്ള സര്‍ക്കാര്‍ നടപടിയില്‍ പ്രതികരിച്ചാണ് ബംഗ്ലാദേശിലെ വിദ്യാര്‍ത്ഥി പ്രക്ഷോഭം കനത്തത്.

അതേസമയം ഷെയ്ഖ് ഹസീനക്കെതിരെ ഉയര്‍ന്ന പ്രക്ഷോഭത്തെ തുടര്‍ന്ന് 230ലധികം പേര്‍ കൊലപ്പെടുകയുണ്ടായി. അക്രമ സംഭവങ്ങളില്‍ 500ഓളം പേര്‍ക്ക് സാരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ഷെയ്ഖ് ഹസീന രാജിവെച്ചതിന് പിന്നാലെ നൊബേല്‍ ജേതാവ് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തില്‍ ബംഗ്ലാദേശില്‍ ഇടക്കാല സര്‍ക്കാര്‍ രൂപീകരിക്കുകയും ചെയ്തു. ഇതിനുപിന്നാലെയാണ് ഷെയ്ഖ് ഹസീനക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കുന്നത്.

അവാമി ലീഗ് ജനറല്‍ സെക്രട്ടറി ഒബൈദുല്‍ ക്വദര്‍, മുന്‍ ആഭ്യന്തര മന്ത്രി അസദുസ്സമാന്‍ ഖാന്‍ കമാല്‍, മുന്‍ ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് പൊലീസ് ചൗധരി അബ്ദുള്ള അല്‍ മാമുന്‍ എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍. ഇവര്‍ക്ക് പുറമെ പേര് വെളിപ്പെടുത്താത്ത നിരവധി ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും ഇടക്കാല സര്‍ക്കാര്‍ കേസെടുത്തിരുന്നു.

Content Highlight: Bangladesh Crime Tribunal Prosecutor says Sheikh Hasina to be deported from India

We use cookies to give you the best possible experience. Learn more