ധാക്ക: അടുത്തമാസം ആദ്യം നടക്കുന്ന ബംഗ്ലാദേശിന്റെ ഇന്ത്യന്‍ പര്യടനം അനിശ്ചിതത്വത്തില്‍. ടീം വരെ പ്രഖ്യാപിച്ച ശേഷമാണ് ഇന്ത്യന്‍ പര്യടനത്തില്‍ നിന്നു പിന്മാറാനുള്ള സാഹചര്യം ബംഗ്ലാദേശില്‍ ഒരുങ്ങുന്നത്.
നവംബര്‍ മൂന്നിനാരംഭിക്കുന്ന മൂന്നു മത്സരങ്ങളുടെ ട്വന്റി20 പരമ്പരയാണു പ്രതിസന്ധിയിലായിരിക്കുന്നത്. പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ വരെ ഷാക്കിബ് അല്‍ ഹസന്റെ ക്യാപ്റ്റന്‍സിയില്‍ പ്രഖ്യാപിച്ച ശേഷമാണു കാര്യങ്ങള്‍ തകിടം മറിഞ്ഞത്.
ഇന്നു രാവിലെ മുതലാണു സംഭവങ്ങളുടെ തുടക്കം. ബംഗ്ലാദേശി ക്രിക്കറ്റര്‍മാര്‍ ധാക്കയില്‍ വാര്‍ത്താസമ്മേളനം വിളിക്കുന്നുവെന്ന വാര്‍ത്തയാണ് ആദ്യം പുറത്തുവന്നത്. ഷാക്കിബ്, മഹ്മദുള്ള റിയാദ്, മുഷ്ഫിഖര്‍ റഹിം എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
തുടര്‍ന്ന് തങ്ങളുയര്‍ത്തിയിരിക്കുന്ന 11 ആവശ്യങ്ങള്‍ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് അംഗീകരിച്ചില്ലെങ്കില്‍ അവര്‍ ക്രിക്കറ്റുമായി ബന്ധപ്പെട്ട ഒരു പ്രവര്‍ത്തികളിലും പങ്കെടുക്കില്ലെന്ന് പ്രഖ്യാപിക്കുകയായിരുന്നു.
എന്നാല്‍ തങ്ങളോട് ഇക്കാര്യം ഔദ്യോഗികമായി താരങ്ങള്‍ പറഞ്ഞിട്ടില്ലെന്നും ഇനി എത്രയും വേഗം ഈ പ്രശ്‌നം ചര്‍ച്ച ചെയ്തു പരിഹരിക്കുമെന്നും ബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് നിസാമുദ്ദീന്‍ ചൗധരി ക്രിക്ബസ്സിനോടു പറഞ്ഞു.
ഇന്ത്യക്കെതിരായ പരമ്പരയില്‍ മാത്രമല്ല ഈ ബഹിഷ്‌കരണം. ഇപ്പോള്‍ ബംഗ്ലാദേശില്‍ നടന്നുകൊണ്ടിരിക്കുന്ന നാഷണല്‍ ക്രിക്കറ്റ് ലീഗിലും അവര്‍ ബഹിഷ്‌കരണം നടത്തും.
ടെസ്റ്റ് ക്രിക്കറ്റ് ടീമില്‍ ഇടം നേടണമെങ്കില്‍ ആഭ്യന്തര ലീഗില്‍ കളിക്കണമെന്ന ബോര്‍ഡിന്റെ നിബന്ധന നിലനില്‍ക്കെയാണ് ബഹിഷ്‌കരണം.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
അഫ്ഗാനിസ്താനെതിരായ ഒരേയൊരു ക്രിക്കറ്റ് ടെസ്റ്റ് പരാജയപ്പെട്ടതിനു ശേഷമാണു കാര്യങ്ങള്‍ പുറത്തേക്കെത്തിയത്. ബംഗ്ലാദേശില്‍ ക്രിക്കറ്റിനെ വേണ്ടവിധത്തില്‍ പരിഗണിക്കുന്നില്ലെന്ന ആരോപണവുമായി ഷാക്കിബാണ് ആദ്യം രംഗത്തെത്തിയത്.
ബംഗ്ലാദേശില്‍ നടക്കുന്ന ധാക്ക പ്രീമിയര്‍ ലീഗ്, പ്രീമിയര്‍ ഡൊമസ്റ്റിക് ടൂര്‍ണമെന്റ് എന്നിവയ്ക്ക് പ്രതിഫലം ലഭിക്കുന്നില്ലെന്നതും താരങ്ങള്‍ ചൂണ്ടിക്കാട്ടി. പ്രാദേശിക താരങ്ങള്‍ക്കും വിദേശ താരങ്ങള്‍ക്കു നല്‍കുന്ന പ്രതിഫലം ലഭിക്കണമെന്നാണ് അവരുടെ ആവശ്യം.
ക്രിക്കറ്റേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഓഫ് ബംഗ്ലാദേശിനെ മോശമായാണ് കൈകാര്യം ചെയ്യുന്നതെന്നും താത്പര്യങ്ങളും പ്രശ്‌നങ്ങളുമൊക്കെ മാറ്റിനിര്‍ത്തുന്നതിനായി പുതുതായി അവിടെ തെരഞ്ഞെടുപ്പ് നടത്തണമെന്നതും താരങ്ങളുടെ ആവശ്യമാണ്.
മാത്രമല്ല, പ്രധാന കരാര്‍പ്പട്ടികയില്‍ കൂടുതല്‍ താരങ്ങളെ ഉള്‍പ്പെടുത്തണമെന്നും അവര്‍ക്ക് പ്രതിഫലം കൂട്ടണമെന്നും ആവശ്യമുണ്ട്.